പത്തനംതിട്ടയില്‍ 12 ഓളം കേസുകളിലെ പ്രതികളും കാപ്പ നിയമപ്രകാരം നാടുകടത്തിയവരുമായ രണ്ട് ഗുണ്ടകളെ സ്വീകരിച്ച് ആനയിച്ച് പാര്‍ട്ടിയില്‍ ചേര്‍ത്ത് മന്ത്രി വീണാ ജോര്‍ജ്ജ്; തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പിണറായി വിജയനും സിപിഎമ്മും തെറ്റുതിരുത്തല്‍ പ്രഖ്യാപിച്ചെങ്കിലും ഒന്നും നടക്കില്ലെന്നാണ് പുറത്തുവരുന്ന ഓരോ സംഭവങ്ങളും വ്യക്തമാക്കുന്നത്

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പിണറായി വിജയനും സിപിഎമ്മും തെറ്റുതിരുത്തല്‍ പ്രഖ്യാപിച്ചെങ്കിലും ഒന്നും നടക്കില്ലെന്നാണ് പുറത്തുവരുന്ന ഓരോ സംഭവങ്ങളും വ്യക്തമാക്കുന്നത്. ഈ സംഭവങ്ങളെയെല്ലാം തള്ളിപ്പറയാന്‍ പാര്‍ട്ടി തയ്യാറായില്ലെന്ന് മാത്രമല്ല, മന്ത്രിമാരടക്കം ന്യായീകരിച്ച് രംഗത്തെത്തുകയും ചെയ്തു. പത്തനംതിട്ടയില്‍ 12 ഓളം കേസുകളിലെ പ്രതികളും കാപ്പ നിയമപ്രകാരം നാടുകടത്തിയവരുമായ രണ്ട് ഗുണ്ടകളെയാണ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സ്വീകരിച്ച് ആനയിച്ച് പാര്‍ട്ടിയില്‍ ചേര്‍ത്തത്.
പല നേതാക്കള്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുള്ളവരുമായി അടുപ്പമുണ്ടെന്ന ആരോപണം ശക്തമാവുകയും കണ്ണൂര്‍ ജില്ലാ കമ്മിറ്റി അടക്കം ഇതിനെ തള്ളിപ്പറയുകയും ചെയ്തതിന് പിന്നാലെയാണ് പത്തനംതിട്ട ജില്ലാ സെക്രട്ടറി അടക്കം രണ്ട് ഗുണ്ടകള്‍ക്ക് സ്വീകരണം നല്‍കിയത്. പാര്‍ട്ടിയുടെ അംഗബലം കൂട്ടുന്നതും ശക്തി പ്രകടിപ്പിക്കുന്നതും ഈ രീതിയിലാണെങ്കില്‍ വരുന്ന ഗുണ്ടകളും നേതാക്കളും മാത്രമേ പാര്‍ട്ടിയില്‍ കാണൂ. പിഎസ് സി അംഗത്വം നല്‍കാമെന്ന് പറഞ്ഞ് കോഴിക്കോട് ജില്ലയിലെ പ്രമുഖനായ പ്രാദേശിക നേതാവ് ഹോമിയോ ഡോക്ടറുടെ കയ്യില്‍ നിന്ന് 22 ലക്ഷം രൂപയാണ് കൈപ്പറ്റിയത്.
പാര്‍ട്ടി നേതൃത്വം അറിയാതെയാണ് ഈ തട്ടിപ്പ് നടത്തിയതെന്നാണ് അറിയാന്‍ കഴിയുന്നത്. ഇത്രയും ഉന്നതമായ പദവി സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനത്തിന് അനുസരിച്ചാണ് നല്‍കുന്നത്. അതിന് പ്രാദേശിക നേതാവ് കോഴ വാങ്ങിയതെന്ന് പറയുന്നത് ശരിവയ്ക്കുന്ന തരത്തിലുള്ള വിമര്‍ശനമാണ് കഴിഞ്ഞ ദിവസം എം.വി ഗോവിന്ദന്‍ തിരുവനന്തപുരത്ത് ബ്രാഞ്ച് സെക്രട്ടറിമാരോട് നടത്തിയ റിപ്പോര്‍ട്ടിംഗില്‍ നടത്തിയത്. സഖാക്കള്‍ക്ക് പണത്തോട് ആര്‍ത്തിയാണെന്നും പണമുണ്ടാക്കാനാണ് പലരും പാര്‍ട്ടിയിലെത്തുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. താഴേതട്ടിലുള്ള നേതാക്കള്‍ക്ക് വരെ അഹങ്കാരമാണെന്നും ഇതാണ് പരാജയത്തിന് അടിസ്ഥാന കാരണമെന്നും കേന്ദ്രകമ്മിറ്റി വിലയിരുത്തിയതും കൂട്ടിവായിക്കണം.
സിഐടിയു തൊഴിലാളികള്‍ മുതല്‍ എസ്എഫ്‌ഐക്കാര്‍ക്ക് വരെ അഹങ്കാരമാണ്. സ്വന്തം തൊഴിലാളികളെ ഉപയോഗിച്ച് സാധനങ്ങള്‍ ഇറക്കിയ തൊഴിലുടമയെയും മറ്റ് തൊഴിലാളികളെയും സിഐടിയുക്കാര്‍ ഓടിച്ചിട്ട് മര്‍ദ്ദിച്ചിരുന്നു. എന്തൊരു പ്രാകൃതമായ സംസ്‌കാരമാണത്. ഇതിനെയാണ് പിടിച്ചുപറി എന്ന് പറയുന്നത്. ഇത്തരം കൊള്ളരുതായ്മകളാണ് ജനങ്ങളെ സിപിഎമ്മില്‍ നിന്ന് അകറ്റുന്നത്.
ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ശിക്ഷായിളവ് തേടി സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെ കോടതി സംസ്ഥാന സര്‍ക്കാരിനോട് നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത് സിപിഎമ്മിനെ സംബന്ധിച്ച് വലിയ തലവേദനായായി മാറി.്പ്രതികള്‍ക്കൊപ്പം നിന്നാല്‍ സിപിഎമ്മിന്റെ ചരമക്കുറിപ്പ് എഴുതേണ്ട രീതിയിലേക്ക് കാര്യങ്ങ്ള്‍ നീങ്ങും. പ്രതിപക്ഷവും ബിജെപിയും രാഷ്ട്രീയ ആയുധമാക്കും. ജനപിന്തുണ നഷ്ടപ്പെട്ട സിപിഎമ്മിന് പുറത്തിറങ്ങാനാവാത്ത അവസ്ഥ ഉണ്ടാകും.
ഉദ്യോഗസ്ഥരെ പഴിചാരി രക്ഷപെടാനൊക്കില്ല. കാരണം തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണ്. ഇളവിന് അനുകൂലമല്ലെങ്കില്‍ പ്രതികളുടെ ഭാഗത്ത് നിന്ന് ശക്തമായ പ്രതിഷേധം ഉണ്ടാകും. പത്ത് കൊല്ലത്തിലധികമായി ജയിലില്‍ കഴിയുകയാണ് ഇവരെല്ലാം. ഉള്ളകാര്യം ഇവരാരെങ്കിലും വെട്ടിത്തുറന്ന് പറഞ്ഞാല്‍ സിപിഎമ്മിന്റെ കാര്യം പോക്കാണ്. മാത്രമല്ല പ്രതികള്‍ക്ക് തങ്ങളുടെ ജീവനില്‍ ഭയമുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. പ്രതിയായിരുന്ന പികെ കുഞ്ഞനന്തന്‍ മരിച്ചതില്‍ ദുരൂഹതയുണ്ടെന്ന് ലീഗ് നേതാവ് കെ.എം ഷാജി തുറന്നടിച്ചിരുന്നു.
അതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞതല്ലാതെ സിപിഎം ഒന്നും ചെയ്തില്ല. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യരുതെന്ന് പല സിപിഎം നേതാക്കളും തന്നോട് സ്വകാര്യമായി ആവശ്യപ്പെട്ടെന്നും ഷാജി വ്യക്തമാക്കി. ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണ് കുഞ്ഞനന്തന്‍ കൊല്ലപ്പെട്ടത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോള്‍ ഷാജി അയാളെ സന്ദര്‍ശിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം കേസിലെ മറ്റ് പ്രതികള്‍ക്കും അറിയാം. കുഞ്ഞനന്തന്റെ ഗതി തങ്ങള്‍ക്കും വരുമെന്നാണ് ഇവരുടെ ഭയം.
ആലപ്പുഴ ജില്ലയില്‍ സിപിഎമ്മിന്റെ അടിവേരിളകിയിരിക്കുകയാണ്. പ്രാദേശിക നേതാക്കളുടെ തന്‍പോരിമ വലിയ പ്രശ്‌നമാണെങ്കിലും അടിസ്ഥാനപരമായി സര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടാണ് തിരിച്ചടിയായത്. പ്രാദേശിക തലത്തില്‍ കുഴപ്പക്കാരായ എല്ലാ നേതാക്കളെയും പുറത്താക്കുമെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി. അതേസമയം വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറഞ്ഞ ഗോവിന്ദന്റെ നിലപാട് ആലപ്പുഴ ജില്ലാ നേതൃത്വം അംഗീകരിച്ചില്ല. അതേക്കുറിച്ച് സെക്രട്ടറി യാതൊരു പ്രതികരണവും നടത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. പുന്നപ്രവയലാര്‍ പ്രദേശത്ത് പോലും വലിയ തിരിച്ചടിയുണ്ടായി.
കുട്ടനാട്ടിലൊക്കെ ലോക്കല്‍ നേതാക്കള്‍ തമ്മില്‍ ഭിന്നത രൂക്ഷമാണ്. അതുകൊണ്ട് അടുത്തിടെ കുറേ പേര്‍ സിപിഐയില്‍ ചേര്‍ന്നിരുന്നു. ഇത്രയും സംഭവബഹുലമായ കാര്യങ്ങള്‍ നടന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. കാരണം പാര്‍ട്ടിയെ ഇത്രയും വലിയ കുഴപ്പത്തിലാക്കിയ മുഖ്യമന്ത്രിക്ക് തങ്ങളെ വിമര്‍ശിക്കാനും തിരുത്താനും എന്താണ് യോഗ്യത എന്നാണ് ഇവരെല്ലാം ചോദിക്കുന്നത്. സര്‍ക്കാരിലെയും പാര്‍ട്ടിയിലെയും എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം മുഖ്യമന്ത്രിയാണ് എന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്.
കോണ്‍ഗ്രസിലേത് പോലെ മുഖ്യമന്ത്രിക്കെതിരെയും ആരെങ്കിലും കൂടോത്രം ചെയ്തിട്ടുണ്ടോന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. അതിനിപ്പോ ക്ലിഫ്ഹൗസും പരിസരങ്ങളും കുഴിച്ച് നോക്കുന്നത് നന്നായിരിക്കും. വൈരുദ്ധാത്മിക ഭൗതികവാദവും മാര്‍കിസസവും ലെനിനിസവും കൂടോത്രത്തിനൊരു പ്രശ്‌നമല്ല. അതുകൊണ്ട് പറ്റുമെങ്കില്‍ രാജ്‌മോഹന്‍ ഉണ്ണിത്താനെ വിളിച്ച് കാണിക്കുന്നതായിരിക്കും നല്ലത്. അദ്ദേഹത്തിന് ഈ കൂടോത്രത്തിലൊക്കെ വലിയ വിശ്വാസമുള്ളയാളാണ്.
https://www.facebook.com/Malayalivartha