വിമാനത്തിലെ ട്രേ ടേബിളിൽ വെച്ച് യാത്രക്കാരൻ ലഘുഭക്ഷണം കഴിക്കുമ്പോൾ പാറിപ്പറന്ന് പാറ്റ, ഇത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കുന്നതല്ല... ഇൻഡിഗോയുടെ സേവനത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി യാത്രക്കാരൻ

വിമാനത്തിൽ യാത്രക്കാരുടെ മോശം പെരുമാറ്റം ചർച്ചയാകുന്നതിനിടെ ഇൻഡിഗോയിൽ തനിക്കുണ്ടായ മോശം അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഒരു യാത്രക്കാരൻ. ഇൻഡിഗോ വിമാനത്തിന്റെ ട്രേ ടേബിളിൽ പാറ്റയെ കണ്ടെത്തിയിരിക്കുകയാണ്. ഇതാദ്യമായല്ല ഇൻഡിഗോ വിമാനത്തിൽ പാറ്റ കയറി യാത്രക്കാർക്ക് ശല്യമുണ്ടാക്കുന്നത്. മുംബൈ-ഭുവനേശ്വർ വിമാനത്തിൽ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്.
ട്രേടേബിളിൽ വെച്ച് യാത്രക്കാരൻ ലഘുഭക്ഷണം കഴിക്കുമ്പോൾ പാറ്റയെത്തുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. ഇൻഡിഗോയുടെ സേവനത്തിൽ കടുത്ത അതൃപ്തിയുണ്ടെന്ന് ദുരനുഭവം നേരിട്ട യാത്രക്കാരൻ വിമാനക്കമ്പനിക്കെതിരെ കടുത്ത വിമർശനമാണ് ഉയർത്തിയത്. വിമാനത്തിന് വൃത്തിയുണ്ടായിരുന്നില്ല. ഇത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ സമാനമായ രീതിയിൽ സംഗീത സംവിധായകൻ റിക്കി രാജും പരാതി ഉയർത്തിയിരുന്നു.
പട്നയിൽ നിന്നും ഡൽഹിയിലേക്കുള്ള വിമാനത്തിൽ പാറ്റയെ കണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി. ഒക്ടോബർ 13ന് നടന്ന സംഭവത്തിന്റെ വിഡിയോയും അദ്ദേഹം പങ്കുവെച്ചിരുന്നു. ഇൻഡിഗോ മാത്രമല്ല ഇന്ത്യയിലെ മറ്റൊരു വിമാന കമ്പനിയായ എയർ ഇന്ത്യയും ഈയടുത്ത് യാത്രക്കാർക്ക് നേരിട്ട മോശം അനുഭവത്തിന്റെ പേരിൽ പഴി കേട്ടിരുന്നു. എയർ ഇന്ത്യ യാത്രയിലെ മോശം അനുഭവത്തെ കുറിച്ച് യു.എൻ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തൽ നടത്തിയതോടെയാണ് കമ്പനി പ്രതിസന്ധിയിലായത്.
അതേസമയം കഴിഞ്ഞ ദിവസം മദ്യലഹരിയിൽ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ യാത്രക്കാരൻ തുറക്കാന്‍ ശ്രമിച്ച സംഭവവും ഉണ്ടായി.
ഇയാൾ എയർഹോസ്റ്റസിനോടും തട്ടിക്കയറി. ഡല്‍ഹിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിലായിരുന്നു മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരന്റെ പരാക്രമം. പിന്നീട് യാത്രക്കാരനെ അറസ്റ്റ് ചെയ്തതായി ഇന്‍ഡിഗോ ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കി.
പ്രതീക് എന്ന നാൽപ്പതു വസുകാരനാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാവിലെ എട്ടോടെ 6ഇ 308 എന്ന വിമാനത്തിലായിരുന്നു സംഭവം. ഇത് വിമാനത്തിലെ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുകയും തുടർന്ന് ക്യാപ്റ്റനെ വിവരമറിയിക്കുകയായിരുന്നു.
വിമാനത്തിലെ യാത്രക്കാരുടെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കമ്പനി തയാറല്ലെന്നും അപമര്യാദയായും മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കും വിധവും പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കുമെന്നും ഇന്‍ഡിഗോ കൂട്ടിച്ചേര്‍ത്തു. ബെംഗളൂരുവില്‍ എത്തിയ ഉടന്‍ യാത്രക്കാരനെ സിഐഎസ്എഫിന് കൈമാറി. വിമാനത്താവളത്തിലെ പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.
https://www.facebook.com/Malayalivartha
























