നരേന്ദ്രമോദി കോവിഡ് പ്രതിരോധത്തില്‍ പൂര്‍ണ പരാജയമെന്ന് അരുന്ധതി റോയിയുടെ വിമര്‍ശനം

എഴുത്തുകാരി അരുന്ധതി റോയ് കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്ത്. മാധ്യമപ്രവര്‍ത്തകനായ താരിഖ് അലി, ബ്രിട്ടിഷ് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ എന്നിവരുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സില്‍ കോവിഡിനെ നേരിടുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പൂര്‍ണ പരാജയമാണെന്ന് അരുന്ധതി റോയ് അഭിപ്രായപ്പെട്ടു.
കോവിഡ് പടരുമ്പോഴും സിഎഎ പ്രക്ഷോഭകരെ അറസ്റ്റ് ചെയ്യാനായിരുന്നു കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധിച്ചതെന്നും അവര്‍ കുറ്റപ്പെടുത്തി. ലോക്ഡൗണിനു ശേഷവും രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതടക്കം ചൂണ്ടിക്കാട്ടിയാണ് അരുന്ധതിയുടെ വിമര്‍ശനം.
അതിഥി തൊഴിലാളികള്‍ നഗരങ്ങളില്‍ കുടുങ്ങിപ്പോയി, അവര്‍ ഒന്നുമില്ലാതെ വീടുകളിലേക്കു മടങ്ങേണ്ടി വന്നു. ലോക്ഡൗണ്‍ എടുത്തുമാറ്റിയതിനു ശേഷം ഇന്ത്യയിലേതു പോലെ മറ്റൊരിടത്തും കോവിഡ് ഗ്രാഫ് ഇങ്ങനെ കുത്തനെ ഉയര്‍ന്നിട്ടില്ലെന്നും അരുന്ധതി റോയ് കുറ്റപ്പെടുത്തി. രാജ്യത്തിന്റെ സാമ്പത്തിക രംഗം പൂര്‍ണമായും തകരുകയും വൈറസ് വ്യാപനം വര്‍ധിക്കുകയുമാണ് ചെയ്തത്.
ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചതിനു ശേഷവും ഇവിടെ ഒന്നും മാറിയില്ല. കോവിഡ് വ്യാപനം തുടങ്ങിയപ്പോള്‍ തന്നെ വിമാനത്താവളങ്ങള്‍ അടച്ചിടേണ്ടിയിരുന്നു. എന്നാല്‍ വിമാനത്താവളങ്ങള്‍ എല്ലാം തുറന്നു പ്രവര്‍ത്തിച്ചു. നമസ്തേ ട്രംപ് പരിപാടിക്കായി ആയിരങ്ങളാണ് യുഎസില്‍ നിന്ന് ഇന്ത്യയിലെത്തിയതെന്നും അരുന്ധതി കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ക്ക് ആവശ്യമായ സമയം നല്‍കാതെ നടപ്പിലാക്കിയ ലോക്ഡൗണ്‍ ലോകത്തിലെ ഏറ്റവും ശിക്ഷാര്‍ഹമായ ലോക്ഡൗണുകളില്‍ ഒന്നാണെന്നും അവര്‍ പറഞ്ഞു.
ഇതിനിടെ, ലോക്ഡൗണില്‍ നിന്ന് പുറത്തുകടക്കാനുള്ള ആദ്യഘട്ട ഇളവുകള്‍ തിങ്കളാഴ്ച പ്രാബല്യത്തിലാകാനിരിക്കെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ രോഗികളായത് 9,971 പേര്‍. ഇന്ത്യ സ്‌പെയിനിനെ മറികടന്ന് ലോകരാജ്യങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി. ഇളവുകള്‍ നടപ്പാക്കുന്നതിന് കുറേകൂടി കര്‍ശനമായ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha























