അമ്മയ്ക്ക് താങ്ങാവാൻ സിവിൽ എൻജിനീയറിങ് ബിരുദധാരിയായ സൗമ്യ തിരഞ്ഞെടുത്തത് സൗദിയിലെ വീട്ടുജോലി; അനധികൃതമായി സൗദിയിലെത്തിയെങ്കിലും വീട്ടുടമസ്ഥരുടെ തുടർച്ചയായ പീഡനങ്ങൾ സഹിക്കവയ്യാതെ വീട് വിട്ടിറങ്ങി; ഭാവി സുരക്ഷിതമാക്കൻ തുനിഞ്ഞിറങ്ങിയ സൗമി ഇപ്പോൾ ദമ്മാമിലെ അഭയ കേന്ദ്രത്തിൽ

സൗദിയിൽ വീട്ടുജോലിയ്‌ക്കെത്തി ഒടുവിൽ ഗാർഹിക പീഡനത്തെത്തുടർന്ന് വീട് വിട്ടിറങ്ങിയ മലയാളി യുവതിയെ സാമൂഹിക പ്രവർത്തകർ കണ്ടെത്തി. ഇടുക്കി വണ്ടിപ്പെരിയാർ വള്ളക്കടവ് സ്വദേശി സൗമ്യ ദമ്മാമിലെ വനിത അഭയ കേന്ദ്രത്തിലാണിപ്പോഴുള്ളത്. 26 കാരിയായ സൗമ്യ സിവിൽ എൻജിനീയറിങ് ബിരുദധാരിയാണ്.
അനധികൃതമായി സൗദിയിലെത്തി ഒടുവിൽ ഗാർഹികപീഡനത്തെ തുടർന്നായിരുന്നു ജോലിക്ക് നിന്ന വീട്ടിൽ നിന്ന് സൗമ്യ ഇറങ്ങിപ്പോയത്. തുടർന്ന് നാട്ടിലുള്ള അമ്മയുടെ അഭ്യർഥനയെ തുടർന്ന് എംബസിയുടെ നിർദേശപ്രകാരം സാമൂഹ്യപ്രവർത്തകർ സൗമ്യയെ തെരഞ്ഞ് കണ്ടുപിടിക്കുകയായിരുന്നു. സാമൂഹിക പ്രവർത്തക മഞ്ജു മണിക്കുട്ടനാണ് സൗമ്യ ദമ്മാമിലെ അഭയ കേന്ദ്രത്തിൽ ഉള്ള വിവരം മാധ്യമങ്ങളെ അറിയിച്ചത്.
സിവിൽ എൻജിനീയറിംഗ് ബിരുദ ധാരിയായ സൗമ്യ ഒന്നര വർഷം മുമ്പാണ് വീട്ടുവേലക്കായി സൗദിയിൽ എത്തുന്നത്. 35 വയസ്സിന് താഴെയുള്ളവർക്ക് സൗദിയിൽ വീട്ടുവേലക്കായി എത്താൻ നിയമ തടസ്സമുണ്ടായിട്ടും മനുഷ്യക്കടത്ത് സംഘമാണ് സൗദിയിലെത്തിച്ചത്. അച്ഛൻ ഉപേക്ഷിച്ചുപോയ സൗമ്യ അമ്മയോടും രണ്ട് അനുജന്മാരോടും ഒപ്പമാണ് താമസം. സഹോദരങ്ങളെ പഠിപ്പിച്ച് നല്ല നിലയിൽ എത്തിക്കുകയും ജീവിതത്തിൽ സ്വയം പര്യാപ്തത കൈവരിക്കണമെന്നുമുള്ള ആഗ്രഹത്തിന്റെ പുറത്താണ് സൗമ്യ വീട്ടുവേല തെരഞ്ഞെടുത്തത്. 1500 റിയാൽ ശമ്പളം കിട്ടുമെന്നറിഞ്ഞപ്പോൾ നാട്ടിൽ തുച്ചവരുമാനം ലഭിച്ച കൺസ്ട്രക്ഷൻ കമ്പനി ജോലി ഉപേക്ഷിക്കുകയായിരുന്നു എന്നാണ് സൗമ്യ പറയുന്നത്.
സൗദിയിൽ വേരുകളുള്ള റിക്രൂട്ട്മെന്റ് കമ്പനി വഴിയാണ് ഇതിനുള്ള വഴികൾ തുറന്നത്. ഓഫീസ് ജോലിക്കാണ് താൻ ഗൾഫിൽ പോകുന്നതെന്നാണ് സൗമ്യ അമ്മയെ വിശ്വസിപ്പിച്ചിരുന്നത്. നാട്ടിൽ വീട്ടുവേല ചെയ്താണ് അമ്മ മക്കളെ പോറ്റിയത്. കഷ്ടപ്പാടുകൾ കണ്ടുവളർന്ന സൗമ്യക്ക് അമ്മക്ക് താങ്ങാവണമെന്ന ആഗ്രഹം ഉണ്ടായി.
റിയാദിലെ വീട്ടിൽ ഒരു വർഷത്തോളം ജോലി ചെയ്ത സൗമ്യ അവിടുത്തെ പീഡനങ്ങൾ സഹിക്ക വയ്യാതെ ഏജൻസി സഹായത്തോടെ ദമ്മാമിലെ ഒരു വീട്ടിലെത്തി. സ്പോൺസർ നല്ല മനുഷ്യനാണന്നും ശമ്പളം കൃത്യമായി തരുമായിരുന്നുവെന്നും സൗമ്യ പറയുന്നു. എന്നാൽ വീട്ടിലെ സ്ത്രീകളിൽ നിന്നാണ് തനിക്ക് പീഡനങ്ങൾ ഏൽക്കേണ്ടി വന്നതെന്ന് ഇവർ ആരോപിക്കുന്നു. അവസാനം അമ്മയോടും തന്റെ ജോലി വിവരങ്ങളും പീഡന വിവരങ്ങളും സൗമ്യ പങ്കുവെച്ചിരുന്നു. സ്പോൺസറുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ ഒരാളെ കുറിച്ച് സംസാരിക്കാൻ താൽപര്യമില്ലെന്നാണ് അറിയിച്ചതെന്ന് ഈ വിഷയത്തിൽ ഇടപെട്ട മഞ്ജു മണിക്കുട്ടനും ഷാജി വയനാടും പറഞ്ഞു. എങ്കിലും സൗമ്യയുടെ അവസ്ഥകൾ ബോധ്യപ്പെടുത്താൻ സാധിച്ചാൽ വലിയ തടസ്സമില്ലാതെ എക്സിറ്റ് ലഭിച്ചേക്കും എന്ന പ്രതീക്ഷയിലാണ് സാമൂഹ്യ പ്രവർത്തകർ. അഭയ കേന്ദ്രത്തിലാണെങ്കിലും സൗമ്യയെ കണ്ടെത്തിയ വാർത്ത നാട്ടിലുള്ള കുടുംബങ്ങൾക്കും ആശ്വാസമായിട്ടുണ്ട്.
https://www.facebook.com/Malayalivartha