സൗജന്യ ഹോസ്റ്റല്‍ സൗകര്യം നിഷേധിച്ചു; മോദിക്ക് ആത്മഹത്യക്കുറിപ്പെഴുതി കായികതാരം ജീവനൊടുക്കി

ഒളിമ്പിക്‌സില്‍ മെഡല്‍ കിട്ടുമ്പോള്‍ കൊട്ടിഘോഷിക്കുന്നവര്‍ ഇതറിയണം. വാരിവിതറുന്ന സമ്മാനക്കോടികള്‍ ഇതിന് മുമ്പേ ചെയ്താല്‍ പലഭാവി ജീവിതങ്ങളും രക്ഷപെടും. രാജ്യത്തിന് വാഗ്ദാനമാകേണ്ടവര്‍ ഇങ്ങനെ നശിക്കില്ല. സൗജന്യ ഹോസ്റ്റല്‍ സൗകര്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഹാന്‍ഡ്‌ബോള്‍ താരം ആത്മഹത്യ ചെയ്തു. പഞ്ചാബ് പട്യാല ഖല്‍സ കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ പൂജ(20)യാണ് ആത്മഹത്യ ചെയ്തത്. തന്റെ മരണകാരണം വ്യക്തമാക്കി പൂജ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
'എന്റെ മരണത്തിനുത്തരവാദി പരിശീലകനാണ്. അദ്ദേഹം എനിക്ക് ഹോസ്റ്റല്‍ സൗകര്യം നിഷേധിച്ചു. വീട്ടില്‍നിന്നും ദിവസവും പോയി വരാന്‍ അദ്ദേഹം എന്നെ നിര്‍ബന്ധിപ്പിച്ചു. ഇതുമൂലം യാത്രാചെലവിനു ഒരു മാസം 3720 രൂപ എനിക്ക് വേണ്ടി വരും. എന്റെ അച്ഛനു ഇതു താങ്ങാനാവില്ല.' ഹോസ്റ്റല്‍ ഫീസിനും യാത്രാ ചെലവിനുമുള്ള തുക കണ്ടെത്താന്‍ കഴിയാത്തതിനാലാണു താന്‍ ആത്മഹത്യ ചെയ്യുന്നതെന്നും കുറിപ്പില്‍ എഴുതിയിട്ടുണ്ട്. മാത്രമല്ല പാവപ്പെട്ട തന്നെപ്പോലുള്ള കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസത്തിനുള്ള സൗകര്യം പ്രധാനമന്ത്രി ഉറപ്പു വരുത്തണമെന്നും കുറിപ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സൗജന്യ ഹോസ്റ്റല്‍ സൗകര്യവും ഭക്ഷണവും നല്‍കാമെന്ന അധികൃതരുടെ ഉറപ്പിന്മേല്‍ കഴിഞ്ഞ വര്‍ഷമാണ് പൂജ, പട്യാലയിലെ ഖല്‍സ കോളജില്‍ ചേര്‍ന്നത്. എന്നാല്‍ ഈ വര്‍ഷം പൂജയെ ഹോസ്റ്റലില്‍ താമസിക്കാന്‍ അനുവദിച്ചില്ല. ദിവസവും വീട്ടില്‍നിന്നും കോളജിലേക്ക് പോയിവരാന്‍ ദിവസവും 120 രൂപ വേണം. പച്ചക്കറി വില്‍പനക്കാരനായ പൂജയുടെ പിതാവിനു ഇതു താങ്ങാനുള്ള സാമ്പത്തിക സ്ഥിതി ഇല്ലായിരുന്നു. ഇതുമൂലം പല ദിവസവും പൂജയ്ക്ക് കോളജില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ലെന്നും മാതാപിതാക്കള്‍ പറഞ്ഞു. ഹോസ്റ്റല്‍ സൗകര്യം നിഷേധിച്ചതുമുതല്‍ പെണ്‍കുട്ടി അസ്വസ്ഥയായിരുന്നെന്നു പിതാവ് പ്രഭു മൊഴി നല്‍കിയിട്ടുണ്ട്. പ്രഭുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
അതേസമയം, പൂജയ്ക്ക് സൗജന്യമായിട്ടാണ് വിദ്യാഭ്യാസം നല്‍കിയിരുന്നതെന്നും ഈ വര്‍ഷം പഠന നിലവാരം മോശമായതിനാലാണു ഹോസ്റ്റല്‍ സൗകര്യം അനുവദിക്കാതിരുന്നതെന്നും കോളജ് മാനേജ്‌മെന്റ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























