ഇനി വിദേശികൾക്ക് വീസ തനിയെ പുതുക്കാം. കുവൈറ്റിൽ പുതിയ സംവിധാനം.

കുവൈത്ത് സിറ്റി ● വിദേശികളുടെ വീസ തനിയെ പുതുക്കുന്നതിനുള്ള സംവിധാനം ആവിഷ്കരിക്കുമെന്ന് താമസാനുമതികാര്യ വിഭാഗം ഡയറക്ടർ ജനറൽ മേജർ ജനറൽ തലാൽ അൽ മറാഫി അറിയിച്ചു. കമ്പനികളിൽ ജോലി ചെയ്യുന്നവരുടെയും കുടുംബാംഗങ്ങളുടെയും വീസ പുതുക്കുന്നതിന് ഓട്ടമാറ്റിക് റിന്യുവൽ സംവിധാനം വരുന്നതോടെ ചെലവ് ചുരുക്കാനാവും.വിവിധ കമ്പനികളുടെ നിരന്തര അഭ്യർഥന മാനിച്ചു കൂടിയാണ് ഈ പുതിയ തീരുമാനം.
ഗവണ്മെന്റ് ഓഫിസുകളിൽ ഓഡിറ്റർമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ എണ്ണം കുറയ്ക്കാനാവും. സമയവും അധ്വാനവും കുറച്ചുമതിയെന്നതാണ് നേട്ടം. ആശ്രിത വീസയിൽ കുവൈത്തിൽ കഴിയുന്നവർക്ക് 21 വയസ്സ് പൂർത്തിയായാൽ തൊഴിൽ വീസയിലേക്ക് മാറ്റുന്നതിന് മാൻപവർ അതോറിറ്റിക്ക് അധികാരമുണ്ടാകും. അതേസമയം വിവാഹമോചിതരായ സ്ത്രീകൾക്ക് ഈ ആനുകൂല്യം ലഭിക്കില്ല. വീസ പുതുക്കാത്ത വിവാഹമോചിതർ രാജ്യം വിടേണ്ടിവരും. 21വയസ്സിനു മുകളിലുള്ളവർ ആശ്രിത വീസയിൽ തുടരണമെങ്കിൽ അവർ വിദ്യാർഥികളായിരിക്കണം. പ്രായവും അവർ പഠിക്കുന്ന കാലവും പരിഗണിച്ചാകും ആനുകൂല്യം നൽകുക. അല്ലാത്തപക്ഷം അവർ ആശ്രിത വീസയിൽനിന്ന് മാറണം
https://www.facebook.com/Malayalivartha