ദില്ലിക്ക് എയർ ലിഫ്റ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; നിയന്ത്രണരേഖയിലെ പാക് വെടിവെപ്പിൽ ജവാന് വീരമൃത്യു..

അതിർത്തി കടന്നുള്ള പാക് ഷെല്ലാക്രമണത്തിൽ ഒരു ജവാൻ കൂടി വീരമൃത്യു വരിച്ചു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടയിൽ, ജമ്മു കശ്മീരിലെ പല ഭാഗങ്ങളിലും അതിർത്തി കടന്നുള്ള ഷെല്ലാക്രമണം തുടരുകയാണ്, ഇതിനിടെയാണ് ജവാൻ എം മുരളി നായിക് വീരമൃത്യു വരിച്ചത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു ആണ് എക്സിൽ അനുശോചന പോസ്റ്റ് പങ്കുവച്ച് ഇക്കാര്യം അറിയിച്ചത്. "രാജ്യത്തിന്റെ പ്രതിരോധത്തിൽ ശ്രീ സത്യസായി ജില്ലയിലെ പെനുകൊണ്ട നിയമസഭാ മണ്ഡലത്തിലെ ഗൊരാന്റ്ല മണ്ഡലത്തിൽ നിന്നുള്ള മുരളി നായക് എന്ന സൈനികന്റെ വിയോഗ വാർത്ത ദുഃഖകരമാണ്.
രാഷ്ട്രത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച രക്തസാക്ഷി മുരളി നായക്കിന് ആദരാഞ്ജലികൾ. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്ക് എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു." ആന്ധ്രാപ്രദേശ് ഗവർണർ എസ് അബ്ദുൾ നസീറും എക്സിൽ അനുശോചനം അറിയിച്ചു. ധീര ജവാന്റെ മൃതദേഹം നാളെ നാട്ടിൽ എത്തിക്കുമെന്നണ് പ്രതീക്ഷ.
ഹരിയാനയിലെ പൽവാൾ ജില്ലയിൽ നിന്നുള്ള 32 വയസ്സുള്ള ലാൻസ് നായിക് ദിനേശ് കുമാർ എന്ന മറ്റൊരു ഇന്ത്യൻ ജവാൻ അതിർത്തി കടന്നുള്ള ഷെല്ലാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് നായിക് രക്തസാക്ഷിത്വം വരിച്ചത്. ഗുരുതരമായി പരിക്കേറ്റ മുരളിയെ ദില്ലിക്ക് എയർ ലിഫ്റ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 27 വയസുള്ള മുരളി നായിക് അവിവാഹിതനാണ്. മുരളി നായികിന് ആന്ധ്ര ഗവർണർ ആദരാജ്ഞലി അർപ്പിച്ചു.
https://www.facebook.com/Malayalivartha