കാശ്മീര്‍ കൂട്ടക്കുരുതിയുടെ വേദന രാജ്യത്ത് തളംകെട്ടിനില്ക്കുകയും ചെയ്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി ആഘോഷപൂര്‍വം എകെജി സെന്ററിന്റെ ഉദ്ഘാടനം നടത്തിയത് അനൗചിത്യം; വിമർശിച്ച് മുന്‍ കെപിസിസി അധ്യക്ഷന്‍ കെ മുരളീധരന്‍

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തെ തുടര്‍ന്ന് രാജ്യത്ത് ഔദ്യോഗിക ദു:ഖാചരണം നിലനില്ക്കുകയും കാശ്മീര്‍ കൂട്ടക്കുരുതിയുടെ വേദന രാജ്യത്ത് തളംകെട്ടിനില്ക്കുകയും ചെയ്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി ആഘോഷപൂര്‍വം എകെജി സെന്ററിന്റെ ഉദ്ഘാടനം നടത്തിയത് അനൗചിത്യമാണെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ കെ മുരളീധരന്‍. മലയാളികള്‍ ഉള്‍പ്പെടെയുള്ളവരാണ് കശ്മീരില്‍ കൊല്ലപ്പെട്ടത്. ഇതിനിടയില്‍ കോടികള്‍ മുടക്കി ഉത്സവംപോലെ സര്‍ക്കാരിന്റെ വാര്‍ഷിക പരിപാടികളും നടത്താന്‍ പാടില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സ്വതന്ത്ര്യസമരസേനാനികളെ ദത്തെടുക്കാന്‍ ബിജെപി ഓടിനടക്കുന്ന കാലമാണിത്. ആര്‍എസ്എസിനെ നിരോധിച്ച സര്‍ദാര്‍ വല്ലഭായി പട്ടേലിനെയാണ് ആദ്യം ദത്തെടുക്കാന്‍ നോക്കിയത്. ഇപ്പോള്‍ ചേറ്റൂര്‍ ശങ്കരന്‍നായരുടെ പിന്നാലെയാണ്. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവിട്ട ജനറല്‍ മൈക്കിള്‍ ഡയറിനെതിരേ ഇംഗ്ലണ്ടില്‍പോയി വാദിച്ച പ്രഗത്ഭനായ അഭിഭാഷകന്‍ കൂടിയായിരുന്നു അദ്ദേഹം.
12 അംഗ ജൂറിയില്‍ 11 ബ്രിട്ടീഷുകാര്‍ ഡയറിന് അനുകൂലമായപ്പോള്‍ ലോകപ്രശസ്ത രാഷ്ട്രീയസൈദ്ധാന്തികനും സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്ന ഹരോള്‍ഡ് ലാസ്‌കി ചേറ്റൂരിനെ അനുകൂലിച്ചു. ക്ഷമ പറഞ്ഞാല്‍ ശിക്ഷയൊഴിവാക്കാമെന്നു ജൂറി പറഞ്ഞപ്പോള്‍ അതിനെ തള്ളിക്കളഞ്ഞ് 500 പൗണ്ട് പിഴയടച്ച ചരിത്രമാണ് അദ്ദേഹത്തിനുള്ളതെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി.
വൈസ് റോയിയുടെ എക്‌സികൂട്ടിവ് കൗണ്‍സില്‍ അംഗത്വം എന്ന ബ്രിട്ടീഷ് സര്‍ക്കാരിന്റെ സമുന്നതമായ ജോലി, അവര്‍ നല്കിയ സര്‍ പദവി, കമ്പാനിയിന്‍ ഓഫ് ദ ഓര്‍ഡര്‍ ഓഫ് ഇന്ത്യന്‍ എമ്പയര്‍ പദവി തുടങ്ങിയവ അദ്ദേഹം വേണ്ടുന്നുവച്ചു. എന്നാല്‍, ഗാന്ധിജിയുടെ ചില സമരമാര്‍ഗങ്ങളോട് അദ്ദേഹത്തിനു വിയോജിപ്പായിരുന്നു.
നികുതി ബഹിഷ്‌കരണത്തോടും അദ്ദേഹം യോജിച്ചില്ല. ജാലിയന്‍വാലാ ബാഗ് കൂട്ടക്കുരുതി വരെ അദ്ദേഹം ബ്രിട്ടീഷ് ഭരണകൂടത്തോട് മയമുള്ള സമീപനമാണ് സ്വീകരിച്ചിരുന്നത്. അതുകൊണ്ടാകാം എഐസിസിയും കെപിസിസിയും ചേറ്റൂരിന്റെ സ്മരണകള്‍ക്ക് വലിയ പ്രാധാന്യം നല്കാതിരുന്നത്. പാലക്കാട് ഡിസിസി വിപുലമയായി ആചരിച്ചുവരാറുണ്ടെന്നും മരുളീധരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha