സൗദിയിൽ എത്തി ആറുമാസമായിട്ടും ഇഖാമ എടുത്തു നൽകിയില്ല...പ്രവാസിയുടെ കൈവശം സൂക്ഷിച്ചിരുന്ന പാസ്‌പോർട്ടും ഇതിനകം സ്പോൺസർ കൈക്കലാക്കി..ജോലി ചയ്യുന്നു എങ്കിലും ഇതുവരേക്കും ശമ്പളവും ഇല്ല... ഇത്തരമൊരു സാഹചര്യത്തിൽ എന്താണു ചെയ്യേണ്ടത്, എവിടെ പോയാണ് പരാതി പറയേണ്ടത് അറിയാം

ഒരു തൊഴിലാളി സൗദിയിലെത്തിയാൽ മൂന്നു മാസത്തിനകം സ്‌പോൺസർ ഇഖാമ എടുത്തു നൽകണമെന്നാണ് മനുഷ്യ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയ നിയമ പ്രകാരം ഉള്ള വ്യവസ്ഥ. മൂന്നു മാസക്കാലം പരിശീലന കാലയളവാണ്. ഇതിനിടെ സ്‌പോൺസർക്കു വേണ്ടെങ്കിൽ തൊഴിലാളിയെ മടക്കി അയക്കാം. അതുപോലെ തൊഴിലാളിക്ക് ജോലി സാഹചര്യം മുൻപ് പറഞ്ഞത് പോലെ അല്ലെങ്കിൽ , അഥവാ ജോലിയിൽ തുടരാൻ താൽപര്യമില്ലെങ്കിൽ മടങ്ങിപ്പോകുന്നതിനും അവകാശമുണ്ട്. പരിശീലന കാലയളവായ മൂന്നു മാസത്തിനു ശേഷമാണ് ഇഖാമ എടുക്കുന്നതെങ്കിൽ സ്‌പോൺസർക്ക് കാലതാമസം വരുത്തിയതിന്റെ പേരിൽ 500 റിയാൽ പിഴ നൽകേണ്ടിവരും.
ഇഖാമ നൽകുന്നതിനു മുൻപായി തൊഴിലാളിയും സ്‌പോൺസറുമായുള്ള കരാർ ഒപ്പിടുകയും അതു അബ്ശിറിലെ ഖുവ പ്ലാറ്റ്‌ഫോം വഴി രജിസ്റ്റർ ചെയ്യുകയും വേണം. ഇതിന്റെ കോപ്പി സ്‌പോൺസർ തൊഴിലാളിക്കു നൽകുകയും വേണമെന്നാണ് ലേബർ നിയമം അനുശാസിക്കുന്നത്.സ്പോൺസർ കരാർ ഒപ്പിടാൻ സമ്മതിക്കാതിരിക്കുകയോ ഇഖാമ നല്കാതിരിക്കുകയോ ചെയ്‌താൽ സ്‌പോൺസർക്കെതിരായി മനുഷ്യ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിൽ പരാതി നൽകാം. മന്ത്രാലയത്തിലെ ഡിസ്പ്യൂട്ട് സെറ്റിൽമെന്റ് അതോറിറ്റിയെ ആണ് ഇതിനായി സമീപിക്കേണ്ടത്. ഈ വിഭാഗമാണ് തൊഴിലാളിയും സ്‌പോൺസറും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നത്.
മന്ത്രാലയത്തിൽ പരാതി നൽകുന്നതിന് ഇന്ത്യൻ എംബസിയെയോ കോൺസുലേറ്റിനെയോ സമീപിക്കാം. നയതന്താലയത്തിലെ സാമൂഹ്യക്ഷേമ വിഭാഗമാണ് തൊഴിലാളികളുടെ പരാതികൾ സ്വീകരിക്കുന്നത്. അവരുടെ സഹായത്തോടെ മതിയായ രേഖകളുമായി മന്ത്രാലയത്തിൽ പരാതി നൽകിയാൽ പ്രശ്‌നത്തിന് പരിഹാരം തേടാൻ കഴിയും.
പുതിയ പേയ്‍മെന്റ് സിസ്റ്റം അനുസരിച്ച്, തൊഴിലുടമകൾക്ക് തങ്ങൾക്ക് കീഴിലുള്ള ജീവനക്കാരുടെ ഇഖാമ ഫീസ് മൂന്നു മാസത്തിലോ ആറു മാസത്തിലോ അടയ്ക്കാൻ സാധിക്കും. മാനവശേഷി - സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലുള്ള അബ്‍ശിർ ബിസിനസ്, മുഖീം, ഖിവ എന്നീ ഓൺലൈൻ സംവിധാനങ്ങളിലൂടെ നിശ്ചിത കാലാവധിക്ക് മാത്രം ഇഖാമ ഇഷ്യൂ ചെയ്യുന്നതിനും പുതുക്കുന്നതിനുമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സഹായിക്കും. ഗവൺമെന്റ് പേയ്‍മെന്റ് സംവിധാനം പരിഷ്‌കരിച്ചതിനാൽ ചുരുങ്ങിയത് മൂന്ന് മാസത്തേക്കോ, അല്ലെങ്കിൽ അതിന്റെ ഗുണിതങ്ങളായ ആറ്, ഒമ്പത്, 12 മാസങ്ങളിലേക്കോ തൊഴിലുടമ വർക്ക് പെർമിറ്റിന് ഫീസ് അടയ്‍ക്കുന്നത് ബാങ്കുകൾ സ്വീകരിക്കും.
അതുപോലെ എന്തെങ്കിലും കാരണത്താൽ ഇഖാമ സസ്‌പെന്റ് ചെയ്യപ്പെട്ടാലും കുടുംബത്തിന്റെ വിസിറ്റിംഗ് വിസ പുതുക്കുന്നതിനും തടസ്സമില്ല. മൾട്ടിപ്പിൾ എൻട്രി വിസയിലാണ് കുടുംബം എത്തിയിട്ടുള്ളതെങ്കിൽ അബ്ശിർ വഴി വിസിറ്റിംഗ് വിസ പുതുക്കാൻ കഴിയും. അതിന് ആദ്യം ഇൻഷുറൻസ് എടുക്കുകയാണ് വേണ്ടത്. അതിനു ശേഷം പുതുക്കുന്നതിനാവശ്യമായ ഫീസ് അടച്ച് അബ്ശിർ വഴി വിസിറ്റിംഗ് വിസ പുതുക്കാം. വിസിറ്റിംഗ് വിസ എടുക്കും നേരം സ്‌പോൺസർ ചെയ്യുന്ന ആളുടെ ഇഖാമക്ക് സാധുത ഉണ്ടായിരിക്കൽ നിർബന്ധമാണ്.
റസിഡന്റ് പെർമിറ്റ് അല്ലെങ്കിൽ ഇഖാമ ഉള്ള വിദേശിക്ക് ഫൈനൽ എക്‌സിറ്റ് ലഭിക്കുന്നതിന് അദ്ദേഹത്തിന്റെ പേരിലുള്ള എല്ലാ പിഴകളും അടഛത്തിനു ശേഷം മാത്രമേ രാജ്യം വിട്ടുപോകുന്നതിന് അനുമതി ലഭിക്കൂ.
https://www.facebook.com/Malayalivartha