ആര്‍എസ്എസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയ എഡിജിപി എംആര്‍ അജിത്കുമാര്‍ മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും ഏജന്റാണ്; എഡിജിപിയെ കാത്തിരിക്കുന്നത് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ഗതിയാണെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി
ആര്‍എസ്എസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയ എഡിജിപി എംആര്‍ അജിത്കുമാര്‍ മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും ഏജന്റാണെന്നും അദ്ദേഹത്തെ കാത്തിരിക്കുന്നത് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ഗതിയാണെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.എല്‍ഡിഎഫ് സര്‍ക്കാര്‍ ആര്‍എസ്എസിന് കീഴ്‌പ്പെട്ടിരിക്കുകാണ്. മുഖ്യമന്ത്രിയുടെയും സിപിഎം കേരള ഘടകത്തിന്റെയും പരസ്യമായ ആര്‍എസ്എസ് ബാന്ധവത്തെ തിരുത്താനും ശക്തമായ നിലപാട് സ്വീകരിക്കാനുമുള്ള ആര്‍ജ്ജവം സിപിഎം നേതൃത്വം കാട്ടണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
ആര്‍എസ്എസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയെന്ന് എഡിജിപി എംആര്‍ അജിത്കുമാര്‍ സമ്മതിച്ചെന്നാണ് അറിയാന്‍ കഴിഞ്ഞത്. സ്‌പെഷ്യല്‍ ബ്രാഞ്ച് ഈ കൂടിക്കാഴ്ച നടന്ന തൊട്ടടുത്ത ദിവസം തന്നെ ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നിട്ടും നാളിതുവരെ എഡിജിപി എം.ആര്‍.അജിത് കുമാറിനെതിരെ മുഖ്യമന്ത്രി നടപടിയെടുത്തില്ല. മുഖ്യമന്ത്രിക്ക് വേണ്ടിയുള്ള പ്രത്യേക ദൗത്യമായതിനാലാണ് എഡിജിപിക്കെതിരെ നടപടിയെടുക്കാതിരുന്നത്.തലസ്ഥാനത്ത് വെച്ച് ആര്‍എസ്എസ് നേതാവ് റാം മാധവിനേയും എഡിജിപി കണ്ടിരുന്നു.
മുഖ്യമന്ത്രിക്കെതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നിര്‍ജ്ജീവമാക്കാനുള്ള ഡീല്‍ ആര്‍എസ്എസ് നേതൃത്വവുമായി നടത്തുകയായിരുന്നു എഡിജിപിയുടെ രാഷ്ട്രീയ ദൗത്യം. അതിനാലാണ് എഡിജിപിക്ക് ക്രമസമാധാന ചുമതലയും ആഭ്യന്തരവകുപ്പില്‍ സര്‍വ്വസ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അമിത അധികാരവും മുഖ്യമന്ത്രി നല്‍കിയത്. ഈ നടപടി കേരളത്തിന്റെ ക്രമസമാധാന പരിപാലനത്തിന് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നതാണ്. ഇത് തിരിച്ചറിഞ്ഞാണ് സിപിഐ ദേശീയ സെക്രട്ടറി ആനി രാജ കേരള പോലീസില്‍ ആര്‍എസ്എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആരോപിച്ചത്. ഇത് സ്ഥിരീകരിക്കുന്നതാണ് എഡിജിപിയും ആര്‍എസ്എസ് നേതൃത്വവുമായുള്ള കൂടിക്കാഴ്ചയെന്നും സുധാകരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha