ഇന്ത്യയിലെ ഇലക്ടോണിക് വോട്ടിംഗ് യന്ത്രങ്ങളും വിരല്‍ അമര്‍ത്തിയുള്ള വോട്ടിംഗും ഒന്നാംതരം തട്ടിപ്പോ? വോട്ടിംഗില്‍ വന്‍കൃത്രിമം നടത്തുന്ന ആസൂത്രിത നീക്കം ഇന്ത്യയില്‍ നടക്കുന്നുണ്ടോ? ദേശീയ തെരഞ്ഞെടുപ്പിന് അഞ്ചു മാസം ബാക്കി നില്‍ക്കെ ഇന്ത്യയൊട്ടാകെ ആ ചോദ്യം ഉയരുന്നു

ഇന്ത്യയിലെ ഇലക്ടോണിക് വോട്ടിംഗ് യന്ത്രങ്ങളും വിരല്‍ അമര്‍ത്തിയുള്ള വോട്ടിംഗും ഒന്നാംതരം തട്ടിപ്പോ. വോട്ടിംഗില്‍ വന്‍കൃത്രിമം നടത്തുന്ന ആസൂത്രിത നീക്കം ഇന്ത്യയില്‍ നടക്കുന്നുണ്ടോ. ദേശീയ തെരഞ്ഞെടുപ്പിന് അഞ്ചു മാസം ബാക്കി നില്‍ക്കെ ഇന്ത്യയൊട്ടാകെ ആ ചോദ്യം ഉയരുകയാണ്. മേയിലും ജൂണിലുമായി ഇന്ത്യയിലെ 29 സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ ജനവിധി അട്ടിമറിക്കപ്പെടുമോ എന്നതിലാണ് വിമര്‍ശനം ഉയരുന്നത്. ഭരണത്തിലെത്തുക ഇന്ത്യാ മുന്നണിയോ അതോ ബിജെപി മുന്നണിയോ എന്നറിയാനുള്ള തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ദേശീയതലത്തില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്വത ചോദ്യം ചെയ്യപ്പെടുകയാണ്.
യന്ത്രത്തിലെ വിവി പാറ്റ് സ്ളിപ്പുകള്‍ പൂര്‍ണമായും എണ്ണണമെന്ന് ഇന്‍ഡ്യാ മുന്നണി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നു. വോട്ട് ചെയ്തശേഷം കാണുന്ന വിവി പാറ്റ് സ്ളിപ്പ് നിലവില്‍ അതേ പെട്ടിയിലേക്ക് വീഴുന്ന രീതിയാണ് നിലവിലുള്ളത്. ഇത് മാറ്റി വിവി പാറ്റ് സ്ളിപ്പ് വോട്ടറുടെ കൈവശം ലഭിക്കുകയും തുടര്‍ന്ന് അത് പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം പ്രത്യേകം പെട്ടിയില്‍ നിക്ഷേപിക്കാനും സാധിക്കണമെന്നാണ് ആവശ്യമുയരുന്നത്. ഇന്‍ഡ്യ സഖ്യത്തിലെ പാര്‍ട്ടികള്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ പ്രവര്‍ത്തനവും വിശ്വാസ്യതയും ചോദ്യം ചെയ്ത് വിശദമായ നിവേദനം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് സമര്‍പ്പിച്ചിരുന്നു.
മുന്‍പ് മധ്യപ്രദേശില്‍നിന്നു പ്രചരിച്ച ഒരു വീഡിയോയില്‍ വോട്ടിംഗ് യന്ത്രത്തില്‍ ബി.ജെ.പിയുടെയോ കോണ്‍ഗ്രസിന്റെയോ ബി.എസ്.പിയുടെയോ നേരെയുള്ള ബട്ടണ്‍ അമര്‍ത്തിയാല്‍ ബി.ജെ.പിയുടെ ചിഹ്നത്തിനുമാത്രം വോട്ടു വീഴുന്ന സംഭവം ഏറെ ആശങ്കകള്‍ക്കിടയാക്കിയിരുന്നു.
മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലുള്ള ആതെറില്‍ ഉപതെരഞ്ഞെടുപ്പിനെത്തിച്ച വോട്ടിംഗ് യന്ത്രങ്ങള്‍ പ്രവര്‍ത്തനയോഗ്യമാണോ എന്നറിയാനുള്ള പരിശോധനയിലാണ് ഏതു ചിഹ്നം അമര്‍ത്തിയാലും താമരചിഹ്നത്തില്‍ വോട്ടുവീഴുന്ന സംഭവം കണ്ടെത്തിയത്. പിന്നീട് ഉത്തര്‍പ്രദേശിവും യന്ത്രത്തട്ടിപ്പു നടന്നെന്നു മായാവതിയും ഉത്തരാഖണ്ഡില്‍ തട്ടിപ്പുണ്ടായെന്നു ഹരീഷ് റാവത്തും പഞ്ചാബില്‍ സംഭവിച്ചെന്നു കെജ്രിവാളും ആരോപണമുയര്‍ത്തിയിരുന്നു.
രാജ്യത്തെ വോട്ടിംഗ് യന്ത്രങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ ഉപയോഗിക്കുന്ന സാഹചര്യമുണ്ട്. ഓരോ തെരഞ്ഞെടുപ്പ് കഴിഞ്ഞശേഷവും യന്ത്രങ്ങളിലെ രേഖകള്‍ മായിച്ചുകളയുക അടുത്ത തെരഞ്ഞടുപ്പ് വേളയിലായിരിക്കും. യന്ത്രങ്ങളില്‍ കേടുവരുത്തുന്നതായും അതല്ല കേടുള്ള യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതായും വ്യാപക ആക്ഷേപങ്ങളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.
അതേസമയം കഴിഞ്ഞ മൂന്നു ലോക്സഭാ തെരഞ്ഞെടുപ്പുകളും വിവിധ സംസ്ഥാനങ്ങളിലെ 107 തെരഞ്ഞെടുപ്പുകളും വിവാദമില്ലാതെ കടന്നുപോയതായെന്നും യന്ത്രങ്ങളില്‍ തട്ടിപ്പ് സാധിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ന്യായീകരിക്കുന്നു. ഇന്ത്യയില്‍ ആദ്യമായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രം പരീക്ഷിച്ചത് 1982ല്‍ കേരളത്തിലെ വടക്കന്‍ പറവൂരിലെ ഉപതെരഞ്ഞെടുപ്പിലായിരുന്നു. 1999 മുതലുള്ള എല്ലാ തെരഞ്ഞെടുപ്പിലും ഈ യന്ത്രം ഉപയോഗിച്ചു വരുന്നു.
എന്നാല്‍, ലോകരാഷ്ട്രങ്ങളില്‍ പലതും ഇന്നും വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതില്‍ വിമുഖത കാട്ടുകയാണെന്നും സാങ്കേതികമായി ഏറെ മുന്നിലുള്ള അമേരിക്കയില്‍പോലും കടലാസ് ബാലറ്റാണ് ഉപയോഗിക്കുന്നതെന്നും വിമര്‍ശകര്‍ വ്യക്തമാക്കുന്നു. ഏറെ കാലക്കഴക്കം ചെന്ന യന്ത്രങ്ങളാണ് ഇന്ത്യയില്‍ ഇപ്പോഴും ഉപയോഗിക്കുന്നതെന്നതാണാ മറ്റൊര വിമര്‍ശനം. അതേ സമയം ഇന്ത്യയിലെ നൂറു കോടിയോളം വരുന്ന വോട്ടര്‍മാരുടെ കടലാസ് ബാലറ്റുകള്‍ എണ്ണിത്തീര്‍ക്കുക ഒരിക്കലും പ്രായോഗികമല്ലെന്നാണ് പൊതുവെയുള്ള അഭിപ്രായം.
അതേ സമയം വോട്ടിംഗ് ശതമാനത്തിലെ നേരിയ വ്യതിയാനത്തിലും സീറ്റുകളുടെ എണ്ണത്തില്‍ വലിയ വ്യത്യാസം വരുന്ന സാഹചര്യത്തെയാണ് പരക്കെ സംശയിക്കുന്നത്. 2006 ല്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമത്വത്തിനു വിധേയമാക്കാമെന്ന തെളിവുസഹിതം ഒരു ഡച്ച് ടിവി ചാനല്‍ വാര്‍ത്ത പുറത്തുവിട്ടിരുന്നു. ഇതേത്തുടര്‍ന്ന് നെതര്‍ലാന്‍ഡില്‍ യന്ത്രങ്ങള്‍ പിന്‍വലിച്ചു തെരഞ്ഞെടുപ്പുകള്‍ ബാലറ്റ് പേപ്പറിലാക്കിയിരുന്നു.
2010ല്‍ ഇന്ത്യന്‍ യന്ത്രങ്ങളെപ്പറ്റി ഗവേഷണം നടത്തിയ ഗവേഷകര്‍ മുന്‍കൂട്ടി ലഭ്യമാക്കിയാല്‍ യന്ത്രങ്ങളില്‍ മാറ്റം വരുത്താനാവുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. മൊബൈല്‍ ഫോണ്‍ സിഗ്‌നലുകള്‍ യന്ത്രങ്ങളുമായി ബന്ധിപ്പിച്ചാല്‍ കൃത്രിമത്വം ദൂരെയിരുന്നു സാധ്യമാകുമെന്നായിരുന്നു അവരുടെ കണ്ടെത്തല്‍. ഹരിയാന, ബീഹാര്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മുന്‍പ് സ്വകാര്യ വാഹനങ്ങളില്‍ കടത്തുകയായിരുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ പ്രതിപക്ഷ കക്ഷി പ്രവര്‍ത്തകര്‍ പിടികൂടിയ സംഭവമുണ്ടായി.
യു പിയിലെതന്നെ ദൊമാരിയഗഞ്ചില്‍ ഒരു മിനി ലോറി നിറയെ വോട്ടിംഗ് മെഷീനുകള്‍ സ്ട്രോംഗ് റൂമില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമവും നടന്നു. വരാണാസിക്കു സമീപം ചന്ദൗളി മണ്ഡലത്തിലും ഝാന്‍സിയിലും വോട്ടിംഗ് യന്ത്രങ്ങളും വി വി പാറ്റുകളും കാറുകളിലേക്ക് മാറ്റുന്നതിന്റെയും വോട്ടെണ്ണല്‍ കേന്ദ്രമെന്നു തോന്നിപ്പിക്കുന്ന മുറിക്കുള്ളില്‍ കൊണ്ടുവെക്കുന്നതിന്റെയും മൊബൈല്‍ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
15 വര്‍ഷം വരെയാണ് യന്ത്രങ്ങളുടെ കാലാവധിയെങ്കിലും അതിനേക്കാള്‍ പഴക്കമുള്ള യന്ത്രങ്ങള്‍ ഇന്ത്യയില്‍ ഉപയോഗത്തിലുണ്ട്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ പുതിയ യന്ത്രങ്ങള്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ വാങ്ങിയിട്ടില്ലെന്നതും വിമര്‍ശനത്തിന് ഇടയാക്കുന്നു. സാങ്കേതികജ്ഞാനവും സമയവും ഏറെ വേണമെന്നതിനാല്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ ക്രമക്കേട് വരുത്താനാവില്ലെന്നാണ് മുന്‍പ് സുബ്രഹ്മണ്യന്‍സ്വാമി നല്‍കിയ ഹരജിയുമായി ബന്ധപ്പെട്ട കേസില്‍ തെരഞ്ഞെടുപ്പുകമ്മിഷന്‍ സുപ്രിംകോടതിയില്‍ തെളിവുസഹിതം വിശദീകരണം നല്‍കിയത്.
വോട്ടിംഗ് കുറ്റമറ്റതാക്കാന്‍ ആരുടെ പേരിലാണു തന്റെ വോട്ടു രേഖപ്പെടുത്തിയിരിക്കുന്നത് എന്നറിയാനുള്ള വോട്ടറുടെ അവകാശം സംരക്ഷിക്കപ്പെട്ടേ തീരൂ. ഇതുസംബന്ധിച്ചു സുപ്രിംകോടതിയിലെത്തിയ അപ്പീലുകളെ തുടര്‍ന്ന് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍ക്ക് അതു യന്ത്രത്തില്‍ കാണാനുള്ള അവസരം ലഭ്യമാക്കാമെന്നു തെരഞ്ഞെടുപ്പ് കമ്മിഷന്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ അടുത്ത ദേശീയ തെരഞ്ഞെടുപ്പില്‍ ഇതിനുള്ള സംവിധാനമുണ്ടാകാനുള്ള സാധ്യത നന്നേ കുറവാണ്.
https://www.facebook.com/Malayalivartha