28, 29, 30 തീയതികളിൽ ബാങ്ക് പണിമുടക്ക്.; ജീവനക്കാരുടെ തീരുമാനത്തിൽ കടുത്ത നടപടിയുമായി കേന്ദ്രം

28, 29, 30 തീയതികളിൽ ബാങ്ക് പണിമുടക്ക്. പണിമുടക്ക്. തൊട്ടുമുൻപുള്ള ശനിയും ഞായറുമടക്കം 5 ദിവസം തുടർച്ചയായി പൊതുമേഖലാ ബാങ്കുകൾ അടഞ്ഞുകിടക്കുമെന്നായിരുന്നു ആശങ്ക. മൂന്നാം ഘട്ടമായി, ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും.
ബാങ്ക് ജീവനക്കാരുടെ പണിമുടക്കിനെ നേരിടാൻ നിർണായക നീക്കവുമായി കേന്ദ്ര ധനമന്ത്രാലയം. രാജ്യത്തെ എല്ലാ പൊതുമേഖല, പ്രാദേശിക ബാങ്കുകളും വരുന്ന ഞായറാഴ്ച (സെപ്റ്റംബർ 27) സാധാരണ പോലെ തുറന്നു പ്രവർത്തിക്കുമെന്ന് ധനമന്ത്രാലയം. ഇതിന് റിസർവ് ബാങ്കിന്റെ അനുമതിയും ലഭിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്കുള്ള ബാങ്കിങ് സേവനങ്ങൾ മുടങ്ങാതിരിക്കാനാണ് നീക്കം. പണിമുടക്കിൽ നിന്ന് പിന്മാറണമെന്ന് സർക്കാരും ബാങ്ക് മാനേജ്മെന്റുകളും ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
അതേസമയം, ഡപ്യൂട്ടി ചീഫ് ലേബർ കമ്മിഷണറുടെ മധ്യസ്ഥതയിൽ നടന്ന അനുരഞ്ജന യോഗം പരാജയപ്പെട്ടതോടെ തിങ്കളാഴ്ച ആരംഭിക്കുന്ന പണിമുടക്കിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിൽ പൊതുമേഖലാ ബാങ്ക് ജീവനക്കാർ.ബാങ്കുകളുടെ പ്രവൃത്തിദിനം 5 ദിവസമാക്കുന്ന കാര്യം പരിഗണനയിലാണെന്ന പതിവുമറുപടി മാത്രമാണ് ലഭിച്ചത്. ഇതിൽ തീരുമാനമായാലേ പണിമുടക്കിന്റെ കാര്യം പുനഃപരിശോധിക്കൂ എന്ന നിലപാടിലാണ് യൂണിയനുകൾ.
അതേസമയം, സർക്കാർ ഇടപാടുകൾ കൈകാര്യം ചെയ്യുന്ന പ്രധാന ബാങ്ക് ശാഖകൾ പണിമുടക്കു ദിവസങ്ങളിലും തുറക്കണമെന്ന് സർക്കാർ നിർദേശം നൽകി. പണിമുടക്കുമായി സഹകരിക്കാത്ത ജീവനക്കാരെയും അഡ്മിനിസ്ട്രേറ്റീവ് ഓഫിസിൽ നിന്നുള്ളവരെയും ഉപയോഗിച്ച് ഇവ പ്രവർത്തിപ്പിക്കാനാണ് നിർദേശം. ഡിജിറ്റൽ സംവിധാനങ്ങൾ പൂർണതോതിൽ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കണം. പണിമുടക്ക് സംബന്ധമായ നീക്കങ്ങൾ നിരീക്ഷിക്കാൻ മോണിറ്ററിങ് കമ്മിറ്റികൾ കൂടണം. കറൻസി ചെസ്റ്റുകൾ, ക്ലിയറിങ് സെന്ററുകൾ, ഡേറ്റ സെന്ററുകൾ എന്നിവ പൂർണമായി പ്രവർത്തിക്കണം.
സമരത്തെ നേരിടുന്നതിനായി ധനമന്ത്രാലയം വാർ റൂമും തുറക്കും. ഓരോ ബാങ്കിൽനിന്നും നോഡൽ ഓഫിസർമാരെ ഉൾപ്പെടുത്തും. ക്രമസമാധാനപ്രശ്നങ്ങൾ നേരിടാനായി ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രതിനിധികളുമുണ്ടാകും. സംസ്ഥാനങ്ങളിൽനിന്ന് ഇന്റലിജൻസ് റിപ്പോർട്ടും തേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























