ഇന്ത്യ-ചൈന നയതന്ത്ര ബന്ധം ദൃഢമാക്കാന്‍ എത്രയും വേഗം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണമെന്ന് സേനാ കമാന്‍ഡര്‍മാര്‍, അതിര്‍ത്തിയില്‍ സേനാംഗങ്ങളെ ദ്രുതഗതിയില്‍ വിന്യസിക്കുന്നതിന്റെ വിഡിയോ പുറത്തുവിട്ട് ചൈനയുടെ പ്രകോപനം

ഇന്ത്യയുടെയും ചൈനയുടെയും ഉന്നത സേനാ കമാന്‍ഡര്‍മാരുടെ യോഗത്തില്‍ അതിര്‍ത്തിത്തര്‍ക്കം രമ്യമായി പരിഹരിക്കുന്നതിന് ധാരണയായതായി വിദേശകാര്യ മന്ത്രാലയം. നയതന്ത്ര, സേനാതലങ്ങളില്‍ ചര്‍ച്ചകള്‍ തുടരും. ഉഭയകക്ഷി കരാറുകളുടെയും രാഷ്ട്രീയ നേതൃത്വങ്ങള്‍ തമ്മിലുള്ള ധാരണകളുടെയും അടിസ്ഥാനത്തില്‍ പ്രശ്‌നം സമാധാനപരമായി പരിഹരിക്കേണ്ടതുണ്ടെന്നു സേനാ കമാന്‍ഡര്‍മാര്‍ ചൂണ്ടിക്കാട്ടിയതായി ഇന്നലെ രാവിലെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യന്‍ കരസേനാ ലഫ്. ജനറല്‍ ഹരീന്ദര്‍ സിങ്ങും ചൈനീസ് സേനാ മേജര്‍ ജനറല്‍ ലിയു ലിന്നും തമ്മില്‍ കിഴക്കന്‍ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണ രേഖയോടു (എല്‍എസി) ചേര്‍ന്നുള്ള ചുഷൂല്‍ സെക്ടറില്‍ ചൈനീസ് മേഖലയിലുള്ള മോള്‍ഡോയില്‍ ശനിയാഴ്ച നടത്തിയ ചര്‍ച്ചയ്ക്കു ശേഷമുള്ള ഇന്ത്യയുടെ ആദ്യ ഔദ്യോഗിക പ്രതികരണമാണിത്. അതേസമയം, ഇക്കാര്യത്തില്‍ ചൈന മൗനം പാലിക്കുകയാണ്.
നയതന്ത്ര ബന്ധം ദൃഢമാക്കാന്‍ എത്രയും വേഗം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണമെന്നു സേനാ കമാന്‍ഡര്‍മാര്‍ അഭിപ്രായപ്പെട്ടു. കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ കേണല്‍, ബ്രിഗേഡിയര്‍ തലങ്ങളില്‍ അതിര്‍ത്തിയില്‍ സേനാ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തും.
കടന്നുകയറ്റം ലക്ഷ്യമിട്ട് അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്ന ചൈനീസ് സേന പിന്‍മാറണമെന്ന ആവശ്യത്തില്‍ ഇന്ത്യ ഉറച്ചുനില്‍ക്കുകയാണ്, അതിര്‍ത്തിയോടു ചേര്‍ന്നുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യത്തില്‍ ചൈനയും. ഈ വിഷയങ്ങളില്‍ പരിഹാരം ലക്ഷ്യമിട്ടുള്ള ചര്‍ച്ചകളാവും വരും ദിവസങ്ങളില്‍ നടക്കുക. ചര്‍ച്ചയ്ക്കു ശേഷം കശ്മീരിലെ ലേയിലുള്ള 14 കോര്‍ സേനാ കേന്ദ്രത്തില്‍ മടങ്ങിയെത്തിയ ഹരീന്ദര്‍, സംയുക്ത സേനാ മേധാവി, കരസേനാ മേധാവി എന്നിവരെ വിവരങ്ങള്‍ ധരിപ്പിച്ചു.
ചര്‍ച്ചയ്ക്കു പിന്നാലെ, അതിര്‍ത്തിയില്‍ സേനാംഗങ്ങളെ ദ്രുതഗതിയില്‍ വിന്യസിക്കുന്നതിന്റെ വിഡിയോ പുറത്തുവിട്ട് ചൈനയുടെ പ്രകോപനം. കഴിഞ്ഞ മേയ് 14-ന്് നടത്തിയ സേനാഭ്യാസത്തിന്റെ വിഡിയോ ദൃശ്യങ്ങളാണിത്. മധ്യ ചൈനയിലെ ഹ്യൂബെയ് പ്രവിശ്യയില്‍ നിന്നു വടക്കു പടിഞ്ഞാറന്‍ മേഖലയിലെ ഉയര്‍ന്ന പ്രദേശത്തേക്ക് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ സേനാംഗങ്ങളെ വിന്യസിക്കുന്നതാണു ദൃശ്യങ്ങളിലുള്ളത്.
ഇന്ത്യയെ മാനസികമായി സമ്മര്‍ദത്തിലാക്കാനുള്ള തന്ത്രമാണിതെന്നും ഇത്തരം രീതികള്‍ ചൈന മുന്‍പും പരീക്ഷിച്ചിട്ടുണ്ടെന്നും സേനാ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. സേനാംഗങ്ങളെ വിമാനമാര്‍ഗവും ടാങ്ക്, സായുധ വാഹനങ്ങള്‍ എന്നിവയടക്കമുള്ള സന്നാഹങ്ങള്‍ ട്രെയിനിലുമാണ് എത്തിച്ചത്.
https://www.facebook.com/Malayalivartha























