അട്ടിമറി സാധ്യത തള്ളിക്കളയാനാവില്ലെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, എല്ലാം ഇരട്ട പൂട്ടിട്ട് പൂട്ടാൻ റെയിൽവേ, സിബിഐ ഉദ്യോഗസ്ഥർ ബാലസോറിൽ, ഇന്റർലോക്കിങ് സംവിധാനത്തിലുണ്ടായ പിഴവാണ് അപകടകാരണം എന്ന് പ്രാഥമിക നിഗമനം

ഒഡീഷയിലെ ബാലസോറിൽ ഷാലിമാർ-ചെന്നൈ സെൻട്രൽ കോറോമാണ്ടൽ എക്‌സ്പ്രസ്, ബംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ്, ഗുഡ്‌സ് ട്രെയിൻ എന്നിവ അപകടത്തിൽപ്പെടാൻ ഇടയാക്കിയത് തീവണ്ടികളുടെ സാന്നിധ്യം കണ്ടെത്തുന്ന ഇലക്ട്രോണിക് ഇന്റർലോക്കിംഗ് സംവിധാനത്തിലെ കൃത്രിമത്വവും അട്ടിമറിയും ആണെന്ന് റെയിൽവേ ഉദ്യോഗസ്ഥർ നേരത്തെ സൂചിപ്പിച്ചിരുന്നു. ഇന്റർലോക്കിങ് സംവിധാനത്തിലുണ്ടായ പിഴവാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.
പോയിന്റ് മെഷീന്റെ സെറ്റിംഗില്‍ മാറ്റം വരുത്തിയിട്ടുണ്ട്. എന്തിനാണ് അത് ചെയ്തതെന്ന കാര്യം അന്വേഷണത്തില്‍ വ്യക്തമാകും. അപകടത്തിന്റെ യഥാര്‍ത്ഥ കാരണം പുറത്ത് കൊണ്ടുവരും എന്നാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞത് എന്നാൽ അട്ടിമറി സാധ്യത തള്ളിക്കളയാനാവില്ലെന്ന് റെയിൽവേ മന്ത്രി സൂചിപ്പിച്ചതിന് പിറകെ സിബിഐ സംഘം അപകടം നടന്ന ബാലസോറിലെത്തി.
സ്റ്റേഷനിലെ റിലേ റൂമിൽ അട്ടിമറി നടന്നോ എന്ന് സിബിഐ അന്വേഷിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. സേഫ്റ്റി കമ്മിഷണർ ശൈലേഷ് കുമാർ പഥക് ഇന്നലെ ബഹനാഗ സ്റ്റേഷനിലെ ട്രാക്കുകൾ, ഇന്റർലോക്കിങ് സംവിധാനങ്ങൾ, റിലേ റൂമുകൾ തുടങ്ങിയവ പരിശോധിച്ചു. പാളത്തിൽ 4 മില്ലി മീറ്റർ വിടവുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് പ്രധാന ലൈനിൽ പോയിന്റ് സെറ്റാകാത്തതെന്നുമുള്ള ആരോപണവും പരിശോധിച്ചു.
ബാലസോർ ട്രെയിൻ ദുരന്തത്തിനു കാരണമായ സിഗ്നൽ തകരാർ മനഃപൂർവം ഉണ്ടാക്കിയതാണോ എന്ന സംശയത്താലാണ് സിബിഐ അന്വേഷണത്തിനു റെയിൽവേ അധികൃതർ ശുപാർശ ചെയ്തത്. അപകടമുണ്ടാകുന്നതിനു തൊട്ടുമുൻപ് സമീപത്തെ ഒരു ലെവൽക്രോസിങ്ങിൽ സിഗ്നൽ തകരാറുണ്ടായിരുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ അതു നന്നാക്കാനുള്ള തിരക്കിൽ ഇവിടുത്തെ നടപടികൾ മറികടന്നോ എന്നും അന്വേഷിക്കും.
അപകടസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സൗത്ത് ഈസ്റ്റേൺ റെയിൽവേയുടെ ഖരഗ്പൂർ ഡിവിഷനിലെ 54 ഉദ്യോഗസ്ഥരോട് ജൂൺ 5, 6 തീയതികളിൽ അന്വേഷണത്തിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഏതെങ്കിലും ട്രെയിനിൽ ഉണ്ടായിരുന്ന ഓഫ് ഡ്യൂട്ടി റെയിൽവേ ഉദ്യോഗസ്ഥരെയും അപകടസ്ഥലത്ത് ആദ്യം എത്തിയ ഉദ്യോഗസ്ഥരെയും ബോർഡ് വിളിപ്പിച്ചിട്ടുണ്ട്.
കൂടാതെ റെയിൽവേ ബോർഡ് എല്ലാ സോണുകളിലെയും ജനറൽ മാനേജർമാർക്ക് അയച്ച കത്തിൽ, സ്റ്റേഷൻ പരിധിയിലെ എല്ലാ 'ഗൂംറ്റികളിലും' (പാളങ്ങളിലുള്ള മുറികൾ) "ഇരട്ട ലോക്കിംഗ് ക്രമീകരണം" എന്ന് നിർദേശിച്ചു. അപകടത്തിന് പിന്നിൽ "സിഗ്നലിംഗ് ഇടപെടൽ" എന്ന് സംശയിക്കുന്ന കാരണമായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഈ നിർദേശം.
സിഗ്നലിംഗ് സംവിധാനങ്ങളിൽ രാജ്യവ്യാപകമായി സുരക്ഷാ ഡ്രൈവ് നടത്താൻ റെയിൽവേ ബോർഡ് തിങ്കളാഴ്ച ഉത്തരവിട്ടു. സ്റ്റേഷനുകളിലെ റിലേ റൂമുകളിലെ സിഗ്നലിംഗ് സംവിധാനങ്ങളുടെ "ഇരട്ട ലോക്കിംഗ്" എന്നതിനാണ് ഒരാഴ്ച നീണ്ടുനിൽക്കുന്ന ഈ സുരക്ഷാ ഡ്രൈവ് ഊന്നൽ നൽകുന്നത്. ഇന്ത്യൻ റെയിൽവേയുടെ 19 സോണുകളും സുരക്ഷാ ഡ്രൈവിൽ ഉൾപ്പെടും.
മുൻ സി.ബി.ഐ ഡയറക്ടർ എ.പി. സിംഗ് പറഞ്ഞത് ഒഡീഷ ട്രെയിൻ ദുരന്തം അട്ടിമറിയുടെ കേസാണെങ്കിൽ, അത് "വലിയ ഗൂഢാലോചന" എന്നതിലുപരി "പ്രാദേശിക തലത്തിൽ" നടന്നിരിക്കാമെന്ന് സംശയിക്കുന്നു എന്നാണ്. കേസ് എൻഐഎ യ്ക്ക് നല്കിയിട്ടില്ലാത്തതിനാൽ തീവ്രവാദ സാന്നിധ്യം ഉള്ളതായി കരുതുന്നില്ല എന്നും അദ്ദേഹം അവകാശപ്പെട്ടു.ട്രെയിൻ അപകടത്തിൽ ചികിത്സയിൽ കഴിഞ്ഞ മൂന്ന് പേർ കൂടി മരണത്തിന് കീഴടങ്ങിയതോടെ മരണസംഘ്യ 278 ആയി ഉയർന്നിട്ടുണ്ട്.
ഒഡീഷയിൽ കോൺഗ്രസ്, ഇടത് പാർട്ടികൾ ഉൾപ്പെടെ 12 രാഷ്ട്രീയ പാർട്ടികളുടെ സംയുക്ത യോഗം ചേർന്ന്, കേന്ദ്ര ഏജൻസി "ബിജെപിയുടെ നിർദ്ദേശപ്രകാരം പ്രവർത്തിക്കുന്നു" എന്ന് ആരോപിച്ച് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (സിബിഐ) അന്വേഷണം തങ്ങൾ നിരസിച്ചതായി പ്രസ്താവിച്ചുകൊണ്ട് ഒരു പ്രമേയം പാസാക്കി. ഇതിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha