ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിക്കാനാവില്ല എന്നാവര്‍ത്തിച്ച് ബി.സി.സി.ഐ

ഐപിഎല്‍ കോഴക്കേസുമായി ബന്ധപ്പെട്ട് മലയാളി താരം എസ്.ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് പിന്‍വലിക്കാനാവില്ലെന്ന് ആവര്‍ത്തിച്ച് ബിസിസിഐ. കേസില്‍ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ ശ്രീശാന്ത് വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ബി.സി.സി.ഐക്ക് കത്ത് നല്‍കിയിരുന്നു. ഈ കത്തിനുള്ള മറുപടിയിലാണ് ബി.സി.സി.ഐ സി.ഇ.ഒ രാഹുല്‍ ജോഹ്രി നിലപാട് ആവര്‍ത്തിച്ചത്. ശ്രീശാന്തിന്റെ വിലക്ക് നീക്കേണ്ട ഒരു സാഹചര്യവും പുതിയതായി ഉണ്ടായിട്ടില്ലെന്നാണ് ബി.സി.സി.ഐയുടെ നിലപാട്.
ക്രിക്കറ്റിലെ അഴിമതികള്‍ക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ബി.സി.സി.ഐക്കുള്ളത്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കെ.സി.എ ഭാരവാഹികളായ ടി.സി.മാത്യുവും കെ.അനന്തനാരായണനും കൂടി പങ്കെടുത്ത ബി.സി.സി.ഐ വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിലാണ് ശ്രീശാന്ത് ഉള്‍പ്പടെയുള്ള താരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതെന്നും സി.ഇ.ഒയുടെ കത്ത് ഓര്‍മപ്പെടുത്തുന്നു.
ഡല്‍ഹി കോടതി കുറ്റവിമുക്തനാക്കിയിട്ടും ആജീവനാന്ത വിലക്ക് ബി.സി.സി.ഐ തുടരുന്നതിനിടെയാണ് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചത്. സ്‌കോട്ടിഷ് ലീഗില്‍ കളിക്കാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ശ്രീശാന്തിന്റെ ഹര്‍ജി. എന്നാല്‍ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി വിലക്ക് നീക്കാന്‍ ശ്രീശാന്തിന് വീണ്ടും ബി.സി.സി.ഐയെ സമീപിക്കാമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്ന് കെ.സി.എയുടെ പിന്തുണയോടെ മാര്‍ച്ച് ആറിനാണ് ശ്രീശാന്ത് വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ബി.സി.സി.ഐയെ സമീപിച്ചത്. ഏപ്രില്‍ 15-നാണ് ശ്രീശാന്തിന് നല്‍കിയ മറുപടി കത്തിലാണ് ബി.സി.സി.ഐ മുന്‍ നിലപാടുകള്‍ ആവര്‍ത്തിച്ചത്.
https://www.facebook.com/Malayalivartha

























