ഹിന്ദു ഉപചാരവാക്കുകള്‍ ഉപയോഗിക്കാന്‍ പ്രയാസമെന്ന് സൈന്യത്തിലെ മുസ്ലിം അധ്യാപകന്‍

ഹിന്ദുമതത്തിലെ ഉപചാരവാക്കുകള്‍ സൈന്യത്തില്‍ നിര്‍ബന്ധപൂര്‍വം ഉച്ചരിപ്പിക്കുന്നുവെന്ന് മുസ്ലിം അധ്യാപകന്റെ പരാതി. 3 രജപുത്താന റൈഫിള്‍സിലെ സുബേദാര്‍ ഇസ്രത്ത് അലിയാണ് പരാതിയിലൂടെ വിവാദമുയര്‍ത്തിയിരിക്കുന്നത്. രാഷ്ട്രപതിക്കും ദേശീയ ന്യൂനപക്ഷ കമ്മീഷനും ഇയാള്‍ കത്തയച്ചു.
ഹിന്ദുമതത്തിലെ പ്രാര്‍ഥനാ വാക്കുകളായ ജയ്മാതാ ദി, രാം രാം എന്നിവ നിര്‍ബന്ധപൂര്‍വം ഉച്ചരിപ്പിക്കുന്നുവെന്നും അതിനു പകരം ജയ് ഹിന്ദ് എന്ന ഉപചാരം ഉപയോഗിക്കുന്നത് മേലധികാരികള്‍ വിലക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് ഇസ്രത്ത് അലി പരാതി അയച്ചത്. യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിനും കത്തിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്.
ഒരു മുസ്ലിം പുരോഹിതന്‍ എന്ന നിലയില്‍ ഹിന്ദു ദൈവ നാമങ്ങള്‍ ഉച്ചരിക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്ന് സുബേദാറിന്റെ കത്തില്‍ പറയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, സൈന്യം ഇസ്രത്ത് അലിയുടെ വാദം തളളി. 2012 ല്‍ ജനറല്‍ ബിക്രം സിംഗ് പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരം സൈനികര്‍ തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ ജയ് ഹിന്ദ് എന്ന ഉപചാരം ഉപയോഗിക്കാം.
എന്നാല്‍, റജിമെന്റ് വര്‍ഷങ്ങളായി ഉപയോഗിച്ചുവരുന്ന ഉപചാരങ്ങളില്‍ മാറ്റം വരുത്താനാവില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സൈന്യം അലിയുടെ വാദം നിലനില്‍ക്കില്ല എന്ന് വ്യക്തമാക്കിയിരിക്കുന്നത്.
അലിയെ മതാധ്യാപകനായി നിയമിച്ചിരിക്കുന്നത് യൂണിറ്റിന് പ്രചോദനം നല്‍കാനാണ്. എന്നാല്‍, യൂണിറ്റിന്റെ ഉപചാരങ്ങള്‍ ഉപയോഗിക്കാനാവില്ലെന്ന് പറയുന്നത് ഇടുങ്ങിയ ചിന്താഗതിയുടെ പ്രദര്‍ശനമാണെന്നും സൈനികവൃത്തങ്ങള്‍ പ്രതികരിച്ചു. യൂണിറ്റില്‍ 50 ശതമാനം ജാട്ടുകളും 25 ശതമാനം വീതം രജപുത്രന്‍മാരും മുസ്ലീങ്ങളുമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























