നവയുഗ കമ്മ്യൂണിസത്തിന്റെ ശക്തനായ വക്താവ്; സീതാറാം യെച്ചൂരിയെ സ്മരിച്ച് ചെറിയാൻ ഫിലിപ്പ്
നവയുഗ കമ്മ്യൂണിസത്തിന്റെ ശക്തനായ വക്താവായിരുന്നു . സീതാറാം യെച്ചൂരിയെ സ്മരിച്ച് ചെറിയാൻ ഫിലിപ്പ്. വരട്ടുതത്വ വാദങ്ങളിൽ വിശ്വസിക്കാത്ത ഇദ്ദേഹം കാലഹരണപ്പെട്ട കമ്മ്യൂണിസ്റ്റു പാർട്ടിയെ നവീകരിക്കാൻ എപ്പോഴും യത്നിച്ചിരുന്നു. കമ്യൂണിസം ലോകമാസകലം തകർച്ചയെ നേരിടുന്ന ഈ കാലഘട്ടത്തിൽ കമ്മ്യൂണിസ്റ്റു സിദ്ധാന്തങ്ങളും പ്രായോഗിക രാഷ്ട്രീയവും സമന്വയിപ്പിക്കാനാണ് ശ്രമിച്ചത്.
മുഖ്യ ശത്രുവിനെ നേരിടുവാൻ മറ്റുള്ളവരോടൊപ്പം പരമാവധി സഹകരിക്കുകയെന്ന മുന്നണി രാഷ്ട്രീയത്തിന്റെ തത്വമാണ് അദ്ദേഹം സി.പി.എം.നേതാവെന്ന നിലയിൽ ഉയർത്തിപ്പിടിച്ചത്. അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലും ഇതര കക്ഷികളും നേതാക്കളുമായി ഉറ്റ സൗഹൃദം കാത്തുസൂക്ഷിക്കുവാൻ സീതാറാമിന് കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ മരണം കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തോടൊപ്പം ഇന്ത്യാ മുന്നണിക്കും ഒരു വലിയ നഷ്ടമാണ്.
1979 ൽ യച്ചൂരിയെ ഞാൻ പരിചയപ്പെടുന്നത് എം.എ.ബേബി മുഖേനയാണ്. ബേബി അന്ന് എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡണ്ടും യച്ചൂരി ജോയിന്റ് സെക്രട്ടറിയുമായിരുന്നു. ഞാൻ കെ എസ് യു പ്രസിഡണ്ടും. ഞാനും എ.കെ ബാലനും കൺവീനറായിരുന്ന സംയുക്ത വിദ്യാർത്ഥി സമിതിയുടെ ഒരു യോഗത്തിൽ യച്ചൂരി പ്രാസംഗികനായിരുന്നു.
എൺപതുകളിൽ എം.എൽ.എ ഹോസ്റ്റലിലെ കാന്റീനിൽ വെച്ചാണ് യച്ചൂരിയെ പിന്നീട് കണ്ടിരുന്നത്. 1985-ൽ മോസ്കോയിലെ ലോകയുവജനോത്സവത്തിൽ പങ്കെടുക്കാൻ ഞാനും യൂത്ത് കോൺഗ്രസ് നേതാക്കളും പോയപ്പോൾ ദില്ലിയിൽ നിന്നുള്ള ഏറോഫ്ലോട്ട് വിമാനത്തിൽ യച്ചൂരിയും ഉണ്ടായിരുന്നു. മോസ്ക്കോയിൽ ഒരേ ഹോട്ടലിൽ താമസിച്ചിരുന്നതു കൊണ്ട് കൂടുതൽ ഇടപഴകാൻ കഴിഞ്ഞു
2001 ൽ ഞാൻ ഇടതുപക്ഷ സഹയാത്രികനായ ശേഷം എ.കെ.ജി സെന്ററിലെ ഭക്ഷണമേശയിൽ വെച്ചാണ് പലപ്പോഴും കണ്ടിരുന്നത്. പല സെമിനാറുകളിലും ഒരുമിച്ചു പോകാനും പ്രസംഗ വേദികൾ പങ്കിടാനും കഴിഞ്ഞിരുന്നു. എപ്പോഴും ചെറു പുഞ്ചിരിയോടെ സംസാരിക്കുന്ന യച്ചൂരി പ്രസാദാത്മകമായ ഒരു വ്യക്തിത്വമായിരുന്നു. അഖിലേന്ത്യാ സെക്രട്ടറിയായ ശേഷവും എന്തു കാര്യം ചോദിച്ചാലും മറയില്ലാതെ വാചാലനാകുമായിരുന്നു.
അപ്പോഴെല്ലാം കപടതയില്ലാത്ത ഒരു നിഷ്കളങ്കനായ മനുഷ്യനായിട്ടാണ് അദ്ദേഹം എന്നോട് പെരുമാറിയിരുന്നത്. ഒരിക്കൽ സി.പി.എം ൽ അംഗത്വം സ്വീകരിച്ചു കൂടെ എന്ന് എന്നോട് ചോദിച്ചപ്പോൾ എന്നെ കൂടി നിങ്ങളുടെ ജയിലിൽ അടയ്ക്കണോയെന്ന് ഞാൻ മറുപടി പറഞ്ഞപ്പോൾ അദ്ദേഹം പൊട്ടിച്ചിരിച്ചു കൊണ്ട് എന്റെ തോളിൽ തട്ടി.സീതാറാം യച്ചൂരി എന്ന ചിരകാല സുഹൃത്തിന്റെ നിര്യാണത്തിൽ കണ്ണീർ പൂക്കൾ അർപ്പിക്കുന്നു.
https://www.facebook.com/Malayalivartha