കുട്ടികളെക്കൊണ്ട് ടോയ്ലറ്റുകള്‍ കഴുകാന്‍ നിര്‍ബന്ധിക്കുന്ന സ്‌കൂള്‍ അധികൃതരുടെ ദൃശ്യങ്ങള്‍ പുറത്ത്

കുട്ടികളെക്കൊണ്ട് ടോയ്ലറ്റുകള്‍ കഴുകാന്‍ നിര്‍ബന്ധിക്കുന്ന സ്‌കൂള്‍ അധികൃതരുടെ ദൃശ്യങ്ങള്‍ പുറത്ത്. കര്‍ണാടകയിലെ ശിവമോഗയിലെ കുട്ടികളെക്കൊണ്ടാണ് ശുചിമുറികള്‍ കഴുകിപ്പിച്ച സംഭവമാണ് പുറത്ത് വന്നിരിക്കുന്നത്. സംഭവത്തില്‍ രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് പ്രതിഷേധം ശക്തമായിരിക്കുകയാണ്.
വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പയുടെ സ്വന്തം ജില്ലയാണ് ശിവമോഗ. കഴിഞ്ഞയാഴ്ചയാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നതെങ്കിലും ഇപ്പോഴാണ് വീഡിയോ പുറത്തുവന്നത്. വിദ്യാര്‍ത്ഥികളോട് വെള്ളം ഒഴിക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടതെന്നും കക്കൂസ് വൃത്തിയാക്കിയിട്ടില്ലെന്നുമാണ് പ്രധാനാദ്ധ്യാപിക നല്‍കുന്ന വിശദീകരണം. സംസ്ഥാനത്ത് ഈ മാസം നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്.
കഴിഞ്ഞയാഴ്ച ബംഗളൂരുവിലെ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെക്കൊണ്ട് ടോയ്ലറ്റ് വൃത്തിയാക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പിന്നാലെ രോഷാകുലരായ രക്ഷിതാക്കളും നാട്ടുകാരും സ്‌കൂളിന് പുറത്ത് പ്രതിഷേധിച്ചിരുന്നു. സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി അപലപിച്ചിരുന്നു.കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കിയിരുന്നു.
കൂടാതെ പ്രധാനാദ്ധ്യാപികയെ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ തന്റെ സ്വന്തം ജില്ലയിലുണ്ടായ സമാന സംഭവത്തെപ്പറ്റി മന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.എന്‍എസ്എസും സേവാദള്‍ ക്യാമ്പുകളും കുട്ടികളെ പൂന്തോട്ടം വൃത്തിയാക്കുന്നതിനോ തൈകള്‍ നടുന്നതിനോ പരിശീലിപ്പിക്കാറുണ്ട്, എന്നാല്‍ ശുചിമുറി വൃത്തിയാക്കാന്‍ അവരെ നിര്‍ബന്ധിപ്പിക്കാന്‍ പാടില്ലെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം.
https://www.facebook.com/Malayalivartha























