നജ്റാനിൽ മഴയെ തുടർന്ന് കനത്ത മലവെള്ളപ്പാച്ചിൽ, മൂന്ന് സഹോദരങ്ങൾ അടക്കം അഞ്ച് പേർ മുങ്ങിമരിച്ചു, മൂന്നു വയസുകാരന്റെ മൃതദേഹം കണ്ടെത്തിയത് ഒരു രാത്രി മുഴുവൻ നീണ്ട തിരച്ചിലിൽ....

സൗദി നജ്റാനിൽ കനത്ത മഴയെ തുടർന്നുള്ള മലവെള്ളപ്പാച്ചിലിൽ മൂന്ന് സഹോദരങ്ങൾ അടക്കം അഞ്ചു പേർ മുങ്ങിമരിച്ചു. വാദി നജ്റാനിൽ മലവെള്ളപ്പാച്ചിലിൽപെട്ടാണ് ഇവർ ഒലിച്ചുപോയത്. അഞ്ചുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. മൂന്നു വയസ്സുകാരനുവേണ്ടി രാത്രി മുഴുവൻ തിരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്.
നജ്റാനിലെ അൽറബ്ഹ ഗ്രാമത്തിൽ മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ വീണാണ് സഹോദരങ്ങളായ മൂന്നു ബാലന്മാർ മുങ്ങിമരിച്ചത്. തങ്ങളുടെ കൃഷിയിടത്തോടു ചേർന്ന് രൂപപ്പെട്ട നാലു മീറ്റർ താഴ്ചയുള്ള വെള്ളക്കെട്ടിലാണ് കളിക്കുന്നതിനിടെ ഇവർ അപകടത്തിൽപെട്ടത്. മൂത്ത സഹോദരനാണ് ആദ്യം അപകടത്തിൽപെട്ടത്.
സഹോദരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റു രണ്ടു കുട്ടികളും മുങ്ങിമരിക്കുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. മൂന്നു വയസ്സുകാരനെ കണ്ടെത്താൻ ശക്തമായ തിരച്ചിൽ നടത്താൻ സിവിൽ ഡിഫൻസിനും ബന്ധപ്പെട്ട വകുപ്പുകൾക്കും നജ്റാൻ ഗവർണർ ജലവി ബിൻ അബ്ദുൽ അസീസ് രാജകുമാരൻ നിർദേശം നൽകിയിരുന്നു.
സിവിൽ ഡിഫൻസിന് കീഴിലെ മുങ്ങൽ വിദഗ്ധരും സന്നദ്ധപ്രവർത്തകരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. അതുപോലെ നജ്റാന് വടക്ക് വാദി സ്വഖിയിൽ മറ്റൊരു യുവാവും മുങ്ങിമരിച്ചു. താഴ്വരയിലെ മലവെള്ളപ്പാച്ചിലിൽപെട്ട യുവാവിന്റെ മൃതദേഹം അപകടത്തിൽപെട്ട സ്ഥലത്തുനിന്ന് അഞ്ചു കിലോമീറ്റർ ദൂരെയാണ് കണ്ടെത്തിയത്.
https://www.facebook.com/Malayalivartha


























