കല്‍ക്കരിപ്പാടം അഴിമതിക്കേസിലെ 214 ലൈസന്‍സുകള്‍ സുപ്രീംകോടതി റദ്ദാക്കി

നിയമവിരുദ്ധമായി അനുവദിച്ച 214 കല്‍ക്കരിപ്പാടങ്ങളുടെ ലൈസന്‍സ് സുപ്രീംകോടതി റദ്ദാക്കി. 1993നും 2011നും ഇടയില്‍ ലൈസന്‍സ് ലഭിച്ചതാണ് ഇവ. അതെസമയം പൊതുമേഖലാ സ്ഥാപനങ്ങളായ കോള്‍ ഇന്ത്യയുടെയും എന്‍ടിപിസിയുടെയും നാല് കല്‍ക്കരിപ്പാടങ്ങള്‍ക്ക് പ്രവര്‍ത്തനം തുടരാമെന്നും ചീഫ് ജസ്റ്റിസ് ആര്‍.എം ലോധ, ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.
ഇപ്പോള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതും കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ടതുമായ 46 കല്‍ക്കരി ബ്ലോക്കുകളുടെ ഉടമകളോട് ആറുമാസത്തിനകം മറുപടി സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചു. 1993 ജൂലായ് 17 മുതല്‍ ചേര്‍ന്ന 36 സ്‌ക്രീനിങ് കമ്മറ്റി യോഗങ്ങളില്‍ വിതരണം ചെയ്ത കല്‍ക്കരിപ്പാടങ്ങളാണ് നിയമവിരുദ്ധമെന്ന് കോടതി കണ്ടെത്തിയത്.
കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതില്‍ സുതാര്യത തീരെയില്ലായിരുന്നുവെന്ന് നിരീക്ഷിച്ച കോടതി മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് അനുമതികള്‍ നല്‍കിയതെന്ന് കണ്ടെത്തി. സ്‌ക്രീനിംഗ് കമ്മിറ്റികള്‍ സ്ഥിരതയോടെയല്ല തീരുമാനങ്ങളെടുത്തിരുന്നത്. മെറിറ്റ് പരിശോധിക്കാന്‍ കീഴ്‌വഴക്കമോ, മാര്‍ഗനിര്‍ദ്ദേശങ്ങളോ പിന്തുടര്‍ന്നില്ല. രാജ്യത്തിന്റെ സമ്പത്ത് ക്രമവിരുദ്ധമായി വിതരണം ചെയ്യപ്പെട്ടു. പൊതു നന്മയും ജനതാല്‍പര്യവും സംരക്ഷിക്കപ്പെട്ടില്ലെന്നും വിധിയില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























