ഗ്രഹണസമയത്ത് കുഞ്ഞുങ്ങളെ കുഴിയില്‍ മണ്ണിട്ടു മൂടി രക്ഷാകര്‍ത്താക്കള്‍; കര്‍ണാടക കല്‍ബുര്‍ഗിയിലെ അപൂർവ കാഴ്ച്ച

ശാസ്ത്രം എത്രതന്നെ വളർന്നു എന്ന് പറയുമ്പോളും സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് ഒട്ടേറെ അന്ധവിശ്വാസങ്ങള്‍ ഇന്ത്യയില്‍ ഇപ്പോഴും നിലവിലുണ്ട്. കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ ഇപ്പോഴും ഇത്തരം അനാചാരങ്ങള്‍ നിലവിലുണ്ട്. ഇവിടെയുള്ളവര്‍ സൂര്യഗ്രഹണ സമയത്ത് കൊച്ചുകുട്ടികളെ കുഴിയില്‍ മണ്ണിട്ടുമൂടുകയാണ് ചെയ്യുന്നത്. ഇങ്ങനെ ചെയ്താല്‍ കുട്ടികള്‍ക്ക് ത്വക്ക് രോഗമുണ്ടാവില്ലെന്നാണ് ഇവരുടെ വിശ്വാസം.
കര്‍ണാടക കല്‍ബുര്‍ഗിയിലെ താജ് സുല്‍ത്താന്‍പൂറിലാണ് ഈ അന്ധവിശ്വാസമുള്ളത്. ഗ്രഹണ സമയത്ത് മണ്ണില്‍ കുഴിയുണ്ടാക്കി ഇവര്‍ കുട്ടികളെ അതില്‍ ഇറക്കി നിര്‍ത്തും. എന്നിട്ട് തല മാത്രം പുറത്തു കാണുന്ന തരത്തില്‍ കുഴി മണ്ണിട്ടു മൂടും. 10 വയസ്സില്‍ താഴെയുള്ള കുട്ടികളെയാണ് കുഴിച്ചിടുക. ഇതുവഴി കുട്ടികളുടെ ചര്‍മ്മരോഗങ്ങള്‍ തടയുന്നതിനൊപ്പം അവര്‍ അംഗവൈകല്യത്തില്‍ നിന്ന് രക്ഷപ്പെടുമെന്നും ഇവര്‍ വിശ്വസിക്കുന്നു.
സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് ലോകമെങ്ങും ഒട്ടേറെ ഐതിഹ്യങ്ങളും വിശ്വാസങ്ങളും തെറ്റിദ്ധാരണകളുമുണ്ട്. സൂര്യഗ്രഹണസമയത്ത് അന്തരീക്ഷത്തില്‍ വിഷപദാര്‍ഥങ്ങളും മാരകരശ്മികവും സൃഷ്ടിക്കപ്പെടുന്നു എന്ന് വിശ്വസിക്കുന്നവരുണ്ട്. അത് തെറ്റാണ്. അങ്ങനെ ഒന്നും സംഭവിക്കുന്നില്ല. മറ്റൊന്ന് ഗ്രഹണസമയത്ത് പുറത്തിറങ്ങുന്നതോ യാത്ര ചെയ്യുന്നതോ അപകടമാണ് എന്ന ധാരണയാണ്. ഇതും ശരിയല്ല. പുറത്തിറങ്ങുന്നതിനും യാത്ര ചെയ്യുന്നതിനും തടസമില്ല. പക്ഷേ സൂര്യനെ നേരിട്ട് നോക്കരുതെന്നുമാത്രം. ഗ്രഹണസമയത്ത് ഭക്ഷണം കഴിക്കരുത്, ഭക്ഷണം ഉണ്ടാക്കരുത്, ഉറങ്ങരുത്, പ്രാഥിമകകൃത്യങ്ങള്‍ നിര്‍വഹിക്കരുത് തുടങ്ങിയ വിശ്വാസങ്ങള്‍ക്കും അടിസ്ഥാനമില്ല.
ഗ്രഹണം ഗര്‍ഭിണികള്‍ക്ക് ദോഷമാണെന്ന വിശ്വാസത്തിനും അടിത്തറയില്ലെന്നാണ് ശാസ്ത്രം പറയുന്നത്.
https://www.facebook.com/Malayalivartha
























