2019 ൽ കുവൈത്തിൽ പൊതുമാപ്പ് ഇല്ല...... അനധികൃത താമസക്കാരെ പിടികൂടാൻ കർശനപരിശോധന നടത്തും

ഈ വർഷം അനധികൃത താമസക്കാരെ പിടികൂടാൻ കർശനപരിശോധന നടത്തുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുമാപ്പ് ഈ വർഷം ഉണ്ടാകില്ലെന്നും അറിയിച്ചിട്ടുണ്ട്.
2018 ഡിസംബർ വരെയുള്ള കണക്കുകൾ അനുസരിച്ചു രാജ്യത്ത് 1.10 ലക്ഷം നിയമലംഘകർ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് . ഇത്തരത്തിൽ അനധികൃതമായി താമസിക്കുന്നത് നിയമലംഘനമാണെന്ന കർശന നിലപാടാണ് കുവൈറ്റ് എടുത്തിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ളവർക്കെതിരെ കർശനനടപടി ഉണ്ടാകുമെന്ന് താമസ കുടിയേറ്റവിഭാഗം മോധാവി മേജർ ജനറൽ തലാൽ മാറാഫി അറിയിച്ചു.
കഴിഞ്ഞവർഷം പൊതുമാപ്പ് കാലയളവിൽ അനധികൃത താമസക്കാർക്ക് രാജ്യം വിടാൻ ധാരാളം സമയം നൽകിയിരുന്നു. ആദ്യം ഒരു മാസത്തേക്ക് പ്രഖ്യാപിച്ചിരുന്ന പൊതുമാപ്പ് കാലാവധി വീണ്ടും നീട്ടി നൽകിയിരുന്നു. എന്നാൽ, പ്രതീക്ഷിച്ച ഫലം ഉണ്ടായില്ല എന്നാണ് ആഭ്യന്തരമന്ത്രാലയം കണക്കാക്കുന്നത്.
വളരെ ഉദാരസമീപനമായിരുന്നു അധികൃതർ ഇതുവരെ സ്വീകരിച്ചിരുന്നത്. എന്നിട്ടും അത് പ്രയോജനപ്പെടുത്താതെ രാജ്യത്ത് തങ്ങിയവർക്ക് കർശനശിക്ഷ നൽകാനാണ് തീരുമാനം.
https://www.facebook.com/Malayalivartha