യുവതിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം

സഹയാത്രികന്റെ മോശമായപെരുമാറ്റം ചോദ്യംചെയ്ത യുവതിയെ ഓടുന്ന ലോക്കല്‍ ട്രെയിനില്‍നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം. അപകടത്തില്‍ യുവതിയുടെ ഇടതുകൈ അറ്റുപോവുകയും തലയില്‍ പതിനാറോളം തുന്നലുകള്‍ വേണ്ടിവരികയും ചെയ്തു. പ്രതി നായ്ഗാവ് ഈസ്റ്റ് സ്വദേശിയായ ജിതേന്ദ്ര ഹിര്മുഖെ (53)യെ പൊലീസ് അറസ്റ്റ് ചെയ്തു. യാത്രക്കാരിയെ ലോക്കല്‍ ട്രെയിനില്‍നിന്ന് തള്ളിയിട്ട ശേഷം യാതൊരു ഭാവവ്യത്യാസവുമില്ലാതെ പ്രതി നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. അപകടത്തെത്തുടര്‍ന്നുണ്ടായ ബഹളത്തിനിടയില്‍ പ്രതി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടെങ്കിലും, മണിക്കൂറുകള്‍ക്കകം പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.
മുംബൈ ബോറിവലിയില്‍ നിന്ന് വിരാറിലേക്ക് പോവുകയായിരുന്ന ലോക്കല്‍ ട്രെയിനിലാണ് യുവതി യാത്ര ചെയ്തത്. പ്രതി തന്നോട് മോശമായ രീതിയില്‍ പെരുമാറുകയും ശരീരത്തില്‍ അനാവശ്യമായി സ്പര്‍ശിക്കുകയും ചെയ്തതായി യുവതി പരാതിയില്‍ പറയുന്നു. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ട്രെയിനിലുണ്ടായിരുന്ന മറ്റു യാത്രക്കാര്‍ പ്രശ്നത്തില്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും, യുവതിക്ക് നേരെ അസഭ്യവര്‍ഷം ചൊരിഞ്ഞ പ്രതി സ്വന്തം ചെരിപ്പൂരി യുവതിയെ അടിച്ചു.
ട്രെയിന്‍ നായ്ഗാവ് സ്റ്റേഷനില്‍ എത്തിയപ്പോഴും തര്‍ക്കം തുടര്‍ന്നു. ഇതിനിടെ പ്രതി യുവതിയെ പുറത്തേക്ക് തള്ളിയിട്ടു. രണ്ടു കോച്ചുകള്‍ക്കിടയിലെ വിടവിലേക്കാണ് യുവതി വീണത്. പ്ലാറ്റ്ഫോമിലേക്ക് തിരിച്ചുകയറാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിന്‍ മുന്നോട്ട് നീങ്ങുകയും, യുവതിയുടെ ഇടതുകൈ ചക്രങ്ങള്ക്കടിയില്പ്പെടുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവതിയുടെ കൈ മുട്ടിന് താഴെവച്ച് മുറിച്ചുമാറ്റേണ്ടി വന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥനും മറ്റു യാത്രക്കാരും ചേര്‍ന്നാണ് ഒടുവില്‍ യുവതിയെ പ്ലാറ്റ്ഫോമിലേക്ക് വലിച്ചുകയറ്റിയത്.
https://www.facebook.com/Malayalivartha
























