മതേതരചേരിയുടെ ശക്തമായ സാന്നിധ്യമായ യെച്ചൂരി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സൗമ്യതയുടെ മുഖം; സീതാറാം യെച്ചൂരിയെ സ്മരിച്ച് കെ.സുധാകരന്‍ എംപി
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അനുശോചിച്ചു. മതേതരചേരിയുടെ ശക്തമായ സാന്നിധ്യമായ യെച്ചൂരി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സൗമ്യതയുടെ മുഖമായിരുന്നു. കലര്‍പ്പില്ലാത്ത ആശയവ്യക്തയോടെ ജാധിപത്യ,മതേതര മൂല്യങ്ങള്‍ക്കായി നിലകൊണ്ട പൊതുപ്രവര്‍ത്തകന്‍. പ്രത്യയശാസ്ത്ര ബോധത്തില്‍ ഉറച്ച് നിന്ന് കൊണ്ട് വര്‍ഗീയ ഫാസിസത്തിനെതിരെ സന്ധിയില്ലാത്ത പോരാട്ടമായിരുന്നു യെച്ചൂരിയെന്ന നേതാവിന്റെ രാഷ്ട്രീയ ജീവിതം. ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി നല്ല സൗഹൃദം കാത്തുസൂക്ഷിച്ച യെച്ചൂരി ഇന്ത്യാ മുന്നണിയുടെ രൂപീകരണത്തിലും നിര്‍ണ്ണായക പങ്കുവഹിച്ചു. ജനപക്ഷത്ത് നിന്ന് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത നല്ലൊരു പാര്‍ലമെന്റെറിയനെയാണ് രാജ്യത്തിന് നഷ്ടമായതെന്നും കെ.സുധാകരന്‍ പറഞ്ഞു.
അതേസമയം ഇന്ത്യൻ ജനാധിപത്യത്തിനും മതനിരപേക്ഷ രാഷ്ട്രീയത്തിനും പൊതുവിലും തൊഴിലാളിവർഗ്ഗ വിപ്ലവപ്രസ്ഥാനത്തിന് പ്രതേ്യകിച്ചും നികത്താനാവാത്ത നഷ്ടമാണ് സഖാവ് സീതാറാം യെച്ചൂരിയുടെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. സീതാറാം യെച്ചൂരിയെ സ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അങ്ങേയറ്റത്തെ ദുഃഖത്തോടെയും ഹൃദയവേദനയോടെയുമാണ് സഖാവ് സീതാറാം വിട പറഞ്ഞു എന്ന വിവരം അറിഞ്ഞത്. സീതാറാമുമായി ഒരുമിച്ച് കേന്ദ്ര കമ്മിറ്റിയിലും പി ബിയിലും ഒക്കെ പ്രവർത്തിച്ചതിന്റെ നിരവധിയായ സന്ദർഭങ്ങൾ തുടർച്ചയായി മനസ്സിലേക്കെത്തുന്ന ഘട്ടമാണിത്.
സമാനതകളില്ലാത്ത മാർക്‌സിസ്റ്റ് സൈദ്ധാന്തികനും ബുദ്ധിജീവിയുമായിരുന്നു സീതാറാം യെച്ചൂരി. സീതാറാമിന്റെ അസാധാരണമായ നേതൃത്വശേഷിയും സംഘടനാപാടവും പ്രത്യയശാസ്ത്ര വ്യക്തതയും കേരളത്തിലെ പാർട്ടിക്ക് എന്നും മാർഗ്ഗനിർദ്ദേശകമായിരുന്നിട്ടുണ്ട്. വൈഷമ്യങ്ങളിൽ നിന്ന് പാർട്ടിയെ വീണ്ടെടുക്കാനും സൈദ്ധാന്തികവും സംഘടനാപരവുമായ ഗരിമയിലൂടെ പ്രസ്ഥാനത്തെ മുമ്പോട്ടു നയിക്കാനും സഖാവിന്റെ ഇടപെടലുകൾ എക്കാലത്തും കേരളത്തിലെ പാർട്ടിക്ക് പ്രയോജനകരമായിട്ടുണ്ട് എന്നും പിൻമാരായി വിജയൻ പറഞ്ഞു.
https://www.facebook.com/Malayalivartha