ഒപെക് തീരുമാനം ജനുവരി ഒന്നുമുതല്‍
ഒപെക് രാജ്യങ്ങളും ഒപെക് ഇതര രാജ്യങ്ങളും എണ്ണ ഉല്‍പ്പാദനം കുറക്കാനുളള തീരുമാനം എടുത്തത് ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. അസംസ്കൃതഎണ്ണ വിപണിയില്‍ ബ്രന്റ് ക്രൂഡ് ഓയില്‍ വില ഇന്നലെ 12 സെന്റ് ഉയര്‍ന്ന് ബാരലിന് 56.21 ഡോളറായി. ആഭ്യന്തര ഉല്‍പ്പാദനം കുറക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ വില കൂടിയത് ഏറ്റവും കൂടുതല്‍ എണ്ണ ഉല്‍പ്പാദനം നടത്തുന്ന ഒപെക് രാജ്യങ്ങളെ ആഹ്ളാദത്തിലാക്കിയിട്ടുണ്ട്. വില ഇനിയും വരും ദിവസങ്ങളില്‍ കൂടുമെന്ന പ്രതീക്ഷയിലാണ് ഒപെക് കൂട്ടായ്മ കരുതുന്നത്. പ്രതിദിന ഉല്‍പ്പാദനത്തില്‍ 12 ദശലക്ഷം ബാരല്‍ കുറവ് വരുത്തി എണ്ണ വിലയിടിവ് തടയാനാണ് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഒപെക് രാജ്യങ്ങള്‍ ശ്രമിച്ചത്. എന്നാല്‍ ചില ഭിന്നതകള്‍ കാരണം ഈ തീരുമാനം നീണ്ടുപോയി. ഉല്‍പ്പാദനം കുറയ്ക്കുന്നതില്‍ ഇറാന് ബുദ്ധിമുട്ട് അറിയിച്ചതാണ് ഈ തീരുമാനം നീണ്ടുപോകാന്‍ കാരണമായത്. ഇറാന്, ലിബിയ,നൈജീരിയ എന്നീ രാജ്യങ്ങള്‍ക്ക് പൊതുതീരുമാനത്തില്‍ നിന്നും ഇളവ് അനുവദിച്ചുകൊണ്ട് ഒപെക് രാജ്യങ്ങള്‍ എണ്ണ ഉല്‍പ്പാദനം കുറക്കാന്‍ തീരുമാനിച്ചു. പ്രതിദിനം 5.58 ലക്ഷം ബാരലിന്റെ കുറവ് വരുത്താന്‍ ഡിസംബര്‍ ആദ്യം റഷ്യയില്‍ നടന്ന ചര്‍ച്ചയില്‍ ഒപെക് ഇതര രാജ്യങ്ങള്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് എണ്ണ വില ബാരലിന് 50 ഡോളര്‍ കവിഞ്ഞു. എന്നാല്‍ രണ്ടുവര്‍ഷത്തിന് മുമ്പ് എണ്ണവില താഴേക്ക് കൂപ്പുകുത്തിയതോടെ പ്രതിസന്ധിയിലായത് എണ്ണ വരുമാനത്തെ മാത്രം ആശ്രയിക്കുന്ന ഗള്‍ഫ് രാജ്യങ്ങളായിരുന്നു. ഇത് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളെയും പ്രതികൂലമായി ബാധിച്ചു. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സ്വദേശിവല്‍ക്കരണവും ചെലവുകള്‍ വെട്ടിക്കുറക്കലും ജി.സി.സി രാജ്യങ്ങളില്‍ തുടരുകയാണ്. ആഗോള വിപണിയില്‍ എണ്ണവില കുറയുമ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ കുറവ് ഉണ്ടാകുന്നില്ല എന്നതാണ് മറ്റൊരു യാഥാര്‍ഥ്യം.
https://www.facebook.com/Malayalivartha