മലയാളികളുൾപ്പെടെയുള്ള ഏഴു പ്രവാസികൾ തീർത്ത കൂറ്റൻ ചുമർ ചിത്രം കൗതുകമുണർത്തുന്നു

ദുബായിയിൽ മലയാളികളുൾപ്പെടെയുള്ള ഏഴു പ്രവാസികൾ തീർത്ത കൂറ്റൻ ചുമർ ചിത്രം വൻ കൗതുകമുണർത്തുന്നു. ദുബായ് മുനിസിപ്പാലിറ്റിക്ക് വേണ്ടി മലയാളിയായ ജെസ്‌നോ ജാക്ക്‌സന്റെ നേതൃത്വത്തിൽ ആർട്ട് ഫോർ യു എന്ന കലാകാരന്മാരുടെ കൂട്ടായ്മയാണ് ചിത്രംവരച്ചിരിക്കുന്നത് . അഞ്ചുദിവസം കൊണ്ടാണ്ആറ് ഇന്ത്യക്കാരും ഒരു പാകിസ്താനിയും ചേർന്ന് കടൽനീലിമയെ ചുമരിലേക്ക് പകർത്തിയത്.
കടൽത്തീരത്തിന്റെ ഭംഗിയും, കടലിലെ അത്ഭുതങ്ങളും നിറഞ്ഞ ചിത്രം ജുമേറ രണ്ടിലെ ബീച്ചിലാണ് സന്ദർശകരെ ആകർഷിച്ച്ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന് 56 മീറ്റർ നീളമാണുള്ളത്.
കടലിലേക്ക് നീളുന്ന ചുമരിന്റെ ഭാഗത്ത് കടലും ആഴക്കടലിലെ അത്ഭുതങ്ങളുമാണ് പ്രധാനപ്രമേയം. കരയിലേക്ക് ചുമർ നീളുന്നിടത്ത് കടൽത്തീരവും പട്ടംപരത്തുന്ന കുട്ടികളും മീൻ പിടിക്കുന്നവരുമെല്ലാം നിറയുന്നു.
ബീച്ചിന്റെ ഭംഗി കൂട്ടുന്നതിന് പുറമേ , മാലിന്യംമൂലം സമുദ്രജീവികൾക്കുണ്ടാകുന്ന ഭീഷണിയെക്കുറിച്ചും മറ്റും ചിന്തിക്കാനും ഈ ചിത്രം സന്ദർശകരെ പ്രേരിപ്പിക്കും. ജെസ്‌നോ ജാക്സന് പുറമെ രാജീവ് നാലുകെട്ടിൽ, ബോസ് കൃഷ്ണ, എന്നിവരാണ് ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ച മലയാളികൾ. ടിന ക്ഷേത്രപാൽ, സൃഷ്ടി രാജ്, നാഷിഷ് ഖുറേഷി, മേഘ മഞ്ജരേക്കർ എന്നിവരും സംഘത്തിലുൾപ്പെട്ടിട്ടുണ്ട് .
https://www.facebook.com/Malayalivartha