ജഡ്ജിയെ തേടി കോടതിമുറികള്‍ കയറിയിറങ്ങി പോലീസും പ്രതിയും

അണ്ണാ ഡി.എം.കെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി ദിനകരന്റെ ഇടനിലക്കാരനെന്ന് ആരോപിക്കപ്പെടുന്ന സുകേഷ് ചന്ദ്രശേഖറിനെ അറസ്റ്റ് ചെയ്ത ശേഷം ഒരു കോടതി മുറിയില്‍ നിന്നും അടുത്ത കോടതി മുറിയിലേക്ക് കയറിയിറങ്ങി നട്ടം തിരിഞ്ഞത് പൊലീസാണ്. അതും ജഡ്ജിയെ തിരക്കി. ദിനകരന് വേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കാന്‍ പദ്ധതിയിട്ടെന്ന് കരുതുന്ന 1.3 കോടി രൂപയ്ക്ക് ഒപ്പമാണ് ദക്ഷിണ ഡല്‍ഹിയിലെ ഹോട്ടലില്‍ നിന്നും പിടിയിലായ സുകേഷിനെ പൊലീസ് പിടികൂടുന്നത്.
അറസ്റ്റിന് ശേഷം പ്രതിയെ പാട്യാല കോടതിയിലാണ് ആദ്യം എത്തിച്ചത്. ഏറെനേരം അവിടെ കാത്തുനിന്നതിന് ശേഷം ജഡ്ജിയില്ലാത്തതിനാല്‍ പൊലീസ് പ്രതിയെ ടിസ് ഹസാരി കോടതിയില്‍ എത്തിച്ചു. നേരെ കോടതിയിലെ റൂം നന്പര്‍ 25ലെത്തി. എന്നാല്‍ സ്‌പെഷ്യല്‍ ജഡ്ജ് പൂനം ചൗധരി അന്ന് ഹാഫ് ഡേ ലീവിലായിരുന്നു. പിന്നീട് നേരെ സ്‌പെഷ്യല്‍ ജഡ്ജ് എം.കെ നഗ്പാലിന്റെ മുറിയിലെത്തിയെങ്കിലും അവിടെയും ജഡ്ജിയില്ല. അടുത്തതായി സ്‌പെഷ്യല്‍ ജഡ്ജ് ഹേമാനി മല്‍ഹോത്രയുടെ മുറിയിലെത്തി, അവിടെയും രക്ഷയില്ല. തുടര്‍ന്ന് ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിന്റെ അടുത്തെത്താന്‍ തീരുമാനിച്ചെങ്കിലും അവിടെയും നിരാശയായിരുന്നു ഫലം.
ഒടുവില്‍ ഗതികെട്ട് അരമണിക്കൂറിന് ശേഷം പ്രതിയുമായി സ്‌പെഷ്യല്‍ ജഡ്ജ് പൂനം ചൗധരിയുടെ വീട്ടിലേക്ക് പോകാന്‍ പൊലീസ് തീരുമാനിച്ചു. എന്തായാലും അവസാനം സുകേഷിന് എട്ട് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ജഡ്ജി ഉത്തരവിട്ടു.
https://www.facebook.com/Malayalivartha

























