പ്രതിരോധ മന്ത്രിയുടെ പാക്കിസ്ഥാന്‍ പരാമര്‍ശത്തെ തിരുത്തിയ നടി രമ്യക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയേക്കും

പാകിസ്താന്‍ നരകമല്ലെന്നും പാകിസ്താനികള്‍ നമ്മെപ്പോലുള്ളവരാണെന്നും പറഞ്ഞ കന്നഡ നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ രമ്യക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ്.
പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് 'പാകിസ്താനിലേക്ക് പോകുന്നത് നരകത്തിലേക്ക് പോകുന്നതിന് തുല്യമാണ്' എന്ന് അഭിപ്രായപ്പെട്ടത്. ഇതിന് മറുപടിയെന്നോണമാണ് സാര്‍ക് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ നടി പാകിസ്താനിലെ ജനങ്ങള്‍ വളരെ മാന്യമായാണ് തന്നോട് പെരുമാറിയതെന്ന് പറഞ്ഞത്. 'പാകിസ്താന്‍ നരകമല്ല. നമ്മെപ്പോലുള്ളവരാണ് അവിടെയുമുള്ളത്.' രമ്യ പറഞ്ഞു.
എന്നാല്‍, ഈ പ്രസ്താവന ദേശവിരുദ്ധമാണെന്ന് കാണിച്ച് അഭിഭാഷകനായ വിത്തല്‍ ഗൗഡ മടിക്കേരി കോടതിയില്‍ രമ്യക്കെതിരെ ഹര്‍ജി നല്‍കുകയായിരുന്നു. ബംഗളുരുവില്‍ നിന്ന് 270 കിലോമീറ്റര്‍ അകലെ ഉത്തര കര്‍ണാടകയിലാണ് മടിക്കേരി. പാകിസ്താനെ പ്രകീര്‍ത്തിക്കുന്ന രമ്യയുടെ പ്രസ്താവന തന്നെ ഞെട്ടിച്ചു കളഞ്ഞുവെന്ന് ഗൗഡ പറഞ്ഞു. കേസ് ശനിയാഴ്ച കോടതി വാദത്തിനെടുക്കും.
രമ്യയുടെ പ്രസ്താവനയെ പിന്തുണച്ച് കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ദിനേശ് ഗുണ്ട് റാവു രംഗത്തെത്തി. രമ്യ വിവാദ പ്രസ്താവന നടത്തിയിട്ടില്ലെന്നും പാക് സന്ദര്‍ശനത്തിന്റെ അനുഭവം വിവരിക്കുക മാത്രമാണ് ചെയ്തതെന്നും ദിനേശ് റാവു പറഞ്ഞു.
2011 മുതല്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന രമ്യ നിയമസഭാംഗമായിരുന്നു. ട്വിറ്ററിലും ഫേസ്ബുക്കിലും നടിയെ പരിഹസിച്ചു കൊണ്ടുള്ള നിരവധി പോസ്റ്റുകളും ട്രോളുകളും ഇതിനോടകം പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.
https://www.facebook.com/Malayalivartha
























