ഇടിമിന്നലും കനത്ത കാറ്റും...! സൗദിയിൽ മരം കടപുഴകി വീണ് വർക്ക്ഷോപ്പിന് മുമ്പിൽ നിർത്തിയിട്ട വാഹനങ്ങൾ തകർന്നു

സൗദിയിൽ ശക്തമായി വീശിയടിച്ച കാറ്റത്ത് മരം കടപുഴകി വീണ് വാഹനങ്ങൾ തകർന്നു. രാജ്യത്തിന്റെ തെക്കൻ പ്രവിശ്യയിൽ ദിവസങ്ങളായി ശക്തമായ മഴ തുടരുന്നതിനിടയിലാണ് ഖമീസ് മുശൈത്തിൽ മരം വീണ് വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചത്. ഖമീസ് മുശൈത് ന്യൂ സനാഇയ്യയിൽ യുക്കാലിപ്റ്റസ് മരം കാറ്റിൽ കടപുഴകി വീണ് രണ്ട് വാഹനങ്ങളാണ് തകർന്നത്.
മെക്കാനിക്കൽ വർക്ക്ഷോപ്പിന് മുമ്പിൽ നിർത്തിയിട്ട വാഹനങ്ങളാണ് തകർന്നത്. അപകടത്തിൽ ആളപായമില്ലെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം ഇടിയും മിന്നലും കനത്ത കാറ്റുമാണ് മേഖലയിൽ അനുഭവപ്പെട്ടത്. സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും തിങ്കളാഴ്ച വരെ ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നൽകിയിരുന്നു.
മഴക്കാലത്ത് ആളുകള്‍ സുരക്ഷിതമായ സ്ഥലങ്ങളില്‍ നില്‍ക്കണം. വെള്ളം കെട്ടിനില്‍ക്കുന്ന തോടുകള്‍ കൂടുന്ന സ്ഥലങ്ങളിലേക്ക് അടുക്കുന്നത് ഒഴിവാക്കണം. അപകടമുണ്ടാക്കുന്നതിനാല്‍ അത്തരം സ്ഥലങ്ങളില്‍ നീന്തുന്നത് ഒഴിവാക്കണമെന്നും സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി. സോഷ്യല്‍ മീഡിയ അക്കൗണ്ടുവഴി സിവില്‍ ഡിഫന്‍സ് അറിയിച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha