കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ ആര്.ബി.ഐ ഗവര്‍ണര്‍; വായ്പയെടുത്തു മുങ്ങുന്നവരെ സര്‍ക്കാര്‍ സഹായിക്കുന്നു; റിസര്‍ബാങ്കിന്റെ അധികാരങ്ങലില് സര്‍ക്കാര്‍ വെള്ളം ചേര്‍ക്കുന്നുവെന്ന് ഊര്‍ജിത് പട്ടേല്‍
കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍. വായ്പയെടുത്തു മുങ്ങുന്നവരെ സഹായിക്കുന്ന നിലപാട് കേന്ദ്ര സര്ക്കരിന്റെതെന്നാണ് അദ്ദേഹത്തിന്റെ കുറ്റപ്പെടുത്തല്‍. റിസര്‍വ് ബാങ്കിന്റെ അധികാരങ്ങള്‍ ദുര്‍ബലപ്പെടുത്തിയതിനും പാപ്പരായി പ്രഖ്യാപിക്കുന്നതിനുള്ള ചട്ടത്തില്‍ വെള്ളം ചേര്ത്തതിനെതിരെയുമാണ് വിമര്‍ശനം ഉന്നയിച്ചത്. വായ്പാ തിരിച്ചടവുകളുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള 2014 മുതലുള്ള ശ്രമങ്ങളെ ഇത് വ്യര്ഥമാക്കിയെന്നും ഊര്‍ജിത് പട്ടേല്‍ ആരോപിക്കുന്നു.
തന്റെ പുതിയ പുസ്തകമായ ഓവര്ഡ്രാഫ്റ്റ്സേവിങ് ദി ഇന്ത്യന്‍ സേവര്‍ എന്ന പുസ്തകത്തിലാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. 'സുപ്രീം കോടതിയുടെ 2019ലെ വിധിയില്‍ ആര്.ബി.ഐയുടെ 2018ലെ പാപ്പര്‍ നടപടിക്കുള്ള ഉത്തരവ് പ്രശ്നമാണെന്ന് പറഞ്ഞിരുന്നില്ല. പക്ഷെ എന്നിട്ടും അതിനു ശേഷമുള്ള ജൂണില്‍ റിസര്‍വ് ബാങ്ക് സര്‍ക്കുലറില്‍ വെള്ളം ചേര്‍ക്കുകയായിരുന്നു. ഇത് ഫലത്തില്‍ വായ്പാ തിരിച്ചടവ് മുടക്കുന്നവരെ രക്ഷപ്പെടുത്താനാണ് നടപടി സഹായിച്ചത്.' ഊര്‍ജിത് പട്ടേല്‍ ആരോപിച്ചു.
പട്ടേല്‍ ഗവര്‍ണറായിരുന്നപ്പോള്‍ പുറത്തിറക്കിയ 2018 ഫെബ്രുവരിയിലെ സര്‍ക്കുലര്‍, വായ്പാ തിരിച്ചടവ് വൈകിക്കുന്നവരേയും മുടക്കം വരുത്തുന്നവര്‍ക്കെതിരെയും വേഗത്തില്‍ നടപടിയിലേക്ക് കടക്കാന്‍ ബാങ്കുകളെ സഹായിച്ചിരുന്നു. ഇതു വഴി വലിയ വീഴ്ചവരുത്തിയവര്‍ക്കെതിരേ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലില്‍ നടപടിക്ക് വിധേയരാക്കാനും സാധ്യമായിരുന്നു. 'കോടതിയില്‍ ആര്.ബി.ഐയ്ക്ക് വേണ്ടി ഹാജരാവേണ്ടിയിരുന്ന അഭിഭാഷകര്‍ അവസാന നിമിഷമാണ് പിന്‍വാങ്ങുന്നത്. അക്ഷരാര്‍ഥത്തില്‍ വാദം കേള്‍ക്കുന്നതിന്റെ തലേദിവസം രാത്രിയാണ് അവര്‍ കേസുപേക്ഷിക്കുന്നത്. 2018ലെ ഉത്തരവ് റദ്ദാക്കുന്നത് മൊത്തം ചട്ടത്തെ ദുര്‍ബലമാക്കി.' ഊര്‍ജിത് പട്ടേല്‍ പുസ്തകത്തില്‍ പറയുന്നു. 2018ലാണ് സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഊര്‍ജിത് പട്ടേല്‍ രാജിവെക്കുന്നത്.
https://www.facebook.com/Malayalivartha