അപകീര്‍ത്തിക്കേസ്... കോടതിയുടെ വിധി സ്‌റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ അപേക്ഷയില്‍ സെഷന്‍സ് കോടതി 20നു വിധി പറയും

അപകീര്‍ത്തിക്കേസില്‍ 2 വര്‍ഷം തടവുശിക്ഷ വിധിച്ച സൂറത്ത് മജിസ്‌ട്രേട്ട് കോടതിയുടെ വിധി സ്‌റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ അപേക്ഷയില്‍ സെഷന്‍സ് കോടതി 20നു വിധി പറയും. രാവിലെ മുതല്‍ വിശദമായ വാദം കേട്ട കോടതി അപേക്ഷ വിധി പറയാനായി മാറ്റി. അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി റോബിന്‍ മൊഗ്രെയാണ് കേസ് പരിഗണിക്കുന്നത്.
പ്രധാനമന്ത്രിയെ വിമര്‍ശിച്ചതിനാണ് രാഹുല്‍ഗാന്ധിക്കെതിരെ കേസെടുത്തത്. പ്രസംഗം വീണ്ടും പരിശോധിക്കണമെന്നും പ്രസംഗത്തില്‍ നിന്ന് ചില വാക്കുകള്‍ അടര്‍ത്തി മാറ്റി വ്യാഖ്യാനിച്ചുവെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു. പരാമര്‍ശം മൂലം ബുദ്ധിമുട്ടുണ്ടായ ആളാണ് പരാതി നല്‍കേണ്ടതെന്നും പരാതിക്കാരന്റെ പശ്ചാത്തലം കോടതി പരിശോധിക്കണമെന്നും അഭിഭാഷകന്‍ അഭ്യര്‍ഥിച്ചു.
സ്‌റ്റേ ഉത്തരവുണ്ടായില്ലെങ്കില്‍ രാഹുലിന്റെ അയോഗ്യത തുടരും. അങ്ങനെ വന്നാല്‍, വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങും. മജിസ്‌ട്രേട്ടു കോടതി മാര്‍ച്ച് 23നു 2 വര്‍ഷം തടവുശിക്ഷ വിധിക്കുമ്പോള്‍ അപ്പീലിനായി 30 ദിവസത്തെ സാവകാശം നല്‍കിയിരുന്നു. ഈ സമയപരിധി വരെ കാക്കാനാണ് നിലവില്‍ തിരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനം. അതേസമയം, സ്‌റ്റേ അനുവദിക്കപ്പെട്ടാല്‍ രാഹുലിന്റെ ലോക്‌സഭാംഗത്വം പുന:സ്ഥാപിക്കപ്പെടും.
പരാതിക്കാരനായ പൂര്‍ണേശ് മോദിക്കു വേണ്ടി ഹാജരായ ഹര്‍ഷിത് തോലിയ കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ സമയം ആവശ്യപ്പെട്ടു. ഇതിനെ രാഹുലിന്റെ അഭിഭാഷകന്‍ ആര്‍.എസ്. ചീമ എതിര്‍ത്തു. സ്‌റ്റേ അനുവദിക്കാന്‍ കഴിയാത്തവിധം ഗുരുതര കുറ്റമല്ല രാഹുലിന്റെ പേരിലുള്ളതെന്നും സ്‌റ്റേ നല്‍കാനുള്ള വിവേചനാധികാരം കോടതി ഉപയോഗിക്കണമെന്നും ആര്‍.എസ്. ചീമ വാദിച്ചു.
https://www.facebook.com/Malayalivartha
























