സൗദിയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് വീണ് രണ്ട് മരണം, രണ്ട് പേർക്ക് ഗുരുതര പരിക്ക്, അപകടത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവ്

സൗദി മുനിസിപ്പാലിറ്റിക്ക് കീഴിൽ നിർമാണത്തിലിരുന്ന പടുകൂറ്റൻ കെട്ടിടം തകർന്ന് വീണ് രണ്ട് പേർ മരിച്ചു. മറ്റ് രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. തെക്കൻ പ്രവിശ്യയിലുൾപ്പെട്ട നജ്റാൻ മേഖലയിലാണ് ഈ സംഭവം. തിങ്കളാഴ്ച ഉച്ചക്കാണ് കെട്ടിടം തകർന്ന് അപകടമുണ്ടായത്. ഹബൂന ഗവർണറേറ്റ് ഭൂപരിധിയിൽ മുനിസിപ്പാലിറ്റിയുടെ നിർമാണത്തിലിരിക്കുന്ന കെട്ടിടമാണ് തകർന്ന് വീണത്.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്. കെട്ടിടം തകർന്ന വിവരം ലഭിച്ച ഉടനെ സ്ഥലത്തെത്തി അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചതായി സിവിൽ ഡിഫൻസും റെഡ് ക്രസന്റും അറിയിച്ചു. മുനിസിപ്പാലിറ്റിക്ക് കീഴിൽ നിർമാണത്തിലിരുന്ന ഈ കെട്ടിടത്തിന്റെ പണി കോൺട്രാക്ടർ പൂർത്തിയാക്കി വരികയായിരുന്നു.
തകർന്നുവീണ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിെൻറ മേൽക്കൂരയൂടെ തകരാറ് മുമ്പ് പദ്ധതി സൂപ്പർവൈസറി ടീമിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും അക്കാര്യം കരാറുകാരനെ ഔദ്യോഗികമായി അറിയിച്ചിരുന്നുവെന്നും ഹബുന മുനിസിപ്പാലിറ്റി എക്സ് അക്കൗണ്ടിൽ വെളിപ്പെടുത്തി. വിവരമറിഞ്ഞ ഉടനെ ബന്ധപ്പെട്ട വകുപ്പുകൾ സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു.
സംഭവത്തിൽ രണ്ട് പേർ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും മുനിസിപ്പാലിറ്റി അറിയിച്ചു. അപകട സ്ഥലത്ത് എത്തിയ റെഡ് ക്രസന്റ് ഒരു മൃതദേഹം കണ്ടെടുത്തതായും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ രണ്ടാമത്തെ തൊഴിലാളിയുടെ മൃതദേഹം പുറത്തെടുക്കാന്‍ തിരച്ചില്‍ തുടരുകയാണെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
അപകടത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നജ്റാന്‍ മേഖല അമീര്‍ പ്രിന്‍സ് ജിലൂവി ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ മുസൈദ് ഒരു കമ്മിറ്റി രൂപവത്കരിക്കാന്‍ ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അദ്ദേഹം അനുശോചനം അറിയിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കെട്ടയെന്നും അദ്ദേഹം പ്രാർഥിച്ചു.
https://www.facebook.com/Malayalivartha