അമേരിക്കക്കാര്‍ ഇന്ത്യയെ കണ്ടു പഠിക്കേണ്ട കാലം വരും? ആദ്യ ചൊവ്വാ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ രാജ്യമെന്ന ബഹുമതി ഇനി ഇന്ത്യക്ക് സ്വന്തം

ഇന്ത്യക്കാര്‍ അമേരിക്കയെ അത്ഭുതത്തോടെയും എന്നാല്‍ ആദരവോടെയും കണ്ടു പഠിക്കുന്ന ഒരു കാലമുണ്ടായിരുന്നു. പ്രത്യേകിച്ചും ശാസ്ത്ര സാങ്കേതിക വിദ്യകളില്‍. എന്നാല്‍ ചൊവ്വാ ദൗത്യത്തോടെ കാര്യങ്ങള്‍ തിരിഞ്ഞ് മറിയുകയാണ്. അമേരിക്ക പോലും പരാജയമറിഞ്ഞ ചൊവ്വാ ദൗത്യത്തിലാണ് ഇന്ത്യ ആദ്യ ദൗത്യത്തില്‍ തന്നെ വെന്നിക്കൊടി പാറിച്ചത്.
ചൊവ്വയുടെ ഭ്രമണപഥത്തില്‍ വിജയകരമായി എത്തി മംഗള്‍യാന്‍ ഐതിഹാസിക വിജയമായി. ആദ്യ ഗ്രഹാന്തര ദൗത്യം തന്നെ ലക്ഷ്യം കണ്ട ആദ്യ രാജ്യമെന്ന പദവിയിലേയ്ക്കാണ് ഇന്ത്യ ഉയര്‍ന്നത്. എല്ലാം ഇന്ത്യന്‍ ശസ്ത്രജ്ഞര്‍ കണക്കുകൂട്ടിയതുപോലെ നടന്നു.
ചൊവ്വയിലേക്കുള്ള ആദ്യ ദൗത്യംതന്നെ വിജയമാക്കുന്ന ആദ്യത്തെ ബഹിരാകാശ ഏജന്‍സിയായി ഇതോടെ ഇസ്രോ (ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന) മാറി. ഇന്ത്യക്ക് അഭിമാനം സമ്മാനിച്ച ആ മുഹൂര്‍ത്തത്തിനു സാക്ഷ്യം വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബാംഗളൂരിലെ ഇസ്രോ ആസ്ഥാനത്ത് എത്തിയിരുന്നു.
ബുധനാഴ്ച പുലര്‍ച്ചെ 4:17:32 നു മംഗള്‍യാനുമായുള്ള വാര്‍ത്താവിനിമയത്തിനു മീഡിയം ഗെയിന്‍ ആന്റിന ഉപയോഗിച്ചതോടെയാണ് നിര്‍ണായകമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. അടുത്ത നടപടി രാവിലെ 6:56:32 ന് നടന്നു. നിശ്ചിത സമയത്തിന് 21 മിനിറ്റ് മുമ്പ്. ഈ സമയത്ത് മംഗള്‍യാനിലെ മൊമന്റം വീല്‍ പ്രവര്‍ത്തിപ്പിച്ച് പേടകത്തിന്റെ ദിശ തിരിച്ചു. എന്‍ജിന്‍ പ്രവര്‍ത്തിക്കേണ്ടതിന് അഞ്ചു മിനിറ്റും 13 സെക്കന്‍ഡും ഉള്ളപ്പോള്‍ ഗ്രഹണം തുടങ്ങി. 7:14:32 ന് പേടകത്തിലെ ചെറുമോട്ടോറുകള്‍ (ത്രസ്റ്ററുകള്‍) പ്രവര്‍ത്തിപ്പിച്ച് പേടകത്തിന്റെ ദിശ നിര്‍ദിഷ്ട ലക്ഷ്യത്തിലേക്ക് ആക്കി. 7:17:32 ന് ദ്രവ ഇന്ധന എന്‍ജിന്‍ അഥവാ ലാം പ്രവര്‍ത്തനം ആരംഭിച്ചു. എന്‍ജിന്‍ ജ്വലനം തുടങ്ങി 4.3 മിനിറ്റ് കഴിഞ്ഞപ്പോള്‍ ചൊവ്വ കാഴ്ചയില്‍നിന്നു മറയുന്ന മാഴ്‌സ് ഒക്കള്‍ട്ട് തുടങ്ങി. ഇതൊരു അനിശ്ചിതത്വത്തിന്റെ നിമിഷമായിരുന്നു. 7:21:50 ന് ആരംഭിച്ച ഈ പ്രതിഭാസം 7:45:10 ന് അവസാനിച്ചു.
ചൊവ്വ മറഞ്ഞു നിമിഷങ്ങള്‍ക്കകം (7:22:32 ന്) പേടകവുമായുള്ള വാര്‍ത്താവിനിമയം മുറിഞ്ഞു. എന്നാല്‍ 7:30:02 ന് എന്‍ജിനില്‍ ജ്വലനം തുടങ്ങിയെന്ന വിവരം കിട്ടി. ഇതോടെ ശാസ്ത്രസമൂഹത്തിന് ആശ്വാസമായി. 7:42:46 മുതല്‍ 8:04:32 വരെ മംഗള്‍യാനെ വീണ്ടും തിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നു. മിനിറ്റുകള്‍ക്കുമുമ്പ് നഷ്ടമായ വാര്‍ത്താവിനിമയം7:47:46 നു പുനരാരംഭിച്ചു.
കാന്‍ബറയിലെ കേന്ദ്രത്തിലാണ് പേടകത്തില്‍ നിന്നുള്ള സിഗ്നലുകള്‍ ആദ്യം ലഭിച്ചത്. അവര്‍ നിമിഷങ്ങള്‍ക്കകം ഐഎസ്ആര്‍ഒയ്ക്ക് വിവരം കൈമാറി. അതോടെ ഇന്ത്യം ദൗത്യം വിജയിച്ചുവെന്ന് ഉറപ്പിച്ചു.
ചൊവ്വയോട് 423 കിലോമീറ്റര്‍വരെ അടുത്തും 80000 കിലോമീറ്റര്‍ വരെ അകന്നുമുള്ള ഒരു ദീര്‍ഘവൃത്തപഥത്തിലാണ് മംഗള്‍യാന്‍ ഇപ്പോഴുള്ളത്. ഈ ഭ്രമണപഥത്തിലൂടെ മംഗള്‍യാന്‍ ഭൂമിയിലെ 75.8 മണിക്കൂര്‍കൊണ്ട് ചൊവ്വയെ ഒരുവട്ടം ചുറ്റും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























