അസഭ്യം പറഞ്ഞ് പിണറായി വിജയനെ പ്രീതിപ്പെടുത്തി മെച്ചപ്പെട്ട വകുപ്പ് നേടാനാണോ ശ്രമം; പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാരെ അവഹേളിച്ച മന്ത്രി സജി ചെറിയാന്‍റെ പരാമർശം കേരളസമൂഹത്തിന് അപമാനമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ

പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാരെ അവഹേളിച്ച മന്ത്രി സജി ചെറിയാന്‍റെ പരാമർശം കേരളസമൂഹത്തിന് അപമാനമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. അസഭ്യം പറഞ്ഞ് പിണറായി വിജയനെ പ്രീതിപ്പെടുത്തി മെച്ചപ്പെട്ട വകുപ്പ് നേടാനാണോ സജി ചെറിയാന്‍റെ ശ്രമമെന്ന് കേന്ദ്രമന്ത്രി ചോദിച്ചു. മുഖ്യമന്ത്രിയുടെ മൗനം സഭയോടുള്ള സർക്കാരിന്‍റെ നിലപാട് വ്യക്തമാക്കുന്നതാണെന്നും വി.മുരളീധരൻ കോഴിക്കോട് പറഞ്ഞു.
പിണറായി വിജയൻ മന്ത്രിസഭയിൽ ഗുണ്ടായിസം കാണിക്കുന്നവർക്കാണ് അംഗീകാരം എന്നതാണ് അവസ്ഥ. സജി ചെറിയാന്‍റെ ചരിത്രം എല്ലാവർക്കും അറിയാം. പഴയ ആർഷോയാണ് പുതിയ സജി ചെറിയാനെന്നും കേന്ദ്രമന്ത്രി പരിഹസിച്ചു.
സകലഅരമനയും കയറി നിരങ്ങുന്ന വ്യക്തിയാണ് സജി ചെറിയാൻ. അദ്ദേഹമാണ് രാജ്യത്തെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിരുന്നിൽ പങ്കെടുത്തവരെ പരിഹസിക്കുന്നത്. "എന്ത് പ്രഹസനമാണ് സജി" എന്നുമാത്രമേ ചോദിക്കാനുള്ളൂ എന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു.
മണിപ്പൂർ കലാപത്തിലെ സഭയുടെ നിലപാടില്‍ പുരോഹിതർ തന്നെ വ്യക്തത വരുത്തിയതാണ്. അതിലും വലിയ വിശദീകരണം പിണറായി വിജയനോ വി.ഡി. സതീശനോ നൽകേണ്ടതില്ല എന്നും കേന്ദ്രമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha