തബ്ലീഗ് ജമാഅത്ത് മേധാവി മൗലാന സാദിന്റെ 2 ബന്ധുക്കള്‍ക്ക് കോവിഡ്

നിസാമുദ്ദീന്‍ തബ്ലീഗ് ജമാഅത്ത് മേധാവി മൗലാന സാദിന്റെ അടുത്ത 2 ബന്ധുക്കള്‍ക്കു കോവിഡ്. ഉത്തര്‍പ്രദേശിലെ സഹാരന്‍പുരില്‍ താമസിക്കുന്ന ഇവര്‍ക്കു രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവരെ ഫത്തേപുരിലെ ആശുപത്രിയിലേക്കു മാറ്റിയെന്നും ജില്ലാ മജിസ്‌ട്രേട്ട് അഖിലേഷ് സിങ് വ്യക്തമാക്കി. ഇവര്‍ താമസിച്ചിരുന്ന മേഖലയെ ഹോട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. ഇവിടെ പൂര്‍ണ അടച്ചിടല്‍ നടപ്പാക്കിയെന്നും അണുവിമുക്തമാക്കാനുള്ള നടപടികള്‍ ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
നിസാമുദ്ദീന്‍ തബ്‌ലീഗ് സമ്മേളനത്തില്‍ ഇരുവരും പങ്കെടുത്തുവെന്ന വിവരം നേരത്തെ പൊലീസിനു ലഭിച്ചിരുന്നു. തന്മൂലം ഹോം ക്വാറന്റീനില്‍ കഴിയാന്‍ നിര്‍ദേശിച്ചിരുന്നു. നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത പലരും രോഗം ബാധിച്ചു മരിച്ച സാഹചര്യത്തില്‍ മൗലാന സാദ് ഉള്‍പ്പെടെ 6 പേര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അതിനിടെ, വ്യോമസേനാ ഹെലികോപ്റ്റര്‍ സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ദേശീയപാതയില്‍ അടിയന്തരമായി ഇറക്കി. കോവിഡ് രോഗികളുടെ പരിശോധനാ സാംപിളുകളുമായി പോയ ഹെലികോപ്റ്ററാണ് ബാഗ്പത് ജില്ലയിലെ മാവികലനില്‍ ദേശീയപാതയിലിറക്കിയത്. യുപി ഗാസിയാബാദിനോടു ചേര്‍ന്നുള്ള ഹിന്‍ഡന്‍ വ്യോമതാവളത്തില്‍ നിന്ന് ഇന്നലെ രാവിലെ 8-ന് ചണ്ഡിഗഡിലേക്കു പുറപ്പെട്ടതാണ് കോപ്റ്റര്‍.
https://www.facebook.com/Malayalivartha























