ആഗ്രഹങ്ങള്‍ സാധിക്കുന്നതിന് പകരമായി കാളിദേവിക്ക് നാവ് മുറിച്ച് നല്കി കോളജ് വിദ്യാര്‍ത്ഥിനി
മധ്യപ്രദേശിലെ ടി.ആര്.എസ് കോളജില്‍ ബിരുദ വിദ്യാര്‍ത്ഥിനി കാളിദേവി സ്വപ്നത്തില്‍ ആവശ്യപ്പെട്ടതിന് പകരമായി നാവ് മുറിച്ചു നല്കി. ആരതി ദുബൈ എന്ന വിദ്യാര്‍ത്ഥിനിയാണ് നാവ് മുറിച്ച് ഇഷ്ട ദൈവത്തിന് സമര്‍പ്പിച്ചത്. തന്റെ ആഗ്രഹങ്ങള്‍ സാധിക്കുന്നതിന് പകരമായി നാവ് മുറിച്ച് നല്‍കണമെന്ന് ദേവി സ്വപ്നത്തില്‍ ആവശ്യപ്പെട്ടതായി ആരതി പറഞ്ഞു. ഇതേതുടര്‍ന്നാണ് ആരതി നാവ് മുറിച്ച് നല്‍കിയത്.
മധ്യപ്രദേശിലെ റീവയിലെ കാളി ക്ഷേത്രത്തിലാണ് പെണ്‍കുട്ടി നാവ് മുറിച്ച് സമര്‍പ്പിച്ചത്. ക്ഷേത്രത്തിലെത്തി നാവ് മുറിച്ചയുടന്‍ ആരതി ബോധരഹിതയായി നിലത്തു വീണു. എന്നാല്‍ ഇത് കണ്ടു നിന്ന മറ്റ് ഭക്തജനങ്ങളും ക്ഷേത്രം അധികൃതരും ആരതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്കാന് തയ്യാറായില്ല. പകരം എല്ലാവരും ചുറ്റും കൂടിയിരുന്ന് പ്രാര്‍ത്ഥിക്കുകയാണ് ചെയ്തത്.
തുടര്‍ന്ന് അഞ്ച് മണിക്കൂറിന് ശേഷമാണ് ആരതിക്ക് ബോധം വീണ്ടുകിട്ടിയത്. നിരക്ഷരും അന്ധവിശ്വാസികളും നാവ് മുറിച്ച് ദൈവത്തിന് സമര്‍പ്പിക്കുന്ന ധാരാളം സംഭവങ്ങള്‍ കേട്ടിട്ടുണ്ടെങ്കിലും വിദ്യാസമ്പന്നയായ തന്റെ സഹോദരി ഇത് ചെയ്യുമെന്ന് കരുതിയില്ലെന്ന് ആരതിയുടെ സഹോദരന് സച്ചിന് പറഞ്ഞു.
https://www.facebook.com/Malayalivartha