ഗുരുവായൂരപ്പന്‍ ക്ഷേത്രം ബ്രാംപ്ടണിലുള്ള പുതിയ കെട്ടിടത്തിൽ

ബ്രാംപ്ടണ്‍: ഇനി ഗുരുവായൂരപ്പന്‍ ക്ഷേത്രം ബ്രാംപ്ടണിലുള്ള പുതിയ കെട്ടിടത്തിൽ . ദീർഘ നാളത്തെ കാത്തിരിപ്പിന് ശേഷം വിശ്വാസികൾ പ്രാർത്ഥനയോടെ പുതിയ അമ്പലത്തിൽ. നവം. 24 നായിരുന്നു കരയന്നൂര്‍ ദിവാകരന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ഗുരുവായൂരപ്പന്റെ തിടമ്പ് (എഴുന്നള്ളിപ്പ്) വിഗ്രഹം പുതിയ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചത്. രാവിലെ ഗണപതിഹോമവും പുണ്യാഹവും ഖനനാദിയും പശുവിനെ കൊണ്ടുവരലും വൈകുന്നേരം ശ്രീകോവില്‍ ശുദ്ധീകരണവും മറ്റുമായി നിരവധി ചടങ്ങുകള്‍ ഉണ്ടായിരുന്നു. വെള്ളിയാഴ്ച, വിശേഷമായ പൂജകളും കലശങ്ങള്‍ കൊണ്ടുള്ള അഭിഷേകവും കഴിഞ്ഞു വിഗ്രഹം മുന്‍പുള്ള ഫാദര്‍ ടോബിന്‍ റോഡിലുണ്ടായിരുന്ന ചെറിയ യൂണിറ്റില്‍ നിന്നും വാദ്യങ്ങളുടെയും ഭക്തജനങ്ങളുടെയും ബോര്‍ഡ് പ്രസിഡന്റ് ഡോ. കുട്ടി, തന്ത്രി ദിവാകരന്‍ നമ്പൂതിരി, പൂജാരി മനോജ് എറയൂര്‍ നാരായണന്‍ നമ്പൂതിരി എന്നിവരുടെയും അകമ്പടിയോടെയായിരുന്നു പുതിയ ക്ഷേത്രത്തിലേക്ക് ആനയിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തുമണിയോടു കൂടി പുതിയ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനായി എഴുന്നള്ളിച്ച ഗുരുവായൂരപ്പനെ സ്വീകരിക്കാനും പ്രതിഷ്ഠ ചടങ്ങുകളില്‍ പങ്കെടുക്കാനും നൂറു കണക്കിന് ഭക്തജനങ്ങള്‍ എത്തിച്ചേർന്നു. ഭഗവാനെ പ്രതിഷ്ഠിച്ച ശേഷം കലശം കൊണ്ട് അഭിഷേകം ചെയ്തു. വൈകുന്നേരം ദീപാരാധനയ്ക്കു ശേഷം ഉത്സവ പ്രതീതിയിലുള്ള കലാപരിപാടികളും നടന്നു. ശനിയാഴ്ച രാവിലെ ഭക്തിസാന്ദ്രമായ സഹസ്രനാമാവലി, ലക്ഷാര്‍ച്ചന, നാമജപം എന്നിവയ്ക്ക് പുറമെ ശാസ്ത്രീയ സംഗീതവും കൊച്ചു കുട്ടികളുടെ ഭരതനാട്യവും ഉണ്ടായിരുന്നു. ഡോ. കുട്ടി ക്ഷേത്രത്തിന്റെ സ്ഥാപനകന്മാരില്‍ ഒരാളായ ഭാസ്‌കരനേനോനെ ആദരിച്ചു ഉപഹാരം അര്‍പ്പിച്ചു.
അന്നുതന്നെ വൈകുന്നേരം വിളക്കുപൂജയോടെയുള്ള മണ്ഡല പൂജ അയ്യപ്പന് സമര്‍പ്പിച്ചു. മണ്ഡലസ്സാലം കഴിയുന്നതുവരെയും (വീക്ക് എന്‍ഡ്) മണ്ഡല (അയ്യപ്പ) പൂജ നടത്തുന്നതായിരിക്കും. ദീപാരാധനയ്ക്കു ശേഷം നിറഞ്ഞ സദസ്സില്‍ മോഹനിയാട്ടം, ശാസ്ത്രീയ സംഗീതം, ഭരതനാട്യം എന്നീ പരിപാടികള്‍ ഉണ്ടായിരുന്നു. നവം. 26 ഞായറാഴ്ച രാവിലെ അതിപ്രധാനവും വിശിഷ്ടവും ആയ മഹാസുദര്‍ശനഹോമം നടന്നു. നൂറു കണക്കിന് കുടുംബങ്ങള്‍ ക്ഷേത്രദര്‍ശനത്തിനും വഴിപാടുകള്‍ നടത്താനും എത്തി. ഹോമത്തിനു ശേഷം നാരായണീയത്തിലേയും ഭാഗവതത്തിലെയും കുറച്ചു ദശകങ്ങള്‍ പാരായണം ചെയ്തു. ഞായറാഴ്ച തന്നെ ഉച്ചയോടു കൂടി കുച്ചിപ്പുടിയും സംഗീതവും അതിനും പുറമെപൂതനാമോക്ഷം കഥകളിയും നിറഞ്ഞ സദസ്സില്‍ അവതരിപ്പിച്ചു. അങ്ങനെ നാല് ദിവസത്തെ നിറഞ്ഞു നിന്ന വിശേഷതകളോടെ ഗുരുവായൂരപ്പിന്‍ പുതിയ ക്ഷേത്രത്തില്‍ സാന്നിധ്യം കൊള്ളുന്നു. കേരളത്തനിമയാര്‍ന്ന ശ്രീകോവിലുകളുടെ പണി നടന്നു കൊണ്ടിരിക്കുന്നു.
https://www.facebook.com/Malayalivartha