അന്‍വറിനെ എല്‍ഡിഎഫില്‍ നിന്നു പുറത്താക്കിവാര്‍ത്ത സൃഷ്ടിച്ച് അന്‍വര്‍ ഉന്നയിച്ച പ്രശ്‌നങ്ങളെ മുക്കിക്കളയാനാണ് മുഖ്യമന്ത്രിയും സിപിഎമ്മും എല്‍ഡിഎഫും ശ്രമിക്കുന്നത്; തുറന്നടിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല

അന്‍വറിനെ എല്‍ഡിഎഫില്‍ നിന്നു പുറത്താക്കിവാര്‍ത്ത സൃഷ്ടിച്ച് അന്‍വര്‍ ഉന്നയിച്ച പ്രശ്‌നങ്ങളെ മുക്കിക്കളയാനാണ് മുഖ്യമന്ത്രിയും സിപിഎമ്മും എല്‍ഡിഎഫും ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. അന്‍വര്‍ മുന്നോട്ടു വെച്ച പ്രശ്‌നങ്ങളില്‍ ഉത്തരം പറയാതെ മുങ്ങിക്കളയാനാണ് ശ്രമം. മകളെ രക്ഷിക്കാന്‍ വേണ്ടി മുഖ്യമന്ത്രി ബിജെപിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുവെന്നും പൂരം കലക്കി തൃശൂര്‍ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയെ ജയിപ്പിക്കാന്‍ മുഖ്യമന്ത്രി ഗൂഢാലോചന നടത്തിയെന്നുമുള്ള ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ മുഖ്യമന്ത്രിക്കും സിപിഎമ്മിനും മുന്നോട്ടു പോകാനാകില്ല എന്നും എന്നും രമേശ് ചെന്നിത്തല പറഞ്ഞു .
കേരള രാഷ്ട്രീയത്തില്‍ ഇത്രയും കാലം ബിജെപിയോട് യുദ്ധം ചെയ്യുന്നുവെന്നു തോന്നിച്ച സിപിഎമ്മിന് അവരുമായി രഹസ്യബന്ധമുണ്ടായിരുന്നുവെന്നതും തൃശൂര്‍ സീറ്റില്‍ ബിജെപിയെ ജയിപ്പിക്കാന്‍ മുഖ്യമന്ത്രി നീക്കുപോക്കു നടത്തിയെന്നതുമായ വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്. ഇത് കേരള ജനതയെ വഞ്ചിക്കലാണ്. ന്യൂനപക്ഷങ്ങളെയും മതേതരത്വത്തെയും വഞ്ചിക്കലാണ് എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അന്‍വറിനെ പുറത്താക്കിയും അന്‍വറിനെതിരെ രംഗത്തുവരാന്‍ സൈബര്‍ വെട്ടുക്കിളിക്കൂട്ടങ്ങളോട് ആഹ്വാനം ചെയ്തുമൊക്കെ അണികളെ കബളിപ്പിക്കാന്‍ എം.വി ഗോവിന്ദന് ആകും. ആ കളി അടിമകളായ ഒരു പറ്റം സിപിഎം അണികളുടെ അടുത്ത് ചിലവാകും. പക്ഷേ പൂരം കലക്കല്‍ മുതല്‍ സ്വര്‍ണക്കടത്തുവരെയുള്ള ഓരോ വിഷയങ്ങളിലും സിപിഎമ്മും മുഖ്യമന്ത്രിയും കേരളത്തിലെ ജനതയോട് മറുപടി പറയണം എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അന്‍വര്‍ പറയുന്നത് പുതിയ കാര്യങ്ങളല്ല. ഞാന്‍ പ്രതിപക്ഷനേതാവായിരുന്നപ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോക കേന്ദ്രമാണെന്നും നിരവധി നിയമവിരുദ്ധ ഇടപാടുകള്‍ അവിടെ നടക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയിരുന്നു. മുഖ്യമന്ത്രിയുടെ വലം കൈ ആയിരുന്ന ഉന്നതോദ്യോഗസ്ഥന്‍ ശിവശങ്കര്‍ സ്വര്‍ണക്കടത്ത് കേസില്‍ ്അറസ്റ്റിലായിട്ടു പോലും കേരളത്തിലെ ജനങ്ങളെ കബളിപ്പിച്ച് അന്ന് രക്ഷപ്പെടാന്‍ പിണറായിക്കു കഴിഞ്ഞു. അന്നു ഞാന്‍ പറഞ്ഞ എല്ലാ ആരോപണങ്ങളും അന്ന് മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന പിവി അന്‍വര്‍ എംഎല്‍എ ഇപ്പോള്‍ ശരിവെക്കുകയാണ്. കൂടെക്കിടക്കുന്നവര്‍ക്കാണ് രാപ്പനി അറിയാവുന്നത് എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha