പ്രവാസികൾക്ക് ആശ്വാസമായി ആ വാർത്ത; വിലക്കുകൾ നീങ്ങി ; എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ പറക്കും
ദുബായിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ സെപ്റ്റംബർ 19 മുതൽ സാധാരണ നിലയിൽതന്നെ നടത്തുമെന്ന് എയർഇന്ത്യ എക്സ്പ്രസ് അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ടോടെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് നേരത്തെ 15 ദിവസത്തെ വിലക്കേർപ്പെടുത്തിയിരുന്നു. രണ്ട് യാത്രക്കാർ രണ്ട് വ്യത്യസ്ത വിമാനങ്ങളിൽ കോവിഡ് പരിശോധനാഫലം പോസിറ്റീവായിട്ടും ദുബായിലേക്ക് സഞ്ചരിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്. സെപ്തംബർ 18 മുതൽ 15 ദിവസത്തേക്കാണ് വിലക്കേർപ്പെടുത്തിയത്.
യുഎഇയിലേക്ക് വരുന്നവർ യാത്രചെയ്യുന്നതിന് 96 മണിക്കൂറിനകം നടത്തിയ കോവിഡ് പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണമെന്ന് ആ രാജ്യത്തെ സർക്കാർ ഈവർഷം ആദ്യം തന്നെ നിർദ്ദേശിച്ചിരുന്നു. ഏതെങ്കിലും യാത്രക്കാരന് യുഎഇയിൽ എത്തിയശേഷം കോവിഡ് സ്ഥിരീകരിച്ചാൽ അവർക്ക് നൽകേണ്ടിവരുന്ന ചികിത്സയുടെയും ക്വാറന്റീൻ സൗകര്യത്തിന്റെയും ചിലവ് വഹിക്കേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടി ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി നേരത്തെ എയർഇന്ത്യ എക്സ്പ്രസിന് കത്ത് നൽകുകയും ചെയ്തിരുന്നു. ഇനി വിലക്കുകൾ മാറി സാധാരണ നിലയിൽ സർവിസുകൾ തുടരാനാണ് സാധ്യത.
https://www.facebook.com/Malayalivartha