ഇന്നുമുതല്‍ കേന്ദ്ര ഇളവുകള്‍; നാളെ മുതല്‍ സംസ്ഥാനത്തെ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം; കൂടുതല്‍ ഇളവുകള്‍ ഇങ്ങനെ...

കേന്ദ്ര ഇളവുകളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനവും ഹോട്ടലുകള്‍ തുറക്കാന്‍ അനുമതി നല്‍കുകയുണ്ടായി ഇതിന്റെ അടിസ്ഥാനത്തില്‍. മലപ്പുറവും കോഴിക്കോടും കണ്ണൂരും ഒഴികെയുള്ള ജില്ലകളില്‍ നാളെ മുതല്‍ ഹോട്ടലുകള്‍ തുറക്കുമെന്ന് ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ അറിയിച്ചു. കര്‍ശന നിബന്ധനകള്‍ പാലിച്ച് ഇന്ന് മുതല്‍ ഹോട്ടലുകള്‍ തുറക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും ശുചീകരണത്തിനായി ഒരു ദിവസം കൂടി നീട്ടുകയായിരുന്നു.
സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കാന്‍ കഴിയുന്ന ഹോട്ടലുകള്‍ മാത്രമേ നാളെ തുറക്കുകയുള്ളൂ. അല്ലാത്തവ പാഴ്സല്‍ വിതരണം മാത്രമായി തുടരുമെന്നും അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. ജയപാല്‍ അറിയിച്ചു. സീറ്റിംഗ് ശേഷിയുടെ പകുതി ആളുകളെ മാത്രമേ ഹോട്ടലുകളില്‍ കയറ്റുകയുള്ളൂ. ഇതോടൊപ്പം മറ്റ് നിര്‍ദ്ദേശങ്ങളുമുണ്ട്.
കൊവിഡ് വ്യാപനം ക്രമാതീതമായി വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ മലപ്പുറത്തും കോഴിക്കോടും കണ്ണൂരും ഹോട്ടലുകള്‍ ജൂലൈ 15വരെ തുറക്കേണ്ടെന്നാണ് അതത് ജില്ലാ അസോസിയേഷനുകള്‍ തീരുമാനിച്ചത്. കൊവിഡ് വ്യാപന സമയത്ത് തുറന്നാല്‍ ഗുരുതര സാഹചര്യം ഉണ്ടാകുമെന്നാണ് ഹോട്ടലുടമകളുടെ നിലപാട്. അവിടങ്ങളിലും പാഴ്സല്‍ വിതരണം തുടരും.അതേസമയം സര്‍ക്കാരിന്റെ ചില മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ഹോട്ടലുടമകള്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്. ഹോട്ടലുകളില്‍ ആറടി അകലം പാലിക്കണം, ഓരോ ആള്‍ എഴുന്നേല്‍ക്കുമ്പോഴും ഇരിപ്പിടം അണുവിമുക്തമാക്കണം, പോകാനും വരാനും പ്രത്യേക വാതിലുകള്‍ വേണം എന്നീ നിബന്ധനകള്‍ ചെറുകിട ഹോട്ടലുടമകള്‍ക്ക് പ്രായോഗിക ബുദ്ധുമുട്ടുണ്ടാക്കും.
അതുപോലെതന്നെ ആരാധനാലയങ്ങളും മാളുകളും ഭക്ഷണശാലകളും തുറക്കുന്നതുള്‍പ്പെടെ, തീവ്ര കൊവിഡ് മേഖലയ്ക്കു പുറത്ത് കേന്ദ്രം പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഇളവുകള്‍ ഇന്ന് നിലവില്‍ വരും. രാജ്യത്ത് കൊവിഡ് കേസുകള്‍ രണ്ടര ലക്ഷം കടന്നതിനിടെയാണ് 'അണ്‍ ലോക്ക്- വണ്‍' എന്ന പേരില്‍ ആദ്യഘട്ട ഇളവുകള്‍. അതേസമയം, കേരളത്തില്‍ നിയന്ത്രണങ്ങളോടെയുള്ള അണ്‍ലോക്ക് ഇളവുകള്‍ നാളെ മുതല്‍ അനുവദിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.
രാജ്യമാകെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഈ 30 വരെ ലോക്ക് ഡൗണ്‍ തുടരും. തമിഴ്‌നാട്, പഞ്ചാബ്, മഹാരാഷ്ട്ര, യു.പി, തെലങ്കാന സംസ്ഥാനങ്ങള്‍ 30 വരെയും ബംഗാളും മദ്ധ്യപ്രദേശും 15 വരെയും ഇളവുകളോടെ ലോക്ക്ഡൗണ്‍ നീട്ടിയിട്ടുണ്ട്. മഹാരാഷ്ട്രയിലും ഒഡിഷയിലും,രാജസ്ഥാനിലും ആരാധനാലയങ്ങളും മാളുകളും ജൂണ്‍ 30 വരെ തുറക്കില്ല. ഗോവയില്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ മതനേതൃത്വങ്ങള്‍ അനുകൂലിച്ചിട്ടില്ല. കൊവിഡ് രൂക്ഷമായ ഡല്‍ഹിയില്‍ മാളുകളും ആരാധനാലയങ്ങളും റസ്റ്റോറന്റുകളും തുറക്കും. അതിര്‍ത്തികളും തുറന്നു. ഹരിയാനയില്‍ ഗുഡ്ഗാവ്, ഫരീദാബാദ് ജില്ലകളിലൊഴികെ മാളുകളും ആരാധനാലയങ്ങളും റസ്റ്റോറന്റുകളും അനുവദിക്കും. ഗുജറാത്തില്‍ ആരാധനാലയങ്ങളില്‍ ദര്‍ശനം മാത്രമേ അനുവദിക്കൂ. പശ്ചിമബംഗാളില്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതിയുണ്ട്.
താജ്മഹല്‍ ഉള്‍പ്പെടെ 3691 ചരിത്ര സ്മാരകങ്ങള്‍ തുറക്കുന്നതില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ തീരുമാനമെടുത്തിട്ടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് ജൂലായിലെ അണ്‍ലോക്ക് രണ്ടാം ഘട്ടത്തിലേ തീരുമാനിക്കൂ. സിനിമാ തിയേറ്ററുകള്‍, ജിംനേഷ്യം, നീന്തല്‍ക്കുളങ്ങള്‍, വിനോദ പാര്‍ക്കുകള്‍, ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍, അസംബ്‌ളി ഹാളുകള്‍, പൊതു ചടങ്ങുകളും കൂട്ടായ്മകളും തുടങ്ങിയവ അനുവദിക്കുന്നതിലെ തീരുമാനം മൂന്നാംഘട്ടത്തിലുണ്ടാകും.മാസ്‌ക്, സാമൂഹ്യ അകലം എന്നിവ സംബന്ധിച്ച നിബന്ധനകള്‍ തുടരും. മാര്‍ച്ച് 25 നാണ് രാജ്യവ്യാപക ലോക്ക് ഡൗണ്‍ തുടങ്ങിയത്.
https://www.facebook.com/Malayalivartha























