ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍

ദില്ലി മദ്യ നയക്കേസില്‍ തന്നോട് സിബിഐ ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സിബിഐയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെജ്രിവാള്‍. 56 ചോദ്യങ്ങളാണ് തന്നോട് ചോദിച്ചത്.
സിബിഐയുടെ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കി. സത്യസന്ധതയില്‍ പാര്‍ട്ടി വിട്ടുവീഴ്ച ചെയ്യില്ല. മദ്യനയ കേസ് അടിസ്ഥാനമില്ലെന്നും കേസ് വൃത്തികെട്ട രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും കെജ്രിവാള്‍ പറഞ്ഞു. തെളിവിന്റെ തരിമ്പ് പോലും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒമ്പത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അരവിന്ദ് കെജ്രിവാള്‍ സിബിഐ ഓഫീസ് വിട്ടത്. ഇന്ന് രാവിലെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ അടക്കമുള്ള നേതാക്കള്‍ക്കൊപ്പമാണ് കെജ്രിവാള്‍ ദില്ലിയിലെ സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് എത്തിയത്.
രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമായിരുന്നു ചോദ്യം ചെയ്യലിന് ഹാജരായത്. അതേസമയം കെജ്രിവാളിനെ ചോദ്യം ചെയ്തതിന്റെ പശ്ചാത്തലത്തില്‍ നാളെ ദില്ലിയില്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കുമെന്ന് ദില്ലി നിയമസഭാ സെക്രട്ടറി അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























