അതൃപ്തിയോടെ ഇറങ്ങിപ്പോയ കെ സുധാകരന്‍ ഹൈക്കമാന്‍ഡിനെ സമ്മര്‍ദ്ദത്തിലാക്കി; അടുത്ത ദിവസം തന്നെ ഇന്ദിരാഭവനിലെത്തി അധ്യക്ഷസ്ഥാനം ഏറ്റെടുത്തു; ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വരും മുന്നേ കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷമാകുന്നു

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വരും മുന്നേ കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷമാകുന്നു. ആദ്യം കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ കസേര തെറുപ്പിക്കാനുള്ള എ,ഐ ഗ്രൂപ്പുകളുടെ നീക്കവും അതിനെ തുടര്‍ന്നുണ്ടായ പുകിലുകളുമാണ് നടന്നത്. തെരഞ്ഞെടുപ്പ് ഫലം വരും വരെ തല്‍സ്ഥിതി തുടരാനാണ് അന്ന് തീരുമാനമെടുത്തത്. അതോടെ അതൃപ്തിയോടെ ഇറങ്ങിപ്പോയ കെ സുധാകരന്‍ ഹൈക്കമാന്‍ഡിനെ സമ്മര്‍ദ്ദത്തിലാക്കി, അടുത്ത ദിവസം തന്നെ ഇന്ദിരാഭവനിലെത്തി അധ്യക്ഷസ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.
അധികാരകൈമാറ്റത്തിന് പ്രസിഡന്റിന്റെ ചുമതലയുണ്ടായിരുന്ന എം.എം ഹസന്‍ എത്തിയില്ല എന്നതാണ് ഇതിന്റെ ഹൈലൈറ്റ്. അവിടം കൊണ്ടും അങ്കക്കലികള്‍ അവസാനിച്ചില്ല. തോല്‍വി ഏകദേശം ഉറപ്പിച്ച അടൂര്‍ പ്രകാശും രാജ്‌മോഹന്‍ ഉണ്ണിത്താനും പ്രതികരണങ്ങളുമായി രംഗത്തെത്തി. സി.പി.എമ്മിനെ തറപറ്റിക്കാന്‍ സുവര്‍ണാവസരം ലഭിച്ചിട്ടും അതിന് മുതിരാതെ തമ്മിലടിച്ച് കുലംമുടിക്കാനാണ് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ ശ്രമിച്ചത്.
അതുകൊണ്ട് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കിട്ടിയ മൃഗീയഭൂരിപക്ഷം ഇത്തവണ കിട്ടില്ലെന്ന് ഏതാണ്ടുറപ്പായി. കെ.സുധാകരന്റെയും വി.ഡി സതീശന്റെയും നേതൃത്വത്തില്‍ സംഘടന ദയനീയമായ അവസ്ഥയിലായി. വോട്ടെടുപ്പ് ദിവസം അത് വ്യക്തമാകുന്നതായിരുന്നു പല ബൂത്തിലെയും കാഴ്ചകള്‍. പലയിടത്തും കോണ്‍ഗ്രസിന് ബൂത്ത് ഏജന്റുമാര്‍ പോലുമില്ലായിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് പുന:സംഘടന നടത്തിയത് വലി വീഴ്ചയായെന്നാണ് അടൂര്‍ പ്രകാശ് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
അതായത് എല്ലാവരും ലക്ഷ്യം വയ്ക്കുന്നത് കെ.സുധാകരനെയാണെന്ന് വ്യക്തം. തന്റെ ചോര കുടിച്ച് വീര്‍ക്കാന്‍ ആരേയും അനുവദിക്കില്ലെന്ന നിലപാടിലാണ് കെ. സുധാകരന്‍. അദ്ദേഹത്തിന് കണ്ണൂരിലെ കോണ്‍ഗ്രസുകാരുടെ പിന്തുണമാത്രമാണുള്ളത്. കഴിഞ്ഞയാഴ്ച സ്ഥാനമേറ്റെടുക്കാന്‍ ഇന്ദിരാഭവനിലേക്ക് വന്നപ്പോള്‍ പ്രവര്‍ത്തകര്‍ വിളിച്ച കണ്ണൂരിന്റെ മുത്തേ.... കെ.എസേ... എന്ന് മുദ്രാവാക്യം മാത്രം മതി അത് മനസ്സിലാക്കാന്‍.
കാസര്‍കോട് ജില്ലയിലെ ചില നേതാക്കള്‍ തന്നെ തോല്‍പ്പിക്കാന്‍ ആസൂത്രിതമായി ശ്രമിച്ചെന്ന ആക്ഷേപവുമായി രാജ്‌മോഹന്‍ ഉണ്ണിത്താനും രംഗത്തെത്തി. കെപിസിസി ജനറല്‍ സെക്രട്ടറി പെരിയ ബാലകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിപാടികളെന്നും ഉണ്ണിത്താന്‍ ആരോപിക്കുന്നു. ബാലകൃഷ്ണന്‍ തനിക്കെതിരെ പ്രവര്‍ത്തിച്ചതിന്റെ ശബ്ദസന്ദേശം കയ്യിലുണ്ടെന്നും അവകാശപ്പെട്ടു. ജില്ലയിലെ കോണ്‍ഗ്രസുകാരെ തമ്മിലടിപ്പിക്കുന്ന വരത്തനാണ് ഉണ്ണിത്താനെന്ന തരംതാണ പ്രതികരണമാണ് ബാലകൃഷ്ണന്‍ നടത്തിയത്.
ബാലകൃഷ്ണനെ വിലക്കാന്‍ നേതൃത്വം തയ്യാറായതുമില്ല. പലര്‍ക്കും പാര്‍ട്ടിയിലല്ല, സ്ഥാനാര്‍ത്ഥികളുടെ പ്രകടനത്തിലാണ് വിശ്വാസം. ആ വിശ്വാസമുള്ളവര്‍ വിജയിക്കും ബാക്കിയുള്ളവര്‍ ആരോപണവുമായി കളത്തിലിറങ്ങി. തങ്ങളെ തേച്ചൊട്ടിച്ചെന്ന് അവര്‍ക്ക് വ്യക്തമായി. തൃശൂരില്‍ കെ.മുരളീധരനെയും കോഴിക്കോട് എം.കെ രാഘവനെയും പരാജയപ്പെടുത്താനുള്ള നീക്കം നടന്നെന്നാണ് ആക്ഷേപം. അവസാന നിമിഷം സ്ഥാനാര്‍ത്ഥിയായി എത്തിയതാണ് മുരളിക്ക് തിരിച്ചടിയായത്. പ്രചരണം ആരംഭിച്ച ടിഎന്‍ പ്രതാപന് പിന്‍മാറേണ്ടി വന്നു.
പ്രതാപനും മുന്‍ എം.എല്‍.എ വിന്‍സെന്റും ചേര്‍ന്ന് മുരളിക്ക് അഡാറ് പണികൊടുത്തെന്നാണ് റിപ്പോര്‍ട്ട്. ന്യൂനപക്ഷവോട്ടുകളില്‍ വീള്ളലുണ്ടാക്കാന്‍ സ്വീധീനമുള്ളവരാണ് രണ്ട് പേരും. താന്‍ കഴിഞ്ഞ തവണ നിയമസഭയിലേക്ക് മത്സരിച്ചപ്പോള്‍ പരാജയപ്പെട്ടതിന് പ്രധാനകാരണം ഇവരായിരുന്നെന്ന് പത്മജ വേണുഗോപാല്‍ ആരോപിച്ചിരന്നു. മുമ്പ് വടക്കാഞ്ചേരിയില്‍ മത്സരിച്ച് പരാജയപ്പെട്ടയാളാണ് കെ.മുരളീധരന്‍.
കരുണാകരന്റെ തട്ടകമാണ് തൃശൂരെങ്കിലും മക്കള്‍ക്ക് അത്രസ്വാധീനമില്ല. എം.കെ രാഘവനെ തോല്‍പ്പിക്കാന്‍ ടി.സിദ്ധിഖും സംഘവും കിണഞ്ഞ് പരിശ്രമിച്ചെന്നാണ് മറ്റൊരു പ്രധാന ആക്ഷേപം. രാഹുല്‍ഗാന്ധിയുടെ പ്രചരണത്തിനാണ് സിദ്ധിഖ് കൂടുതല്‍ സമയം ചെലവഴിച്ചതെന്നും ആരോപണമുണ്ട്. കോഴിക്കോട് നിന്ന് രാഘവന്‍ തുടര്‍ച്ചയായി ജയിച്ചുവരുന്നത് പലര്‍ക്കും അത്രപിടിക്കുന്നില്ല.
കഴിഞ്ഞ തവണത്തേത് പോലുള്ള വിജയം ഇത്തവണ കോണ്‍ഗ്രസിന് ലഭിക്കില്ലെന്ന് അവര്‍ക്ക് തന്നെ ഉറപ്പായി. അങ്ങനെയെങ്കില്‍ സി.പിഎമ്മിനും പിണറായിക്കും മേല്‍ക്കൈ നേടാനുള്ള അവസരമാണ് ലഭിക്കുക. അതിന് കാരണം കെ.സുധാകരന്റെയും വിഡി സതീശന്റെയും നേതൃത്വ പരാജയമാണ്. അതിനെ മുതലെടുത്ത് ഇരുവരെയും മാറ്റണമെന്ന ശക്തമായ ആവശ്യമാണ് എ,ഐ ഗ്രൂപ്പുകള്‍ നടത്തുന്നത്. രണ്ട് കൊല്ലം കഴിഞ്ഞ് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും അതിന് മുമ്പുള്ള തദ്ദേശ തെരഞ്ഞെടുപ്പും വിജയിക്കണമെങ്കില്‍ നിലവിലെ നേതൃത്വം പോരാ എന്നാണ് വിലയിരുത്തല്‍.
പുതിയ നേതൃത്വം വന്ന സംഘടനയില്‍ ശക്തമായ അഴിച്ചുപണി നടത്തണം. പ്രവര്‍ത്തകരെ സജ്ജമാക്കണം. അല്ലാതെ സംഘടനാ ദൗര്‍ബല്യം എന്ന പരാതി പറഞ്ഞിട്ട് യാതൊരു കാര്യവുമില്ലെന്നാണ് അടൂര്‍പ്രകാശ് ചൂണ്ടിക്കാണിക്കുന്നത്. തിരുവനന്തപുരത്ത് പല ബൂത്തിലും കോണ്‍ഗ്രസിന് ഏജന്റുമാര്‍ ഉണ്ടായിരുന്നില്ല. ഇത് ശശി തരൂരിന്റെ വിജയത്തെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. തരൂരിന്റെ ഭാഗത്തും വീഴ്ചകളുണ്ടെന്നാണ് പ്രാദേശിക നേതാക്കളുടെ ആക്ഷേപം.
നിലവിലെ സാഹചര്യത്തില്‍ കെ.മുരളീധരനെ കെ.പി.സി.സി പ്രസിഡന്റാക്കി സംഘടനയെ ശക്തിപ്പെടുത്തുക എന്നതാണ് ഉചിതമായ പരിഹാരമാര്‍ഗ്ഗം. എന്നാല്‍ എ, ഐ ഗ്രൂപ്പുകള്‍ അതിന് തയ്യാറാകുമെന്ന് തോന്നുന്നില്ല. ഹൈക്കമാന്‍ഡ് അങ്ങനെയൊരു നിലപാട് എടുക്കുമെന്ന് കരുതുന്നില്ല. കാരണം സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണല്ലോ, അദ്ദേഹം തനിക്ക് വേണ്ടപ്പെട്ട ആരെയെങ്കിലും കെ.പി സിസി അധ്യക്ഷനാക്കാനാണ് നീക്കം നടത്തുന്നത്. സംഘടനാ ദൗര്‍ബല്യമുണ്ടെന്ന് എല്ലാവരും പരസ്യമായി സമ്മതിക്കുമ്പോള്‍ തന്നെ അതിന് ശാശ്വതമായ പരിഹാരം കാണാന്‍ ആരും തയ്യാറാകുന്നില്ല. നേതാക്കളെല്ലാം തങ്ങളുടെ സ്ഥാനവും പദവിയും ഉറപ്പിക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നത്.
https://www.facebook.com/Malayalivartha