പുതിയ നോട്ടുകളുടെ വലിപ്പം കുറച്ചത് പഴ്സുകളില്‍ വയ്ക്കാനുള്ള സൗകര്യത്തിന് വേണ്ടിയെന്ന് റിസര്‍വ് ബാങ്ക്

പഴ്സുകളില്‍ വയ്ക്കാനുള്ള സൗകര്യത്തിന് വേണ്ടിയാണ് പുതിയ നോട്ടുകളുടെ വലിപ്പം കുറച്ചതെന്ന് റിസര്‍വ് ബാങ്ക് ബോംബെ ഹൈക്കോടതിയെ അറിയിച്ചു. പുതിയ നോട്ടുകളും നാണയങ്ങളും തിരിച്ചറിയാനുള്ള ബുദ്ധിമുട്ടുകള്‍ വ്യക്തമാക്കി നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ദ ബ്ലൈന്‍ഡ് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണക്കവേയാണ് റിസര്‍വ് ബാങ്ക് ഇക്കാര്യം അറിയിച്ചത്.
ഡോളര്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര കറന്‍സികള്‍ക്ക് ഇന്ത്യയിലെ നോട്ടുകളേക്കാള്‍ വലിപ്പം കുറവാണെന്ന് റിസര്‍വ് ബാങ്കിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനായ വി.ആര്‍ ധോങ് കോടതിയില്‍ അറിയിച്ചു. ചീഫ്. ജസ്റ്റിസ് പ്രദീപ് നന്ദ്രജോഗ്, ജസ്റ്റിസ് ഭാരതി ദാംഗ്രേ എന്നവരാണ് വാദം കേട്ടത്.
കാഴ്ച വൈകല്യമുള്ളവര്‍ക്ക് സൗകര്യപ്രദമായ രീതിയിലാണ് പുതിയ നോട്ടുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നതെന്നും വി.ആര്‍ ധോങ് കോടതിയില്‍ വ്യക്തമാക്കി. കൂടാതെ പഴ്സില്‍ വയ്ക്കാവുന്ന താരത്തിലാകുമ്പോൾ നോട്ടുകള്‍ കീറുന്നതും മുഷിയുന്നതും ഒഴിവാക്കാമെന്നും, വലിപ്പം കുറച്ചുള്ള നോട്ടുനിര്‍മ്മാണം ഉല്‍പാദനച്ചെലവ് കുറയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം നോട്ടുകള്‍ ഇപ്പോള്‍ പഴ്സില്‍ വയ്ക്കുന്ന തരത്തിലായി. ഇനി പഴ്സ് വയ്ക്കാവുന്ന തരത്തില്‍ പോക്കറ്റുണ്ടാക്കും. അങ്ങനെ വസ്ത്രത്തിന്റെ ഡിസൈനര്‍ തീരുമാനിക്കുന്ന രീതിയിലാകും നോട്ടുകളുടെ ആകൃതിയെന്ന് ചീഫ് ജസ്റ്റിസ് പരിഹസിച്ചു.
https://www.facebook.com/Malayalivartha


























