ധര്‍മ്മസ്ഥലയിലെ അസ്ഥികൂടം മനുഷ്യന്റേത് തന്നെയെന്ന് സ്ഥിരീകരണം

ധര്‍മസ്ഥലയില്‍ നിന്ന് കണ്ടെത്തിയ അസ്ഥികൂടം മനുഷ്യന്റേത് തന്നെയെന്ന് സ്ഥിരീകരണം. അസ്ഥികൂടം പുരുഷന്റേതാണ് എന്നാണ് സംശയം. ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നു. എല്ലുകള്‍ പല ഭാഗത്തായി ചിതറി കിടക്കുന്നുണ്ടാവാമെന്നും കൂടുതല്‍ സമയം എടുത്ത് പരിശോധന പൂര്‍ത്തിയാക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്ന് ആറാമത്തെ സ്‌പോട്ടില്‍ മാത്രം പരിശോധന നടക്കാനാണ് സാധ്യത. അസ്ഥികള്‍ കണ്ടെടുത്തതില്‍ മഹസര്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. റവന്യൂ അസിസ്റ്റന്റ് കമ്മീഷണര്‍ സ്‌റ്റെല്ല വര്‍ഗീസിന്റെ നേതൃത്വത്തിലാണ് മഹസര്‍ നടപടികള്‍ തുടങ്ങിയത്.
കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ മൃതദേഹം മറവ് ചെയ്‌തെന്ന് സാക്ഷി വെളിപ്പെടുത്തിയ സ്ഥലത്ത് തുടര്‍ച്ചയായ മൂന്നാം ദിവസത്തിലെ പരിശോധനയിലാണ് നിര്‍ണായക തെളിവ് കണ്ടെത്തിയത്. സ്‌പോട്ട് നമ്പര്‍ ആറില്‍ നിന്നാണ് അസ്ഥികൂടത്തിന്റെ ഭാഗം അന്വേഷണ സംഘത്തിന് ലഭിച്ചത്. രണ്ടടി താഴ്ചയില്‍ കുഴിച്ചപ്പോഴാണ് അസ്ഥികള്‍ കണ്ടെത്തിയത്. സ്ഥലത്ത് കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി അഞ്ച് പോയന്റുകളില്‍ നടത്തിയ പരിശോധനകളില്‍ മൃതദേഹാവശിഷ്ടമായി ഒന്നും കണ്ടെത്തിയിരുന്നില്ല. ഇന്നലെ എസ്‌ഐടി തലവന്‍ പ്രണബ് മൊഹന്തി ബെംഗളൂരുവില്‍ നിന്ന് ധര്‍മസ്ഥലയില്‍ നേരിട്ടെത്തി കാടിനകത്ത് കുഴിച്ച് നോക്കിയ പോയന്റുകളില്‍ നേരിട്ട് പരിശോധന നടത്തിയിരുന്നു.
സാക്ഷി പറഞ്ഞതനുസരിച്ച് അന്വേഷണസംഘം അതിര് കെട്ടി സുരക്ഷിതമാക്കിയ എട്ട് പോയന്റുകളാണ് ബാക്കിയുള്ളത്. ഇതില്‍ ഇനി മൂന്നെണ്ണം കാടിനുള്ളിലാണ്. നാല് പോയന്റുകള്‍ നേത്രാവതി നദിയോട് ചേര്‍ന്നുള്ള ദേശീയപാതയിലാണ്. മറ്റൊന്ന് നേത്രാവതി സ്‌നാനഘട്ടത്തില്‍ നിന്ന് ആജുകുരിയിലേക്ക് പോകുന്ന ചെറുറോഡിലാണ്. കന്യാടി എന്നയിടത്തെ സ്വകാര്യഭൂമിയിലും രണ്ട് പോയന്റുകളുണ്ട് എന്ന് ശുചീകരണത്തൊഴിലാളി പറഞ്ഞെങ്കിലും അവിടെ പരിശോധിക്കാന്‍ എസ്‌ഐടിക്ക് പ്രത്യേക അനുമതി വേണ്ടി വരും. ഓരോ പോയന്റിലും സാക്ഷി ആവശ്യപ്പെടുന്നതിലും കൂടുതല്‍ ചുറ്റളവിലാണ് അന്വേഷണസംഘം കുഴിച്ച് പരിശോധിക്കുന്നത്.
https://www.facebook.com/Malayalivartha