ഇന്ത്യൻ ജനാധിപത്യത്തിനും മതനിരപേക്ഷ രാഷ്ട്രീയത്തിനും പൊതുവിലും തൊഴിലാളിവർഗ്ഗ വിപ്ലവപ്രസ്ഥാനത്തിന് പ്രതേ്യകിച്ചും നികത്താനാവാത്ത നഷ്ടം; സീതാറാം യെച്ചൂരിയെ സ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ഇന്ത്യൻ ജനാധിപത്യത്തിനും മതനിരപേക്ഷ രാഷ്ട്രീയത്തിനും പൊതുവിലും തൊഴിലാളിവർഗ്ഗ വിപ്ലവപ്രസ്ഥാനത്തിന് പ്രതേ്യകിച്ചും നികത്താനാവാത്ത നഷ്ടമാണ് സഖാവ് സീതാറാം യെച്ചൂരിയുടെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. സീതാറാം യെച്ചൂരിയെ സ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അങ്ങേയറ്റത്തെ ദുഃഖത്തോടെയും ഹൃദയവേദനയോടെയുമാണ് സഖാവ് സീതാറാം വിട പറഞ്ഞു എന്ന വിവരം അറിഞ്ഞത്. സീതാറാമുമായി ഒരുമിച്ച് കേന്ദ്ര കമ്മിറ്റിയിലും പി ബിയിലും ഒക്കെ പ്രവർത്തിച്ചതിന്റെ നിരവധിയായ സന്ദർഭങ്ങൾ തുടർച്ചയായി മനസ്സിലേക്കെത്തുന്ന ഘട്ടമാണിത്.
സമാനതകളില്ലാത്ത മാർക്‌സിസ്റ്റ് സൈദ്ധാന്തികനും ബുദ്ധിജീവിയുമായിരുന്നു സീതാറാം യെച്ചൂരി. സീതാറാമിന്റെ അസാധാരണമായ നേതൃത്വശേഷിയും സംഘടനാപാടവും പ്രത്യയശാസ്ത്ര വ്യക്തതയും കേരളത്തിലെ പാർട്ടിക്ക് എന്നും മാർഗ്ഗനിർദ്ദേശകമായിരുന്നിട്ടുണ്ട്. വൈഷമ്യങ്ങളിൽ നിന്ന് പാർട്ടിയെ വീണ്ടെടുക്കാനും സൈദ്ധാന്തികവും സംഘടനാപരവുമായ ഗരിമയിലൂടെ പ്രസ്ഥാനത്തെ മുമ്പോട്ടു നയിക്കാനും സഖാവിന്റെ ഇടപെടലുകൾ എക്കാലത്തും കേരളത്തിലെ പാർട്ടിക്ക് പ്രയോജനകരമായിട്ടുണ്ട്.
സി പി ഐ (എം)ന്റെ രാഷ്ട്രീയ - അടവ് - തന്ത്ര സമീപനങ്ങൾ മാറുന്ന ദേശീയ - സാർവ്വദേശീയ സാഹചര്യങ്ങൾക്കനുസൃതമായി രൂപപ്പെടുത്തുന്നതിൽ സവിശേഷമായ മികവോടെയുള്ള പങ്കാണ് സീതാറാം എന്നും വഹിച്ചിരുന്നത്. പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തിരുന്നുകൊണ്ട് ബുദ്ധിമുട്ടേറിയ രാഷ്ട്രീയ ഘട്ടങ്ങളിൽ സീതാറാം യെച്ചൂരി പാർട്ടിയെ നയിച്ചത് മാതൃകാപരമായ രീതിയിലാണ്. ആധുനിക മുതലാളിത്തത്തിന്റെയും നവലിബറലിസത്തിന്റെയും കാലത്ത് കൃത്യമായ സൈദ്ധാന്തിക വ്യക്തതയോടെ ശരിയായ നയം രൂപീകരിക്കുന്നതിലും സുദൃഢമായ അച്ചടക്കത്തിന്റെ ചട്ടക്കൂടിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിലും പുതിയ ജനവിഭാഗങ്ങളിലേക്ക് പാർട്ടിയുടെ സ്വീകാര്യതയെ വ്യാപിപ്പിക്കുന്നതിലും സീതാറാം വഹിച്ച നേതൃത്വപരമായ പങ്ക് പാർട്ടിക്ക് ഒരിക്കലും മറക്കാവുന്നതല്ല.
അടിയന്തരാവസ്ഥയുടെ അമിതാധികാര സ്വേച്ഛാധിപത്യ കാലത്താണ് അതിനെ അതിശക്തമായി എതിർത്തുകൊണ്ട് സീതാറാം വിദ്യാർത്ഥി നേതാവെന്ന നിലയിൽ ദേശീയ ശ്രദ്ധയിലേക്കുയർന്നത്. അടിയന്തരാവസ്ഥയുടെ മറവിൽ അതിനിഷ്ഠുരമായ കിരാത വാഴ്ചകൾ വ്യാപിച്ചപ്പോൾ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ഔദേ്യാഗിക വസതിയിലേക്ക് ജെ എൻ യു ചാൻസലർ സ്ഥാനത്തു നിന്നുള്ള അവരുടെ രാജി ആവശ്യപ്പെട്ടുകൊണ്ട്, അടിയന്തരാവസ്ഥയെ വെല്ലുവിളിച്ച്, വിദ്യാർത്ഥികളുടെ സമരജാഥയ്ക്ക് നേതൃത്വം നൽകിയ ആളാണ് സീതാറാം. ജെ എൻ യു സ്റ്റുഡന്റ്‌സ് യൂണിയന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് തുടർച്ചയായി 3 തവണ തെരഞ്ഞെടുക്കപ്പെട്ടതും ഇന്നേവരെ മറ്റൊരാൾക്കും അത് സാധിച്ചിട്ടില്ല എന്നതും വിദ്യാർത്ഥി സമൂഹത്തിലെ സീതാറാമിന്റെ അസാധാരണമായ സ്വീകാര്യതയ്ക്കുള്ള ദൃഷ്ടാന്തമാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു .
https://www.facebook.com/Malayalivartha























