ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് കത്തീഡ്രല്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി

ഈസ്റ്റര്‍ ദിനത്തില്‍ ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് കത്തീഡ്രല്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇരുപത് മിനിറ്റിലേറെ പള്ളിയില്‍ മോഡി ചെലവിട്ടു. പള്ളിയില്‍ പ്രവേശിച്ച അദ്ദേഹം പ്രാര്‍ഥനകളുടെ ഭാഗമാവുകയും കത്തീഡ്രലിലെ ക്വയര്‍ സംഘത്തിന്റെ പാട്ടുകള്‍ കേള്‍ക്കുകയും ചെയ്തു. തുടര്‍ന്ന് ദേവാലയ മുറ്റത്ത് വൃക്ഷത്തൈ നട്ടതിനു ശേഷമാണ് അദ്ദേഹം മടങ്ങിയത്. അദ്ദേഹം ആരുമായും ആശയവിനിമയം നടത്തുകയോ രാഷ്ട്രീയ കാര്യങ്ങള്‍ സംസാരിക്കുകയോ ചെയ്തില്ലെന്നാണ് വിവരം. ആദ്യമായാണ് ഒരു പ്രധാനമന്ത്രി ഇത്തരത്തില്‍ ദേവാലയത്തില്‍ സന്ദര്‍ശനം നടത്തുന്നതെന്നും അത് നല്‍കുന്ന സന്ദേശം വളരെ വലുതാണെന്നും സഭാനേതൃത്വം വ്യക്തമാക്കി.
ക്രൈസ്തവ സഭകളുമായി അടുക്കാന്‍ ബിജെപി ശ്രമിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ദേവാലയ സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നിരുന്നു. സമൂഹത്തില്‍ ഐക്യം ശക്തിപ്പെടുത്താനും ജനങ്ങളെ സേവിക്കാനും താഴെക്കിടയിലുള്ളവരെ ശക്തീകരിക്കാനും കഴിയട്ടെയെന്ന് പ്രധാനമന്ത്രി പറഞ്ഞു. യേശുക്രിസ്തുവിന്റെ ചിന്തകളെ നാം ഓര്‍മിക്കുന്ന ദിവസമെന്നും മോദി ട്വീറ്റ് ചെയ്തു.
ന്യൂനപക്ഷങ്ങളോടുള്ള പിന്തുണ തെളിയിക്കുന്നതാകും പ്രധാനമന്ത്രിയുടെ സന്ദര്‍ശനമെന്നു ഫാ. ഫ്രാന്‍സിസ് സ്വാമിനാഥന്‍ പറഞ്ഞു. ''പ്രധാനമന്ത്രി വരുമെന്ന് അറിഞ്ഞതില്‍ ഞങ്ങള്‍ ആവേശഭരിതരാണ്. പ്രധാനമന്ത്രി പദവിയിലിരിക്കെ ഒരാള്‍ ചര്‍ച്ച് സന്ദര്‍ശിക്കുന്നത് ആദ്യമാണെന്നു കരുതുന്നു. പ്രധാനമന്ത്രി നേരിട്ടു വരുന്നത് വലിയൊരു സന്ദേശമാണ്. ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളെ അദ്ദേഹം സംരക്ഷിക്കുമെന്ന് ഞങ്ങള്‍ക്ക് അറിയാം'' ഫാ. ഫ്രാന്‍സിസ് സ്വാമിനാഥന്‍ വാര്‍ത്താ ഏജന്‍സി എഎന്‍ഐയോടു പറഞ്ഞു.
https://www.facebook.com/Malayalivartha
























