13 വർഷമായി ജയിലിൽ വധ ശിക്ഷ കാത്തു കഴിയുന്ന മലയാളിക്ക് മോചനത്തിന് വഴി തെളിയുന്നു

സൗദിയില്‍ വധശിക്ഷ കാത്തു 13 വര്‍ഷമായി തടവിൽ കഴിയുന്ന മലയാളി ജയില്‍മോചിതനാകുമെന്ന് റിപ്പോര്‍ട്ട്.കോഴിക്കോട് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിനാണ് വധശിക്ഷ ഒഴിവായി കിട്ടുന്നത്. സ്‌പോണ്‍സറുടെ കുടുംബം ദിയാധനം സ്വീകരിച്ച് മാപ്പു നല്‍കാന്‍ സന്നദ്ധത അറിയിച്ചതോടെയാണ് വധ ശിക്ഷ ഒഴിവായി കിട്ടുന്നത്.
റിയാദില്‍ റഹീമിന്റെ മോചനത്തിനു നിയമ സഹായ സമിതി രൂപീകരിച്ചിരുന്നു. കൂടാതെ , കേസില്‍ ഇന്ത്യന്‍ എംബസിയുടെ ഇടപെടലുമുണ്ട്. ദിയാധനം എത്രയാണെന്ന് കോടതി തീരുമാനിക്കും. 3 മുതല്‍ 5 ലക്ഷം റിയാല്‍ വരെയാകാനാണ് സാധ്യതയെന്ന് റഹീമിന്റെ അഭിഭാഷകന്‍ അലി അല്‍ മിസ്ഫര്‍ അല്‍ ഹാജിരി സൂചിപ്പിച്ചു. 2006 ഡിസംബര്‍ 24ന് സുവൈദിയയിലെ ട്രാഫിക് സിഗ്‌നലിനടുത്താണു കേസിനാസ്പദമായ സംഭവം നടന്നത്.
സ്വദേശിയുടെ ബുദ്ധി വൈകല്യമുള്ള മകന്‍ അനസിനോടൊപ്പം കാറില്‍ പോകുന്നതിനിടെ അയാള്‍ അക്രമാസക്തനാകുകയും കഴുത്തില്‍ ശസ്ത്രക്രിയ ചെയ്തു ഘടിപ്പിച്ചിരുന്ന ഉപകരണം റഹീമിന്റെ കൈ തട്ടി ഇളകുകയും ചെയ്തു. ഇതോടെ അനസ് ബോധരഹിതനായി.
സഹായത്തിനായി ബന്ധു മുഹമ്മദ് നസീറിനെ വിളിച്ചുവരുത്തിയെങ്കിലും കേസ് ഭയന്ന് അദ്ദേഹം തിരിച്ചുപോയി. തുടര്‍ന്ന് അനസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കേസില്‍ അബ്ദുല്‍ റഹീമിന് വധശിക്ഷ ലഭിക്കുകയായിരുന്നു. കുറ്റം മറച്ചുവച്ചതിന് പിടിയിലായ നസീര്‍ രണ്ടു വര്‍ഷത്തെ തടവു കഴിഞ്ഞ് പുറത്തിറങ്ങിയിരുന്നു.
റഹീമിന്റെ മോചനത്തിനുള്ള സാധ്യത തെളിഞ്ഞതിനാല്‍ ദിയാധനത്തിനുള്ള തുക സ്വരൂപിച്ച് എത്രയും വേഗം അബ്ദുല്‍ റഹീമിനെ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് സഹായ സമിതിയും റിയാദിലെ പ്രവാസി മലയാളികളും.
https://www.facebook.com/Malayalivartha