നിധി വാഗ്ദാനം പറഞ്ഞ് തട്ടിപ്പ്: മലയാളിയില്‍ നിന്ന് പണം തട്ടാന്‍ ഹരിയാനയില്‍ നിന്ന് തട്ടിപ്പുകാര്‍

നിധി കിട്ടിയ സ്വര്‍ണം പകുതി വിലയ്ക്ക് നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ്. സ്വര്‍ണക്കട്ടിയുടെ ദൃശ്യങ്ങള്‍ വാട്‌സാപ്പ് വഴി കൈമാറിയാണ് ഇരകളെ കെണിയിലാക്കുന്നത്. മലയാളികളെ ലക്ഷ്യംവച്ച് ഉത്തരേന്ത്യന്‍ തട്ടിപ്പുസംഘമാണ് നവമാധ്യമങ്ങള്‍ വഴി സജീവമാകുന്നത്. കാര്‍ വില്‍ക്കാന്‍ ഓണ്‍ലൈനില്‍ പരസ്യം നല്‍കിയ നമ്പറിലേക്ക് ആദ്യമെത്തിയ വിളി തട്ടിപ്പുസംഘത്തിന്റേതായിരുന്നു. രാജസ്ഥാനില്‍ ജെ.സി.ബി. ഉപയോഗിച്ച് റോഡു കുഴിക്കുമ്പോള്‍ സ്വര്‍ണം കിട്ടിയെന്നായിരുന്നു ഫോണ്‍ സന്ദേശം. സ്വര്‍ണത്തിന്റെ മാര്‍ക്കറ്റു വില വേണ്ട. പാതി മതി.
ഒരു സ്വര്‍ണക്കട്ടി 100 പവന്‍. 22 ലക്ഷം രൂപ വിലയുള്ള സ്വര്‍ണത്തിന് പത്തു ലക്ഷം. ഇങ്ങനെ, അഞ്ചു സ്വര്‍ണക്കട്ടി. ഫോട്ടോയും വീഡിയോയും അയച്ചുതന്നു.
ഡീല്‍ ഉറപ്പിക്കാന്‍ ഹരിയാനയില്‍ വരണം. ഫോണിലും വാട്‌സ്്ആപ്പിലും സംസാരിച്ച ആളോട് കച്ചവടത്തിന് തയ്യാറാണെന്ന് അറിയിച്ചു. ഒറ്റ ഡിമാന്‍ഡ് മുന്നോട്ടുവച്ചു. വീഡിയോ കോളില്‍ സംസാരിക്കണം. ബോധ്യപ്പെട്ടാല്‍ ഉടനെ, അഡ്വാന്‍സ്. ഇതുകേട്ട പാതി വീഡിയോ കോളില്‍ ആള്‍ പ്രത്യക്ഷപ്പെട്ടു. ഹരിയാനക്കാരന്‍ രാഹുല്‍.
സ്വര്‍ണക്കട്ടി അവിടെ വിറ്റുക്കൂടെ?... കേരളത്തില്‍ എന്തിന് വില്‍ക്കുന്നു?... ഇങ്ങനെ പലതും ചോദിച്ചെങ്കിലും ആളെ വീഴ്ത്താന്‍ പാകത്തില്‍ മറുപടികള്‍. നേരിട്ട് ഉരച്ചുനോക്കിയ ശേഷം പണം തന്നാല്‍ മതിയെന്ന വാഗ്ദാനവും.
യഥാര്‍ഥ സ്വര്‍ണത്തിന്റെ ഒരുകഷണം ഉരച്ചുനോക്കാന്‍ തന്ന് വിശ്വാസം ഊട്ടിയുറപ്പിക്കലാണ് പതിവ്.
സമാനമായ തട്ടിപ്പുസംഭവങ്ങള്‍ കേരളത്തില്‍ ഇതിനു മുമ്പ് അരങ്ങേറിയിട്ടുണ്ട്. ഇതുതട്ടിപ്പാണെന്ന് ബോധ്യപ്പെടാന്‍ ഹരിയാനവരെ പോകേണ്ട ആവശ്യവുമില്ല. സ്വര്‍ണക്കട്ടിയുടെ ഈ ഡീല്‍ വ്യാജമാണെന്ന് ആര്‍ക്കും മനസിലാകും. പക്ഷേ, നവമാധ്യമങ്ങള്‍ വഴി വീഡിയോയും കണ്ട് സംസാരിക്കലും കഴിയുമ്പോള്‍ പലരും കെണിയില്‍ വീണുപോയേക്കാം.
https://www.facebook.com/Malayalivartha



























