പ്രവാസികൾക്ക് സന്തോഷ വാർത്ത ; ഇന്ത്യൻ പാസ്പ്പോർട്ടുകളിൽ കാലോചിതമായ മാറ്റം വരുന്നു; പ്രധാനമന്ത്രി

ഇന്ത്യൻ പാസ്പോർട്ടിൽ മാറുന്ന കാലത്തിനനുസരിച്ച് മാറ്റം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിപ്പുകൾ ഘടിപ്പിച്ച ഇ പാസ്പോർട്ടുകൾ ഒരു കേന്ദ്രീകൃത സംവിധാനത്തിലൂടെ നൽകാനുള്ള ജോലികൾ ആരംഭിച്ചുവെന്ന് അദ്ദേഹം അറിയിച്ചു.വാരണാസിയില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസ് ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ലോകമെമ്പാടുമുള്ള എംബസികളും കോൺസുലേറ്റുകളും പാസ്പോർട്ട് സേവ പ്രോജക്ടുമായി പരസ്പരം ബന്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവരെയും ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനും പാസ്പോർട്ടുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും ഒരു കേന്ദ്രീകൃത വ്യവസ്ഥ കൊണ്ടുവരും. ഒരു പടികൂടി മുന്നോട്ടു പോയി ചിപ്പ് അടിസ്ഥാനമാക്കിയുള്ള ഇ പാസ്പോർട്ട് നൽകുന്ന കാര്യവും പരിഗണനയിലാണ്. ചിപ്പ് അധിഷ്ഠിതമായ ഇ-പാസ്‍പോര്‍ട്ടുകള്‍ നല്‍കി തുടങ്ങുന്നതോടെ പേഴ്സൺ ഓഫ് ഇന്ത്യൻ ഒർജിൻ (പിഐഒ), ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) എന്നിവര്‍ക്ക് പാസ്‍പോര്‍ട്ട്, വിസ, സാമൂഹിക സുരക്ഷാ സേവനങ്ങള്‍ എളുപ്പമാകും.
പേഴ്സൺ ഓഫ് ഇന്ത്യൻ ഒർജിൻ കാര്‍ഡുകളെ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാര്‍ഡുകളാക്കി മാറ്റുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ നേരത്തെ ആരംഭിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലോകത്ത് എവിടെ ജീവിച്ചാലും ഇന്ത്യക്കാർ സുരക്ഷിതവും സന്തോഷത്തോടെയും ജീവിക്കാനാണ് സർക്കാരിന്റെ ശ്രമം. രാജ്യത്തിന്റെ പ്രവര്‍ത്തനക്ഷമതയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരാണ് പ്രവാസികൾ. കഴിഞ്ഞ നാലരവർഷത്തിനുള്ളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിസന്ധി അനുഭവിച്ച രണ്ടു ലക്ഷത്തിൽ അധികം ഇന്ത്യക്കാരെ സഹായിക്കാൻ സർക്കാരിന് സാധിച്ചുവെന്നും മോദി വ്യക്തമാക്കി.
അതേസമയം പ്രവാസി ഭാരത് ദിവസ് ഉദ്‌ഘാടന വേദിയിലും കോൺഗ്രസ് വിമർശനം മോദി ആവർത്തിച്ചു. അഴിമതി, സാങ്കേതിക വിദ്യയുടെ ചുഷണം എന്നിവ തടയാൻ കഴിയാത്തവരാണ് നേരത്തെ രാജ്യം ഭരിച്ചത്. പാവപ്പെട്ടവന് മാറ്റിവയ്ക്കുന്ന ഒരു രൂപയിൽ 15 പൈസ മാത്രമേ അവരിൽ എത്തുന്നുള്ളൂ എന്ന രാജീവ് ഗാന്ധിയുടെ പ്രയോഗം കടമെടുത്തായിരുന്നു വിമർശനം. അതേസമയം ഖജനാവിലെ പണം ദുരുപയോഗം ചെയ്തു പ്രതിപക്ഷത്തെ വിമർശിക്കുന്നത് പ്രധാനമന്ത്രി അവസാനിപ്പിയ്ക്കണമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.
മൗറിഷസ് പ്രധാനമന്ത്രി പർവിന്ദ് ജുഗനാത് പരിപാടിയുടെ മുഖ്യാതിഥിയായിരുന്നു. വിദേശകാര്യ സുഷമസ്വരാജ് ചടങ്ങിന് സ്വാഗതം പറഞ്ഞു.
https://www.facebook.com/Malayalivartha