അശാന്തിയുടെ ബംഗാൾ... ശാരദയും നാരദയും കൂടി ബംഗാളിൽ രാഷ്ട്രപതി ഭരണം കൊണ്ടുവരുമോ? ബംഗാൾ കലുഷിതമാകുന്നു!

കടുവ കൂടുതൽ അപകടകാരിയാണോ? പ്രത്യേകിച്ച് മുറിവേറ്റകടുവ ' v ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ മമതാ ബാനർജി പറഞ്ഞത് - താൻ മുറിവേറ്റ കടുവയാണ് എന്ന്.
തിരഞ്ഞെടുപ്പിന് ശേഷം മമതയുടെ ശൗര്യം വർധിച്ചെങ്കിലും മുറിവേറ്റത് ബി ജെ പി യ്ക്ക് ആയിരുന്നു. എന്തായാലും ബംഗാളിൽ ഇപ്പോൾ പരുക്കേറ്റ രണ്ടു മൃഗങ്ങളുടെ പോരാട്ടമാണ് നടക്കുന്നത്. അടുത്ത കാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ പോരാട്ടങ്ങളിൽ ഒന്നായിരുന്നു ബംഗാളിൽ നടന്നത്. മമതയ്ക്ക് മുൻപിൽ തോൽക്കെണ്ടി വന്നത് രാഷ്ട്രീയ മഹാരഥൻമാരെ അലോസരപ്പെടുത്തിയിരിക്കുകയാണ്.
തിരഞ്ഞെടുപ്പിന് മുൻപ് ശാരദചിട്ടിക്കേസുമായി ബന്ധപ്പെട്ട് തൃണമൂലിനെ കേന്ദ്രം വേട്ടയാടിയെങ്കിൽ, നാരദ കേസുമായി ബന്ധപ്പെട്ടാണ് തിരഞ്ഞെടുപ്പിനു ശേഷം ആക്രമണം തുടരുന്നത്.
ആരും ഒരിഞ്ചുപോലും പിന്നോട്ടു പോകില്ലെന്ന വാശിയിൽ മമതയും തുനിഞ്ഞിറങ്ങിയതോടെ ബംഗാൾ അശാന്തിയിലേക്ക് നീങ്ങുകയാണ്. നാരദ കേസ് തിരഞ്ഞെടുപ്പിന് ശേഷമാണ് ചൂട് പിടിച്ചത്.2014-ൽ തെഹൽക മാഗസിനു വേണ്ടി നടത്തിയ സ്റ്റിങ് ഓപ്പറേഷനാണ് നാരദ. എന്നാൽ ഇത് പുറത്തുവന്നത് 2016ൽ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് നാരദന്യൂസ് പോർട്ടലിലൂടെയായിരുന്നു. മലയാളിയായ മാത്യു സാമുവലിൻ്റെ നേതൃത്യത്തിലായിരുന്നു ഓപ്പറേഷൻ ഇംപെക്സ് കൺസൽറ്റൻസി സൊലൂഷൻസ് എന്ന വ്യാജ കമ്പനിയുടെ പ്രതിനിധികളായി ഇവർ തൃണമൂൽ എം എൽ എ മാരെയും എം പിമാരെയും സമീപിച്ചു.
കമ്പനിക്ക് ആവശ്യമായ സൗകര്യങ്ങൾ ചെയ്താൽ വൻ തുക കൈക്കൂലി വാഗ്ദാനം ചെയ്ത താണ് നേതാക്കളെ സമീപിച്ചത്. നോട്ടുകെട്ടുകൾ സ്വീകരിക്കുന്ന ദൃശ്യങ്ങൾ നാരദ പുറത്തുവിട്ടു.നാരദ കൈക്കൂലി കേസിലെ 12 പ്രതികളിൽ മുഖ്യ പേരുകാരാണ് സുവേന്ദുവും ബി ജെ പിയുടെ ദേശീയ വൈസ് പ്രസിഡൻ്റ് എം എൽ എ യുമായ മുകുൾ റോയിയും - സംഭവം നടക്കുമ്പോൾ എംപിമാരായിരുന്ന ഇരുവർക്കുമെതിരെ നടപടിക്ക് അനുമതി തേടി രാജ്യസഭാ ചെയർമാനും ലോക്സഭാ സ്പീക്കർക്കും സിബിഐ കത്തു നൽകിയിട്ട് ഒരു വർഷത്തിലേറെയായിട്ടും മൗനമാണ്.ഇതിനെതിരെ തൃണമൂൽ ശക്തമായ പ്രതിഷേധമാണ് ഉയർത്തുന്നത്.
പ്രതിഷേധം തെരുവിലേക്കിറങ്ങിയാൽ ബംഗാൾ വീണ്ടും കലുഷിതമാകും.' ബംഗാളിൽ ബിജെപി വെള്ളവും വളവും നൽകുന്നത് ഗവർണർ ആണെന്നാണ് പരക്കെ വർത്തമാനം - മമതയുമായി നേരിട്ട് യുദ്ധം നടത്തുന്നതിന് മുൻപന്തിയിൽ നിൽക്കുന്നത് ഗവർണർ എന്നാണ് നാട്ടുവർത്തമാനം -തൃണമൂൽ നേതാവ് കല്യാൺ ബാനർജി ഗവർണറെ വിശേഷിപ്പിച്ചത് പേപ്പട്ടി എന്നാണ്.
ബംഗാൾ ഭരിക്കാൻ മമതയെ ബിജെപി അനുവദിക്കുമോ? ബംഗാളിൽ രക്തവും വിയർപ്പും ഒഴുക്കിയ ബി ജെ പി യ്ക്ക് കിട്ടിയ തിരിച്ചടി താങ്ങാൻ കഴിയുന്നതിന് അപ്പുറമാണ് - കേന്ദ്രഏജൻസികളെയും ഗവർണറെയും ഉപയോഗിച്ച് ഭരണം അസ്ഥിരപ്പെടുത്താനാണ് നീക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ നിഗമനം. കൊൽക്കത്തയിൽ സമ്പൂർണ നിയമരാഹിത്യവും അരാജകത്വവുമാണ് കണ്ടത്.
ഇത്തരമൊരു അവസ്ഥ ഉണ്ടാകുന്നതിൻ്റെയും ഭരണഘടനാ സംവിധാനങ്ങൾ പരാജയപ്പെടുന്നതിൻ്റെയും പ്രത്യാഘാതങ്ങളെക്കുറിച്ചു മുഖ്യമന്ത്രി ചിന്തിക്കണം എന്നാണ് ഗവർണർ പറഞ്ഞിരിക്കുന്നത്.ഈ വാക്കുകളിൽ ലക്ഷ്യമിടുന്നത് എന്താണെന്ന് ഏവർക്കും വായിച്ചെടുക്കാൻ കഴിയുമല്ലോ?
"
https://www.facebook.com/Malayalivartha



























